ആ മോഹന്‍ലാല്‍ ചിത്രം വെറും കഥയല്ല, ശ്രീനിവാസന്റെ സ്വന്തം അനുഭവമാണ്: സത്യന്‍ അന്തിക്കാട്
Film News
ആ മോഹന്‍ലാല്‍ ചിത്രം വെറും കഥയല്ല, ശ്രീനിവാസന്റെ സ്വന്തം അനുഭവമാണ്: സത്യന്‍ അന്തിക്കാട്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 18th March 2023, 1:15 pm

തന്റെ പഴയതും പുതിയതുമായ ചിത്രങ്ങളെ കുറിച്ച് സംസാരിക്കുകയാണ് സംവിധായകന്‍ സത്യന്‍ അന്തിക്കാട്. മോഹന്‍ലാല്‍ നായകനായ വരവേല്‍പ് വെറും സിനിമയല്ലെന്നും യഥാര്‍ത്ഥ സംഭവത്തിന്റെ അടിസ്ഥാനത്തില്‍ ചെയ്തതാണെന്നും സത്യന്‍ അന്തിക്കാട് പറഞ്ഞു. ശ്രീനിവാസനാണ് തന്നോട് ഈ യഥാര്‍ത്ഥ സംഭവം പറഞ്ഞതെന്നും അതില്‍ തമാശയില്‍ ചാലിച്ച് സിനിമയാക്കുകയായിരുന്നുവെന്നും മാതൃഭൂമിയില്‍ എഴുതിയ ലേഖനത്തില്‍ സത്യന്‍ അന്തിക്കാട് പറഞ്ഞു.

‘സന്ദേശം എന്ന സിനിമയോട് എതിര്‍പ്പുള്ളവര്‍ വളരെ കുറച്ചേയുള്ളൂ. അതിലെ നര്‍മം ആസ്വദിക്കാന്‍ കൂടുതല്‍പ്പേര്‍ക്കും സാധിച്ചതുകൊണ്ടാണ് പുറത്തിറങ്ങി 32 വര്‍ഷങ്ങള്‍ക്കുശേഷവും ആ ചിത്രം ഓര്‍മിക്കപ്പെടുന്നത്.

വരവേല്പ് എന്ന സിനിമ കൈകാര്യം ചെയ്തത് നീറുന്ന വിഷയമാണ്. സ്വന്തം അനുഭവത്തില്‍നിന്ന് ശ്രീനിവാസന്‍ മെനഞ്ഞെടുത്തതാണ് അതിന്റെ ഇതിവൃത്തം. വാസ്തവത്തില്‍ ഒരു കഥയായിട്ടല്ല ശ്രീനി അതെന്നോട് പറഞ്ഞത്. ഒരു തികഞ്ഞ കമ്യൂണിസ്റ്റുകാരനായിരുന്ന തന്റെ അച്ഛന്‍ കഷ്ടപ്പെട്ടും കടംമേടിച്ചും ഒരു ബസ് വാങ്ങിയപ്പോള്‍ പെട്ടെന്ന്, മുതലാളിയായി മുദ്രകുത്തപ്പെട്ടതും അതിന്റെ പേരില്‍ തൊഴിലാളികളും യൂണിയന്‍കാരുമൊക്കെച്ചേര്‍ന്ന് അദ്ദേഹത്തെ കുത്തുപാളയെടുപ്പിച്ചതുമായ യഥാര്‍ഥ സംഭവം.

കേട്ടപ്പോള്‍ അതിലൊരു സിനിമയ്ക്കുള്ള സാധ്യതയുണ്ടെന്ന് തോന്നി. പക്ഷേ, അതൊരു ഗൗരവമേറിയ വിഷയമായി അവതരിപ്പിച്ചാല്‍ ശരിയാവില്ല, നമുക്കിതിനെ തമാശകൊണ്ടു പൊതിയാമെന്ന് ശ്രീനിവാസന്‍ പറഞ്ഞു. പൊതിഞ്ഞു. മോഹന്‍ലാലിന്റെ മുരളിയെ കണ്ട് ജനം പൊട്ടിച്ചിരിച്ചു. ആ ചിരിക്കുള്ളിലൂടെ ആ സന്ദേശം പ്രേക്ഷകമനസില്‍ പതിയുകയും ചെയ്തു.

തൊഴിലില്ലാത്ത രണ്ടു ചെറുപ്പക്കാരുടെ ഗതികേടിന്റെ കഥയായിരുന്നു നടോടിക്കാറ്റ്. സ്വന്തം കാമുകി താമസിക്കുന്ന കോളനിയില്‍ ഒരു ഗൂര്‍ഖയായി വേഷമിടേണ്ടിവന്ന ചെറുപ്പക്കാരന്റെ ധര്‍മസങ്കടമാണ് ഗാന്ധിനഗര്‍ സെക്കന്‍ഡ് സ്ട്രീറ്റ്. കടംകൊണ്ട് നില്‍ക്കക്കള്ളിയില്ലാതെ വലയുന്ന ഒരു പാവം ഹൗസ് ഓണറുടെ കഥയാണ് സന്മസ്സുള്ളവര്‍ക്ക് സമാധാനം.

ഒരു ഇന്ത്യന്‍ പ്രണയകഥയും ഞാന്‍ പ്രകാശനും ഉള്‍പ്പെടെ എന്റെ പല സിനിമകളും പറയുന്നത് ഗൗരവമുള്ള വിഷയങ്ങളാണ്. ഹാസ്യത്തിന്റെ പരിവേഷം നല്‍കി അവതരിപ്പിച്ചതുകൊണ്ടാണ് കാണികള്‍ക്ക് അതൊക്കെ ഇഷ്ടമായത്,’ സത്യന്‍ അന്തിക്കാട് പറഞ്ഞു.

Content Highlight: sathyan anthikkad talks about varavelp movie