2013ല്‍ പുറത്ത് വന്ന സൂപ്പര്‍ ഹിറ്റ് ഷാരൂഖ് ഖാന്‍ ചിത്രമാണ് ചെന്നൈ എക്‌സ്‌പ്രെസ്. രോഹിത് ഷെട്ടി സംവിധാനം ചെയ്ത ചിത്രത്തില്‍ ദീപിക പദുക്കോണായിരുന്നു നായിക. തമിഴ്‌നാട്ടുകാരിയായ നായികയും മുംബൈയില്‍ നിന്നുമുള്ള നായകനും തമ്മിലുള്ള പ്രണയ കഥയാണ് ചിത്രം പറഞ്ഞത്.
ചിത്രത്തില്‍ ദീപിക പദുക്കോണിന്റെ അച്ഛന്റെ കഥാപാത്രത്തെ നടന്‍ സത്യരാജാണ് അവതരിപ്പിച്ചത്. ചിത്രത്തില്‍ അഭിനയിക്കുന്നതിന് മുമ്പ് സംവിധായകനോട് സംസാരിച്ചതിനെ പറ്റി പറയുകയാണ് സത്യരാജ്. തന്റെ കഥാപാത്രത്തെ ചിത്രത്തില്‍ വ്യക്തിപരമായി അധിക്ഷേപിക്കാമെന്നും എന്നാല്‍ തമിഴ്‌നാടിനെ ഒന്നും പറയരുതെന്നും സംവിധായകനോട് പറഞ്ഞെന്ന് സത്യരാജ് പറഞ്ഞു. അക്കാര്യം താന്‍ എഗ്രിമെന്റില്‍ എഴുതിപ്പിച്ചെന്നും സത്യരാജ് കൂട്ടിച്ചേര്‍ത്തു. പ്രൈം ടി.വിക്ക് അദ്ദേഹം മുമ്പ് നല്‍കിയ അഭിമുഖമാണ് വീണ്ടും ശ്രദ്ധ നേടുന്നത്.
‘ചെന്നൈ എക്‌സ്‌പ്രെസ് എന്ന ചിത്രത്തില്‍ ഞാന്‍ അഭിനയിച്ചിരുന്നു. ദീപിക പദുക്കോണ്‍ അവതരിപ്പിച്ച തമിഴ് പെണ്ണിന്റെ അച്ഛനായാണ് ഞാന്‍ അഭിനയിച്ചത്. എന്റെ കഥാപാത്രത്തെ വ്യക്തിപരമായി പരിഹസിച്ചോളൂ, എന്നാല്‍ തമിഴ്‌നാടിനെ ഒന്നും പറയരുതെന്ന് ഞാന്‍ സംവിധായകനോട് പറഞ്ഞിരുന്നു. അക്കാര്യം ഞാന്‍ എഗ്രിമെന്റിലും എഴുതിച്ചു.
ഉദാഹരണത്തിന് ഷാരൂഖ് ഖാന്‍ ദീപികയോട് നിന്റെ അച്ഛനെ പോലെ ലൂസ് വേറെയില്ലെന്ന് പറയുന്നത് ഓക്കെയാണ്. അത് വ്യക്തിപരമായ അധിക്ഷേപമാണ്. എന്നാല്‍ എന്റെ നാട്ടിലുള്ളവരെല്ലാം ലൂസാണെന്ന് പറയാന്‍ പാടില്ല. അപ്പോള്‍ മുഴുവന്‍ തമിഴ്‌നാട്ടുകാരേയുമാണ് ലൂസെന്ന് പറയുന്നത്. നിന്റെ അച്ഛന്റെ ടോര്‍ച്ചര്‍ താങ്ങാന്‍ പറ്റില്ലെന്നൊക്കെ പറഞ്ഞു. എന്നാല്‍ നാടിനെ പറയാന്‍ പാടില്ല,’ സത്യരാജ് പറഞ്ഞു.
അന്നപൂരണിയാണ് ഒടുവില്‍ തിയേറ്ററിലെത്തിയ സത്യരാജിന്റെ ചിത്രം. നിലേഷ് കൃഷ്ണ സംവിധാനം ചെയ്ത ചിത്രത്തില്‍ നയന്‍താര ആയിരുന്നു നായിക. സീ സ്റ്റുഡിയോസ് ട്രൈഡന്റ് ആര്‍ട്സ്, നാഡ് സ്റ്റുഡിയോസ് എന്നീ കമ്പനികള്‍ ചേര്‍ന്നാണ് അവതരിപ്പിക്കുന്നത്. എസ്. തമനാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍മിക്കുന്നത്.
ജയ്, അച്യുത് കുമാര്‍, കെ.എസ്. രവികുമാര്‍, റെഡിന്‍ കിങ്സ്ലി, അച്യുത് കുമാര്‍, കുമാരി സച്ചു, രേണുക, കാര്‍ത്തിക് കുമാര്‍, സുരേഷ് ചക്രവര്‍ത്തി എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
Content Highlight: Sathyaraj about his character in Chennai Express