| Monday, 24th April 2023, 11:06 am

നെടുമുടി വേണു വരുന്നത് പ്രയാസമാണെന്ന് ലളിത ചേച്ചി പറഞ്ഞു, അദ്ദേഹത്തിന്റെ മുഖത്ത് നോക്കിയതും പൊട്ടിക്കരഞ്ഞു: സത്യന്‍ അന്തിക്കാട്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ജയറാം, തിലകന്‍, സംയുക്ത വര്‍മ, കെ.പി.എ.സി ലളിത എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത ചിത്രമാണ് വീണ്ടും ചില വീട്ടുകാര്യങ്ങള്‍. ഒരിടവേളക്ക് ശേഷമുള്ള കെ.പി.എ.സി ലളിതയുടെ തിരിച്ചുവരവ് സാധ്യമാക്കിയ ചിത്രം കൂടിയായിരുന്നു വീണ്ടും ചില വീട്ടുകാര്യങ്ങള്‍.

ഷൂട്ടിനിടയില്‍ നെടുമുടി വേണുവിനെ കണ്ട് കെ.പി.എ.സി ലളിത കരഞ്ഞ അനുഭവം പങ്കുവെക്കുകയാണ് സത്യന്‍ അന്തിക്കാട്. ക്ലബ്ബ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തിലായിരുന്നു തന്റെ അനുഭവങ്ങള്‍ സത്യന്‍ അന്തിക്കാട് പങ്കുവെച്ചത്.

‘വീണ്ടും ചില വീട്ടുകാര്യങ്ങളില്‍ ജയറാമാണ് നായകന്‍. ജയറാമില്ലെങ്കില്‍ വേറെ ഒരാളെ കാസ്റ്റ് ചെയ്യാം. പക്ഷേ തിലകനും കെ.പി.എ.സി ലളിതയുമില്ലെങ്കില്‍ ആ സിനിമ ഞാന്‍ ചെയ്യില്ല. അവര്‍ക്ക് പകരക്കാരില്ല. ആ ഏജ് ഗ്രൂപ്പിലുള്ള ആളുകളുണ്ടാവും. പക്ഷേ ഇവരെ പോലുള്ള ആള്‍ക്കാരുണ്ടാവില്ല.

ഭരതേട്ടന്‍ മരിച്ചുപോയി കഴിഞ്ഞ് ലളിത ചേച്ചി ഇനി സിനിമയിലേക്കില്ല എന്ന് പറഞ്ഞ് നില്‍ക്കുന്ന സമയമായിരുന്നു. തിരിച്ചുകൊണ്ടുവരാന്‍ വലിയ പാടുപെട്ടു. നിര്‍മാതാവ് പി.വി. ഗംഗാധരന്‍ പഠിച്ച പണി പതിനെട്ടും എടുത്തു. ഞാനും വിളിച്ച് നോക്കി. ചേച്ചി വരുന്നില്ല.

അവസാനം മക്കളായ ശ്രീക്കുട്ടിയേയും സിദ്ധാര്‍ത്ഥിനേയും വിളിച്ച് അറ്റ കൈ പ്രയോഗിച്ചു. അവരിലൂടെയാണ് ചേച്ചിയെ ഉണര്‍ത്തിയെടുത്തത്. അങ്ങനെയാണ് വീണ്ടും ചില വീട്ടുകാര്യങ്ങളിലേക്ക് വരുന്നത്. അഭിനയിക്കാന്‍ വന്നാല്‍ ഭരതേട്ടന്റെ ഓര്‍മകള്‍ ലളിത ചേച്ചിക്ക് ഭീകരമായി ഉണ്ടാവും. പക്ഷേ നല്ല നടിയായതുകൊണ്ട് അതൊക്കെ മാറ്റിവെച്ചിട്ടാണ് പെര്‍ഫോം ചെയ്യുന്നത്.

അതില്‍ നെടുമുടി വേണു വരുന്ന ഒരു സീക്വന്‍സ് ഉണ്ട്. വേണു വരുന്ന കാര്യം ഞാന്‍ ചേച്ചിയോട് പറഞ്ഞു. വേണു വരുന്നതാണ് ഒരു പ്രയാസമെന്നാണ് ചേച്ചി പറഞ്ഞത്. ഭരതേട്ടന്റെ ഇന്റിമേറ്റ് ഫ്രണ്ടായിരുന്നു വേണു. വീട്ടില്‍ വന്നാല്‍ ആഘോഷവും മൃദംഗം വായനയും പാട്ടുമൊക്കെയാണ്. അങ്ങനെ ഒരുപാട് ഓര്‍മകളുണ്ട് ലളിത ചേച്ചിക്ക്. സാരമില്ല, നമുക്ക് അഭിനയിക്കാം, കുഴപ്പമില്ല എന്ന് ചേച്ചി പറഞ്ഞു.

പിറ്റേന്ന് വേണു വന്നു. ലളിത ചേച്ചി നേരത്തെ വന്ന് മേക്കപ്പ് ഇട്ടിട്ടുണ്ട്. ഭരതേട്ടന്‍ പോയതിന് ശേഷം ഇവര്‍ നേരിട്ട് കണ്ടിട്ടില്ല. ഷൂട്ടിനായി വീടിന്റെ വരാന്തയിലേക്ക് രണ്ട് പേരും കൂടി വന്നു. വേണുവിന്റെ മുഖത്ത് നോക്കിയിട്ട് ചേച്ചി ഒറ്റ കരച്ചിലായിരുന്നു. യൂണിറ്റുകാരുടെ മുഖത്ത് വരെ വെള്ളം വരുന്ന രീതിയില്‍ ആത്മാര്‍ത്ഥമായ കരച്ചിലായിരുന്നു. അഭിനയമല്ലല്ലോ. പിന്നെ വേണു ചേട്ടന്‍ ആശ്വസിപ്പിച്ചു. അന്ന് ആ സീന്‍ ഷൂട്ട് ചെയ്തില്ല,’ സത്യന്‍ അന്തിക്കാട് പറഞ്ഞു.

Content Highlight: sathyan anthikkadu about kpac lalitha and nedumudi venu

We use cookies to give you the best possible experience. Learn more