| Saturday, 22nd April 2023, 3:42 pm

2024വരെ മോദി സര്‍ക്കാര്‍ എന്നെ വേട്ടയാടിക്കൊണ്ടിരിക്കും; എനിക്ക് ഇനിയും ഒരുപാട് കാര്യങ്ങള്‍ വെളിപ്പെടുത്താനുണ്ട്: സത്യപാല്‍ മാലിക്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: പുല്‍വാമ ഭീകരാക്രമണത്തില്‍ പ്രധാന മന്ത്രി നരേന്ദ്ര മോദിക്കെതിരെ നടത്തിയ വെളിപ്പെടുത്തലിന് പിന്നാലെ കേന്ദ്ര സര്‍ക്കാര്‍ തന്നെ വേട്ടയാടുകയാണെന്ന് ജമ്മു കശ്മീര്‍ മുന്‍ ഗവര്‍ണര്‍ സത്യപാല്‍ മാലിക്. തന്നെ നിശബ്ദനാക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നതെന്നും തനിക്കിനിയും ഏറെ കാര്യങ്ങള്‍ വെളിപ്പെടുത്താനുണ്ടെന്നും അദ്ദേഹം പറഞ്ഞു.

പുല്‍വാമ വെളിപ്പെടുത്തലില്‍ അന്വേഷണം ആവശ്യപ്പെട്ട് ദല്‍ഹിയില്‍ വിളിച്ച് ചേര്‍ത്ത യോഗത്തിന് പൊലീസ് അനുമതി നിഷേധിച്ചതിന് പിന്നാലെയാണ് മാലിക്കിന്റെ പ്രതികരണം. ഖാപ്പ് നേതാക്കളുമായി യോഗത്തിനെത്തിയ മാലിക്കിനെയും നേതാക്കളെയും പൊലീസ് തടഞ്ഞ് വെച്ചിരുന്നു. ഇതില്‍ പ്രതിഷേധിച്ച് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേന്ദ്ര സര്‍ക്കാരിന്റെ വേട്ടയാടല്‍ രാഷ്ട്രീയമാണ് രാജ്യത്ത് നടക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു. തന്റെ അറസ്റ്റ് രേഖപ്പെടുത്താന്‍ ദല്‍ഹി പൊലീസ് തയ്യാറായില്ലെങ്കിലും പ്രത്യക്ഷത്തില്‍ തന്നെ തടവിലാക്കിയിരിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. നേരത്തെ സത്യപാല്‍ മാലിക്കിനെയും ഖാപ്പ് നേതാക്കളെയും പൊലീസ് അറസ്റ്റ് ചെയ്‌തെന്ന തരത്തില്‍ വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു.

‘പൊലീസ് എന്റെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ലെങ്കിലും കഴിഞ്ഞ കുറച്ച് മണിക്കൂറുകളായി എന്നെ ഇവിടെ തടവിലിട്ടിരിക്കുകയാണ്. 2024 വരെ മോദി സര്‍ക്കാര്‍ എന്നെ വേട്ടയാടിക്കൊണ്ടിരിക്കും. അതിന് ശേഷം അവര്‍ക്കൊന്നും ചെയ്യാനാകില്ല.

പുല്‍വാമ ഭീകരാക്രമണത്തിലെ വെളിപ്പെടുത്തലിന് ശേഷം കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കുന്ന രാഷ്ട്രീയ അജണ്ടയുടെ ഭാഗമാണിന്ന് ദല്‍ഹിയില്‍ നടന്നത്. എനിക്ക് ഇനിയും ഒരുപാട് കാര്യങ്ങള്‍ വെളിപ്പെടുത്താനുണ്ടെന്ന് അവര്‍ക്കറിയാം. അതുകൊണ്ട് തന്നെ അവരെന്നെ നിശബ്ദനാക്കാന്‍ ശ്രമിച്ച് കൊണ്ടിരിക്കും. അവരെന്നെ വേട്ടയാടിക്കൊണ്ടിരിക്കും,’ സത്യപാല്‍ മാലിക് പറഞ്ഞു.

പുല്‍വാമ ഭീകരാക്രമണത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ പങ്ക് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് സത്യപാല്‍ മാലിക് വിളിച്ച് ചേര്‍ത്ത യോഗത്തിന് വിവിധ സംസ്ഥാനങ്ങളിലെ ഖാപ് പഞ്ചായത്ത് നേതാക്കളും പിന്തുണ പ്രഖ്യാപിച്ചിരുന്നു.

ഇതിന്റെ ഭാഗമായി ദല്‍ഹി ആര്‍.കെ. പുരം പാര്‍ക്കില്‍ നിശ്ചയിച്ച സമ്മേളനത്തിന് ദല്‍ഹി പൊലീസ് അനുമതി നിഷേധിക്കുകയായിരുന്നു. തുടര്‍ന്ന് പരിപാടിക്കെത്തിയ സത്യപാല്‍ മാലിക്കിനെയും ഖാപ് നേതാക്കളെയും ദല്‍ഹി പൊലീസ് തടയുകയും സമ്മേളനത്തിന്റെ പന്തലടക്കം പൊളിച്ച് മാറ്റുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് കേന്ദ്ര സര്‍ക്കാരിനെതിരെ കൂടുതല്‍ വെളിപ്പെടുത്തല്‍ നടത്തുമെന്ന് പ്രഖ്യാപിച്ച് സത്യപാല്‍ മാലിക്ക് രംഗത്തെത്തിയത്.

Content Highlight: Sathyapal malik slams modi government again

We use cookies to give you the best possible experience. Learn more