| Tuesday, 17th October 2023, 12:07 pm

ആസിഫ് അലിയുടെ ചിരി മോഹൻലാലിൻറെ ചിരിപോലെയാണ്; ആസിഫിന് എത്ര മനോഹരമായ മുഖമാണുള്ളത്: സത്യരാജ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

റസൂൽ പൂക്കുട്ടി ആദ്യമായി സംവിധാനം ചെയ്യുന്ന ഒറ്റ എന്ന സിനിമയിൽ ആസിഫ് അലിയുടെ അച്ഛനായി എത്തുന്നത് തെന്നിന്ത്യൻ താരമായ സത്യരാജാണ്. ഇപ്പോൾ ആസിഫ് അലിയെക്കുറിച്ചുള്ള അനുഭവത്തെക്കുറിച്ച് സംസാരിക്കുകയാണ് സത്യരാജ്.

ആസിഫിനെ താൻ ഒറ്റയുടെ ലൊക്കേഷനിൽ വെച്ചിട്ടാണ് ആദ്യം കാണുന്നതെന്നും ആസിഫ് അലിയുടെ ചിത്രങ്ങളൊന്നും ഇത് വരെ കണ്ടിട്ടില്ലെന്നും സത്യരാജ് പറഞ്ഞു. ആസിഫിന്റെ ചിരി കാണാൻ നല്ല ഭംഗിയാണെന്നും അത് മോഹൻലാലിൻറെ ചിരി പോലെ തോന്നുമെന്നും താരം കൂട്ടിച്ചേർത്തു. കൗമുദി മൂവിസിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു സത്യരാജ്.

‘ലൊക്കേഷനിൽ വെച്ചാണ് ഞാൻ ആസിഫിനെ ആദ്യമായി കാണുന്നത്. അതിനു മുൻപുള്ള അവന്റെ പടങ്ങളൊന്നും ഞാൻ കണ്ടിട്ടില്ല. അവന് എത്ര മനോഹമായിട്ടുള്ള മുഖമാണുള്ളത്. അവന്റെ കണ്ണ്, ചിരിയെല്ലാം ഏറെ ഇഷ്ടപെടുന്നവയാണ്. ഉദാഹരണത്തിന് മോഹൻലാൽ സാറിന്റെ ചിരിയുണ്ടല്ലോ അത് എല്ലാവർക്കും ഇഷ്ടമാണ്, അതുപോലെയാണ് ആസിഫിന്റേതും.

ഒരു ബാഡ് ക്യാരക്റ്റർ ആസിഫിന് ചെയ്യാൻ ബുദ്ധിമുട്ടായിരിക്കുമെന്ന് എനിക്ക് തോന്നുന്നു. അത്രത്തോളം മനോഹരമായ മുഖമാണ് അവന്റേത് ,’ സത്യരാജ് പറഞ്ഞു.

മലയാള സിനിമാ ലൊക്കേഷനിൽ പൊതുവായിട്ട് കണ്ടിട്ടുള്ള മാറ്റങ്ങൾ എന്തൊക്കെയാണെന്ന ചോദ്യത്തിന് അത് എല്ലാ ഭാഷയിലുള്ള ലൊക്കേഷനിലും ഒരുപോലെയാണെന്നും എന്നാൽ സെറ്റിലേക്ക് വരാനുള്ള സമയത്തിന്റെ കാര്യത്തിൽ വ്യത്യാസമുണ്ടെന്നുമായിരുന്നു സത്യരാജിന്റെ മറുപടി.

‘തമിഴിലും മലയാളത്തിലും തെലുങ്കിലുമെല്ലാം ലൊക്കേഷനിലുള്ള കാര്യങ്ങളെല്ലാം ഒരുപോലെയാണ്. ഹിന്ദിയിലെ ചെന്നൈ എക്സ്പ്രസ്സ് എന്ന സിനിമയുടെ ഷൂട്ടിങ് തുടങ്ങിയത് 11 മണിക്കോ 12 മണിക്കോ ആണ്. എന്നാൽ ഇപ്പോൾ ഞാൻ കംപ്ലീറ്റ് ചെയ്ത ഹിന്ദി ഫിലിമിൽ അവർ രാവിലെ ഏഴുമണിക്കോ എട്ടുമണിക്കോ ഷൂട്ടിങ് തുടങ്ങും,’ സത്യരാജ് പറഞ്ഞു.

ഒറ്റയാണ് ഉടന്‍ റിലീസിന് ഒരുങ്ങുന്ന സത്യരാജിന്റെ ചിത്രം. ഓസ്‌കാര്‍ ജേതാവ് റസൂല്‍ പൂക്കുട്ടി സംവിധാനരംഗത്തേക്ക് ചുവടുവയ്ക്കുന്ന മലയാള ചിത്രം കൂടിയാണ് ഒറ്റ. ഒക്ടോബര്‍ 27 ന് ചിത്രം തിയേറ്ററുകളില്‍ പ്രദര്‍ശനത്തിന് എത്തും.

ആസിഫ് അലി നായകനാവുന്ന ചിത്രത്തില്‍ അര്‍ജുന്‍ അശോകന്‍, ഇന്ദ്രജിത്ത്, സത്യരാജ്, രോഹിണി, ആദില്‍ ഹുസൈന്‍, ഇന്ദ്രന്‍സ്, രഞ്ജി പണിക്കര്‍, മേജര്‍ രവി, സുരേഷ് കുമാര്‍, ശ്യാമ പ്രസാദ്, സുധീര്‍ കരമന, ബൈജു പൂക്കുട്ടി, ദിവ്യ ദത്ത, കന്നഡ നടി ഭാവന, ലെന, മംമ്ത മോഹന്‍ദാസ്, ജലജ, ദേവി നായര്‍ തുടങ്ങി നിരവധി താരങ്ങള്‍ എത്തുന്നുണ്ട്.

Content Highligt: Sathyaraj about Asif ali

We use cookies to give you the best possible experience. Learn more