വ്യത്യസ്തമായ സിനിമ ചെയ്യാന്‍ മമ്മൂട്ടിക്ക് പണ്ടേ താത്പര്യമുണ്ടായിരുന്നു, അല്ലായിരുന്നെങ്കില്‍ അന്ന് അങ്ങനെയൊരു സിനിമ ചെയ്യില്ലായിരുന്നല്ലോ: സത്യന്‍ അന്തിക്കാട്
Entertainment
വ്യത്യസ്തമായ സിനിമ ചെയ്യാന്‍ മമ്മൂട്ടിക്ക് പണ്ടേ താത്പര്യമുണ്ടായിരുന്നു, അല്ലായിരുന്നെങ്കില്‍ അന്ന് അങ്ങനെയൊരു സിനിമ ചെയ്യില്ലായിരുന്നല്ലോ: സത്യന്‍ അന്തിക്കാട്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 28th June 2024, 6:35 pm

മലയാളികള്‍ക്ക് എക്കാലവും ഓര്‍ത്തിരിക്കാന്‍ ഒരുപിടി നല്ല സിനിമകള്‍ നല്‍കിയിട്ടുള്ള സംവിധായകനാണ് സത്യന്‍ അന്തിക്കാട്. ഗ്രാമങ്ങളുടെ നന്മയും ഭംഗിയും ഇത്ര മനോഹരമായി ഒപ്പിയെടുത്തിട്ടുള്ള സംവിധായകന്‍ വേറെയില്ലെന്ന് തന്നെ പറയാം. സമകാലീനരായ പല സംവിധായകരും കാലത്തിനനുസരിച്ച് മാറാന്‍ ശ്രമിച്ച് പരാജയപ്പെട്ടപ്പോള്‍ തന്റെ സ്ഥിരം ശൈലിയില്‍ സിനിമകളെടുത്ത് വിജയിപ്പിക്കുന്ന സത്യന്‍ അന്തിക്കാട് പലരെയും ഞെട്ടിക്കുന്നുണ്ട്.

മലയാളത്തിന്റെ മഹാനടന്‍ മമ്മൂട്ടിയുടെ സിനിമാ സെലക്ഷനെപ്പറ്റി സംസാരിക്കുകയാണ് സത്യന്‍ അന്തിക്കാട്. മമ്മൂട്ടിയുമായി വളരെ കുറച്ച് സിനിമകള്‍ മാത്രമേ താന്‍ ചെയ്തിട്ടുള്ളൂവെന്നും എന്നാല്‍ എല്ലാം ഒന്നിനൊന്ന് വ്യത്യസ്തമായിരുന്നുവെന്നും സത്യന്‍ അന്തിക്കാട് പറഞ്ഞു. അതുവരെ ചെയ്തതില്‍ നിന്ന് വ്യത്യസ്തമായി ചെയ്ത സിനിമകളിലൊന്നായിരുന്നു  1991ല്‍ മമ്മൂട്ടിയെ നായകനാക്കി താന്‍ സംവിധാനം ചെയ്ത കനല്‍ക്കാറ്റെന്നും സത്യന്‍ അന്തിക്കാട് പറഞ്ഞു.

കനല്‍ക്കാറ്റിലെ നത്ത് നാരായണന്‍ സ്വല്പം നെഗറ്റീവ് ടച്ചുള്ള കഥാപാത്രമായിരുന്നെന്നും ആ സിനിമ ചെയ്യാന്‍ മമ്മൂട്ടി യാതൊരു മടിയും കാണിച്ചില്ലെന്നും സത്യന്‍ അന്തിക്കാട് പറഞ്ഞു. വ്യത്യസ്തമായി എന്തെങ്കിലും ചെയ്യണമെന്നുള്ള ചിന്ത പണ്ടുതൊട്ടേ മമ്മൂട്ടിക്കുണ്ടായിരുന്നെന്നും അല്ലായിരുന്നെങ്കില്‍ നത്ത് നാരായണനെപ്പോലൊരു കഥാപാത്രം മമ്മൂട്ടി ചെയ്യില്ലായിരുന്നെന്നും സത്യന്‍ അന്തിക്കാട് കൂട്ടിച്ചേര്‍ത്തു. ക്ലബ്ബ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തിലാണ് സത്യന്‍ അന്തിക്കാട് ഇക്കാര്യം പറഞ്ഞത്.

‘മമ്മൂട്ടിയുമായി വെറും എട്ട് സിനിമകള്‍ മാത്രമേ ഞാന്‍ ചെയ്തിട്ടുള്ളൂ. എല്ലാം വ്യത്യസ്ത തരത്തിലുള്ള സിനിമകളായിരുന്നു. അതിലൊന്നാണ് കനല്‍ക്കാറ്റ്. നത്ത് നാരായണന്‍ എന്ന കഥാപാത്രത്തെക്കുറിച്ച് ഇപ്പോഴും എന്നോട് പലരും സംസാരിക്കാറുണ്ട്. ആ സിനിമയെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ ആദ്യം ഓര്‍മ വരുന്നത് കെ.പി.എ.സി ലളിത മമ്മൂട്ടിയുടെ ഭാര്യയായി അഭിനയിച്ച കാര്യമാണ്. കെ.പി.എ.സി ലളിതയാണ് തന്റെ ഭാര്യയായി അഭിനിയിക്കുന്നതെന്നറിഞ്ഞപ്പോള്‍ മമ്മൂട്ടിക്ക് സന്തോഷമായി. ഇതുവരെ ലളിത തന്റെ ഭാര്യയായി അഭിനയിച്ചിട്ടില്ല, ഈ സിനിമയിലൂടെ അത് നടന്നു എന്നാണ് മമ്മൂട്ടി പറഞ്ഞത്.

ലോഹിതദാസിന്റെ സ്‌ക്രിപ്റ്റാണ് അതിന്റെ മറ്റൊരു ഹൈലൈറ്റ്. ഇത്രയും കാലത്തിന് ശേഷം ആ സിനിമയെപ്പറ്റി ആളുകള്‍ ഓര്‍ത്തിരിക്കാന്‍ കാരണം ലോഹിയുടെ എഴുത്തിന്റെ പവറാണ്. ആ സമയത്ത് തന്നെ വ്യത്യസ്തമായ കഥാപാത്രങ്ങള്‍ ചെയ്യണമെന്ന് മമ്മൂട്ടിക്ക് ആഗ്രഹമുണ്ടായിരുന്നു. അതുകൊണ്ടാണ് നെഗറ്റീവ് ടച്ചുള്ള നത്ത് നാരായണന്‍ അദ്ദേഹം ചെയ്തത്. അല്ലെങ്കില്‍ പുള്ളി ആ സിനിമ ചെയ്യില്ലല്ലോ’ സത്യന്‍ അന്തിക്കാട് പറഞ്ഞു.

Content Highlight: Sathyan Anthikkadu about Mammootty and Kanalkattu movie