| Monday, 2nd May 2022, 11:45 am

എന്നെ വെച്ച് ഒരു ഹിറ്റ് ഉണ്ടാക്കാന്‍ കഴിയുന്നില്ലെങ്കില്‍ അത് നിങ്ങളുടെ കുറ്റമാണെന്ന് മമ്മൂട്ടി പറഞ്ഞു: സത്യന്‍ അന്തിക്കാട്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മമ്മൂട്ടിയെ നായകനാക്കി സത്യന്‍ അന്തിക്കാടിന്റെ സംവിധാനത്തില്‍ 1989 പുറത്തിറങ്ങിയ ചിത്രമായിരുന്നു അര്‍ത്ഥം. വേണു നാഗവള്ളി തിരക്കഥയൊരുക്കിയ ചിത്രത്തില്‍ ജയറാം, ശ്രീനിവാസന്‍, പാര്‍വതി, മുരളി എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

അന്ന് സൂപ്പര്‍ ഹിറ്റായിരുന്ന ചിത്രം ഒരുങ്ങിയതിന് പിന്നിലുണ്ടായ കഥ പറയുകയാണ് സത്യന്‍ അന്തിക്കാട്. മമ്മൂട്ടി തന്നെ വാശി കയറ്റിയതിനാലും അദ്ദേഹത്തിന്റെ മുന്നില്‍ തന്റെ മാനം രക്ഷിക്കുന്നതിന് വേണ്ടിയുമാണ് അര്‍ത്ഥം നിര്‍മിച്ചതെന്ന് സത്യന്‍ അന്തിക്കാട് പറയുന്നു. കൗമുദി മൂവിസിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം മമ്മൂട്ടിയുമായുള്ള അനുഭവം പങ്കുവെച്ചത്.

‘സാധാരണ ഒരു വിഷയമാണ് ആദ്യം മനസിലേക്ക് വരുന്നത്. തലയണ മന്ത്രവും സന്മനസുള്ളവര്‍ക്ക് സമാധാനവുമൊക്കെ സബ്ജക്റ്റില്‍ നിന്നും ഉണ്ടായതാണ്. എന്നാല്‍ ജീവിതത്തില്‍ ഒരു നടന് വേണ്ടി സിനിമ ചെയ്തത് ഒരിക്കല്‍ മാത്രമാണ്. അര്‍ത്ഥം, മമ്മൂട്ടിക്ക് വേണ്ടി. മമ്മൂട്ടിയും ജയറാമുമാണതില്‍ അഭിനയിച്ചത്.

മമ്മൂട്ടി എന്നെ വാശി പിടിപ്പിച്ചിട്ടാണ് ആ സിനിമ ചെയ്യുന്നത്. അതിന് മുമ്പ് ശ്രീധരന്റെ ഒന്നാം തിരുമുറിവില്‍ മമ്മൂട്ടി നായകനായിട്ടുണ്ട്. കിന്നാരത്തിലും ഗാന്ധിനഗര്‍ സെക്കന്റ് സ്ട്രീറ്റിലും അതിഥി വേഷത്തിലെത്തിയിട്ടുണ്ട്.

എന്നാല്‍ ശ്രീധരന്റെ ഒന്നാം തിരുമുറിവ് സന്മനസുള്ളവര്‍ക്ക് സമാധാനം, ഗാന്ധിനഗര്‍ സെക്കന്റ് സ്ട്രീറ്റ് ഒക്കെ പോലെ ഹിറ്റായില്ല. ശ്രീധരന്‍ വളരെ നന്നായിട്ടാണ് മമ്മൂട്ടി ചെയ്തത്,’ സത്യന്‍ അന്തിക്കാട് പറഞ്ഞു.

‘അതിന് ശേഷം മറ്റൊരു പടത്തിന്റെ സെറ്റില്‍ വെച്ച് കണ്ടപ്പോള്‍ മമ്മൂട്ടി പറഞ്ഞു, നിങ്ങള്‍ മോഹന്‍ലാലിനെ വെച്ച് നിരവധി ഹിറ്റുകള്‍ ചെയ്യുന്നുണ്ട്, എനിക്കും ധാരാളം സൂപ്പര്‍ ഹിറ്റുകള്‍ വരുന്നുണ്ട്, നിങ്ങള്‍ക്ക് എന്നെ വെച്ച് ഒരു ഹിറ്റ് ഉണ്ടാക്കാന്‍ കഴിയുന്നില്ലെങ്കില്‍ അത് നിങ്ങളുടെ കുറ്റമാണെന്ന്.

അത് എനിക്ക് ഉള്ളില്‍ കൊണ്ടു. മമ്മൂട്ടിയെ വെച്ച് ഒരു പടം ചെയ്യണമെന്ന് ഞാന്‍ വിചാരിച്ചു. വേണു നാഗവള്ളിയെ വിളിച്ച് നമുക്കൊരു സ്‌ക്രിപ്റ്റ് ചെയ്യണമെന്നും മമ്മൂട്ടിയെ ആള്‍ക്കാര്‍ക്ക് ഇഷ്ടപ്പെടുന്ന രീതിയില്‍ ഒരു കഥാപാത്രമുണ്ടാവണമെന്നും ഞാന്‍ പറഞ്ഞു. അങ്ങനെ മമ്മൂട്ടിയുടെ ശബ്ദം, പൗരുഷം, സൗന്ദര്യം, രൂപം, ഭാവം, ചലനങ്ങള്‍ ഇവയെല്ലാം ചേര്‍ത്ത് ബില്‍ഡ് ചെയ്ത കഥാപാത്രമാണ് ബെന്‍ നരേന്ദ്രന്‍.

അതിന്റെ ഉള്ളില്‍ നല്ല ലൈഫുള്ള സീനുകളുണ്ടാക്കി. അതിലേക്ക് ശ്രീനിവാസന്റെ കോണ്‍ട്രിബൂഷനുമുണ്ടായിരുന്നു. അങ്ങനെ അത് പൂര്‍ണതയുള്ള സിനിമയായി മാറി. ആ സിനിമ സൂപ്പര്‍ ഡ്യൂപ്പര്‍ ഹിറ്റായി മാറി. മമ്മൂട്ടിയുടെ മുമ്പില്‍ എന്റെ മാനം കാത്തു,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Content Highlight: sathyan athikkad abouth the movie ardham and mammootty

We use cookies to give you the best possible experience. Learn more