Entertainment
ഫഹദ് ഫാസിലിന്റെ ആ കഥാപാത്രത്തിന് പേരിട്ടത് ശ്രീനിയായിരുന്നു; അത് ഗുണം ചെയ്തു: സത്യന്‍ അന്തിക്കാട്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Mar 05, 09:51 am
Wednesday, 5th March 2025, 3:21 pm

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട കൂട്ടുകെട്ടാണ് ശ്രീനിവാസന്റേതും സത്യന്‍ അന്തിക്കാടിന്റേതും. ഇരുവരും ഒന്നിക്കുന്ന സിനിമകള്‍ ബോക്‌സ് ഓഫീസില്‍ മികച്ച വിജയമാണ് നേടാറുള്ളത്. ഈ കൂട്ടുകെട്ട് വര്‍ഷങ്ങള്‍ക്ക് ശേഷം ഒന്നിച്ച ചിത്രമായിരുന്നു ഞാന്‍ പ്രകാശന്‍. ചിത്രത്തില്‍ ഫഹദ് ഫാസിലായിരുന്നു നായകന്‍.

പ്രകാശന്‍ എന്ന കഥാപാത്രമായിട്ടായിരുന്നു ഫഹദ് ഈ സിനിമയില്‍ എത്തിയത്. ഇപ്പോള്‍ നാന സിനിമാവാരികക്ക് നല്‍കിയ അഭിമുഖത്തില്‍ ശ്രീനിവാസനെ കുറിച്ചും ഞാന്‍ പ്രകാശന്‍ സിനിമയെ കുറിച്ചും പറയുകയാണ് സത്യന്‍ അന്തിക്കാട്. ഫഹദിന്റെ നായക കഥാപാത്രത്തിന് പ്രകാശന്‍ എന്ന പേര് നല്‍കിയത് ശ്രീനിവാസന്‍ ആയിരുന്നു എന്നാണ് അദ്ദേഹം പറയുന്നത്.

‘ശ്രീനി തന്നെയായിരുന്നു ഞാന്‍ പ്രകാശന്‍ എന്ന സിനിമയില്‍ ഫഹദിന്റെ നായക കഥാപാത്രത്തിന് പ്രകാശന്‍ എന്ന പേര് നല്‍കിയത്. ശ്രീനിയുടെ ഇത്തരം കോണ്‍ട്രിബ്യൂഷന്‍ ഈ സിനിമയില്‍ വളരെ അധികം ഉണ്ടായിരുന്നു. സിനിമയില്‍ പ്രകാശന്‍ ഒരു പഴയ പേരാണെന്നുള്ള തോന്നലിലാണ് പി.ആര്‍. ആകാശെന്ന് പരിഷ്‌ക്കരിക്കുന്നത്

ആ കാര്യമെല്ലാം ഈ സിനിമക്ക് നന്നായി ഗുണം ചെയ്തിരുന്നു. അതുകൊണ്ടാണ് ഈ സിനിമക്ക് ഞാന്‍ പ്രകാശന്‍ എന്ന പേരിട്ടത്. പ്രകാശന്റെ പരിവേഷങ്ങള്‍ മുഴുവന്‍ അഴിഞ്ഞുപോയിട്ട് ഇവന്‍ പ്രകാശന്‍ മാത്രമായി മാറുന്നതാണ് കഥയുടെ പര്യവസാനം,’ സത്യന്‍ അന്തിക്കാട് പറയുന്നു.

ഞാന്‍ പ്രകാശന്‍:

ശ്രീനിവാസന്‍ രചന നിര്‍വഹിച്ച് സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത ചിത്രമാണ് ഞാന്‍ പ്രകാശന്‍ (2018). അഞ്ജു കുര്യന്‍, നിഖില വിമല്‍ എന്നിവരായിരുന്നു ഈ സിനിമയില്‍ നായികമാരായി എത്തിയത്. ഫുള്‍ മൂണ്‍ സിനിമയുടെ ബാനറില്‍ സേതു മണ്ണാര്‍ക്കാടാണ് ചിത്രം നിര്‍മിച്ചത്. ഒരുപാട് നാളിന് ശേഷം ശ്രീനിവാസന്‍ – സത്യന്‍ അന്തിക്കാട് കൂട്ടുകെട്ടില്‍ എത്തിയ ഞാന്‍ പ്രകാശന്‍ ബോക്‌സ് ഓഫീസില്‍ മികച്ച വിജയം നേടിയിരുന്നു.

Content Highlight: Sathyan Anthikkad Talks About Sreenivasan