തിരുവനന്തപുരം: വയനാട് ലോക്‌സഭ മണ്ഡലത്തിലെ ഇടത് സ്ഥാനാര്‍ത്ഥിയായി സത്യന്‍ മൊകേരിയെ തെരഞ്ഞെടുത്തു. സി.പി.ഐ സംസ്ഥാന സമിതി യോഗത്തിലാണ് തീരുമാനം. ആനി രാജ വീണ്ടും മത്സരിക്കില്ലെന്ന് അറിയിച്ചതിനെ തുടര്‍ന്നാണ് സത്യന്‍ മൊകേരിയെ സ്ഥാനാര്‍ത്ഥിയായി തെരഞ്ഞെടുത്തത്.
ഇത് രണ്ടാം തവണയാണ് സത്യന്‍ മൊകേരി വയനാട്ടില്‍ നിന്ന് ലോക്‌സഭയിലേക്ക് മത്സരിക്കുന്നത്. സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വമാണ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചത്.
പ്രഖ്യാപനത്തിന് പിന്നാലെ ശുഭാപ്തി വിശ്വാസത്തോടെയാണ് തെരഞ്ഞെടുപ്പിനെ സമീപിക്കുന്നതെന്നാണ് സത്യന്‍ മൊകേരി മാധ്യമങ്ങളോട് പ്രതികരിച്ചു. പ്രിയങ്ക ഗാന്ധിയല്ലേ എതിരാളി എന്ന മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിന് ഇന്ദിര ഗാന്ധി വരെ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടെന്നും പിന്നേയല്ലേ പ്രിയങ്കയെന്ന് സത്യന് തിരിച്ച് ചോദിക്കുകയും ചെയ്തു.
വയനാട് മണ്ഡലത്തിലെ ജനങ്ങള്‍ രാഷ്ട്രീയബോധം ഉള്ളവരാണെന്ന് പറഞ്ഞ സത്യന്‍ അവര്‍ ഇടതുപക്ഷത്തോട് ചേര്‍ന്ന് നില്‍ക്കുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിക്കുകയും ചെയ്തു.
2014ലെ അതേ സംയമനത്തോടെ തന്നെയാണ് ഈ തെരഞ്ഞെടുപ്പിനെ സമീപിക്കുന്നതെന്നും സത്യന്‍ മൊകേരി പറഞ്ഞു. ഇന്ദിര ഗാന്ധിയും രാഹുല്‍ ഗാന്ധിയും കരുണാകരനുമെല്ലാം തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടവരാണെന്നും ആര്‍ക്ക് വേണമെങ്കിലും പരാജയപ്പെടാമെന്നും സത്യന്‍ മൊകേരി കൂട്ടിച്ചേര്‍ത്തു.
2014ലെ തെരഞ്ഞെടുപ്പിലും സത്യന്‍ മൊകേരി വയനാട്ടില്‍ നിന്ന് ലോക്‌സഭയിലേക്ക് മത്സരിച്ചെങ്കിലും 20,000 വോട്ടുകള്‍ക്കാണ് അന്ന് അദ്ദേഹം പരാജയപ്പെട്ടത്. നിലവില്‍ സി.പി.ഐ ദേശീയ കൗണ്‍സില്‍ അംഗമായ അദ്ദേഹം മൂന്ന് തവണ എം.എല്‍.എയുമായിരുന്നു. നാളെ മുതല്‍ പ്രചാരണം ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
Content Highlight: Sathyan Mokeri is LDF candidate in Wayanad