കെ.പി.എ.സി ലളിത മരിച്ച സമയത്ത് പലരും എനിക്ക് ആ സിനിമയിലെ സീനാണ് അയച്ചു തന്നത്: സത്യന്‍ അന്തിക്കാട്
Entertainment
കെ.പി.എ.സി ലളിത മരിച്ച സമയത്ത് പലരും എനിക്ക് ആ സിനിമയിലെ സീനാണ് അയച്ചു തന്നത്: സത്യന്‍ അന്തിക്കാട്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 27th June 2024, 9:01 pm

മലയാളികള്‍ക്ക് ഒട്ടനവധി ഹിറ്റ് ചിത്രങ്ങള്‍ സമ്മാനിച്ച സംവിധായകനാണ് സത്യന്‍ അന്തിക്കാട്. ഗ്രാമങ്ങളുടെ നന്മയും സ്‌നേഹവും ഏറ്റവും മനോഹരമായി സിനിമയില്‍ കാണിച്ചവരില്‍ സത്യന്‍ അന്തിക്കാടിനോളം മികച്ച സംവിധായകന്‍ വേറെയില്ല. സമകാലീനരായ പല സംവിധായകരും കാലത്തിനൊത്ത് അപ്‌ഡേറ്റാകാന്‍ കഴിയാതെ വിസ്മൃതിയിലേക്ക് മാഞ്ഞപ്പോഴും തന്റെ സ്ഥിരം ശൈലിയില്‍ നിന്ന് മാറാതെ ഹിറ്റുകള്‍ സമ്മാനിച്ച സംവിധായകനാണ് സത്യന്‍ അന്തിക്കാട്.

ലോഹിതദാസിന്റെ തിരക്കഥയില്‍ മമ്മൂട്ടിയെ നായകനാക്കി 1991ല്‍ സത്യന്‍ അന്തിക്കാടിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ചിത്രമാണ് കനല്‍ക്കാറ്റ്. സ്വല്പം നെഗറ്റീവ് ടച്ചുള്ള നത്ത് നാരായണന്‍ എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി കനല്‍ക്കാറ്റില്‍ അവതരിപ്പിച്ചത്. കെ.പി.എ.സി ലളിതയായിരുന്നു മമ്മൂട്ടിയുടെ ഭാര്യയായ ഓമന എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത്. ചിത്രത്തെക്കുറിച്ചുള്ള ഓര്‍മകള്‍ പങ്കുവെക്കുകയാണ് സത്യന്‍ അന്തിക്കാട്.


ലളിതയാണ് തന്റെ ഭാര്യയായി അഭിനയിക്കുന്നതെന്നറിഞ്ഞപ്പോള്‍ മമ്മൂട്ടിക്ക് സന്തോഷമായെന്നും താന്‍ ഇതുവരെ ലളിതയുടെ ഭര്‍ത്താവായി അഭിനിയച്ചിട്ടില്ലെന്ന് മമ്മൂട്ടി പറഞ്ഞെന്നും സത്യന്‍ അന്തിക്കാട് പറഞ്ഞു. ലോഹിതദാസിന്റെ തിരക്കഥയിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളിലൊന്നാണ് കനല്‍ക്കാറ്റിലെ ഓമനയെന്നും ലോഹിയുടെ എഴുത്തിന്റെ ശക്തി കാരണമാണ് ഇന്നും ആ സിനിമ ഓര്‍മിക്കപ്പെടുന്നതെന്നും സത്യന്‍ അന്തിക്കാട് പറഞ്ഞു.

കെ.പി.എ.സി ലളിത മരിച്ച സമയത്ത് അവരുടെ പല ആരാധകരും തനിക്ക് കനല്‍ക്കാറ്റിലെ സീനുകള്‍ അയച്ച് തന്നിരുന്നുവെന്നും ഇന്നും ആ കഥാപാത്രത്തെ ആളുകള്‍ ഓര്‍മിക്കുന്നതില്‍ സന്തോഷം തോന്നുന്നുവെന്നും സത്യന്‍ അന്തിക്കാട് കൂട്ടിച്ചേര്‍ത്തു. ക്ലബ്ബ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തിലാണ് സത്യന്‍ അന്തിക്കാട് ഇക്കാര്യം പറഞ്ഞത്.

‘കനല്‍ക്കാറ്റില്‍ മമ്മൂട്ടിയുടെ ഭാര്യയുടെ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് കെ.പി.എ.സി ലളിതയാണെന്ന് പറഞ്ഞപ്പോള്‍ മമ്മൂട്ടിക്ക് സന്തോഷമായി. ലളിതയുടെ കൂടെ അഭിനയിക്കാന്‍ എപ്പോഴും ഇഷ്ടമുള്ള ആളാണ് മമ്മൂട്ടി. ആ സിനിമയിലെ നത്ത് നാരായണന്‍ സ്വല്പം നെഗറ്റീവ് ടച്ചുള്ള കഥാപാത്രമാണ്. ആ കാലം മുതല്‍ വ്യത്യസ്തമായ കഥാപാത്രത്തെ അവതരിപ്പിക്കാന്‍ മമ്മൂട്ടി ആഗ്രഹിക്കുന്നുണ്ടായിരുന്നു. അതുകൊണ്ടാണ് കനല്‍ക്കാറ്റ് ചെയ്യാന്‍ തീരുമാനിച്ചത്.

ലോഹിയുടെ സ്‌ക്രിപ്റ്റാണ് ആ സിനിമയുടെ മറ്റൊരു പ്രത്യേകത. ഇത്രയും വര്‍ഷം കഴിഞ്ഞിട്ടും ആ സിനിമയെപ്പറ്റി ആളുകള്‍ സംസാരിക്കുന്നത് ആ സിനിമയുടെ വിജയമാണ്. ഓമന എന്ന കഥാപാത്രം ഇപ്പോളും ആള്‍ക്കാര്‍ ചര്‍ച്ച ചെയ്യുന്നുണ്ടെങ്കില്‍ അതിന് കാരണം ലോഹിയുടെ എഴുത്താണ്. കെ.പി.എ.സി ലളിത മരിച്ച സമയത്ത് പലരും എനിക്ക് കനല്‍ക്കാറ്റിലെ സീനുകള്‍ അയച്ചു തരുമായിരുന്നു. ആ കഥാപാത്രം അത്രക്ക് നല്ലതായതുകൊണ്ടാണല്ലോ അവര്‍ അങ്ങനെ ചെയ്തത്,’ സത്യന്‍ അന്തിക്കാട് പറഞ്ഞു.

Content Highlight: Sathyan Anthikkadu about KPAC Lalitha’s character in Kanalkattu movie