| Sunday, 31st October 2021, 1:44 pm

തെരഞ്ഞെടുപ്പില്‍ തോറ്റാലുടന്‍ 'അന്തര്‍ധാര സജീവമായിരുന്നു' എന്ന രീതിയിലുള്ള 'ബുദ്ധിജീവി സംസാരത്തിലേക്ക്' രാഷ്ട്രീയപാര്‍ട്ടികള്‍ പോകുന്നു; സന്ദേശം സിനിമയിലെ രാഷ്ട്രീയത്തെക്കുറിച്ച് സത്യന്‍ അന്തിക്കാട്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ശ്രീനിവാസന്‍ എഴുതി സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത് 1991ല്‍ പുറത്തിറങ്ങിയ സിനിമയായിരുന്നു സന്ദേശം. മലയാളത്തിലെ എക്കാലത്തേയും മികച്ച രാഷ്ട്രീയ ആക്ഷേപഹാസ്യ ചിത്രമെന്ന നിലയില്‍ സന്ദേശം എന്നും പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ട സിനിമാനുഭവമാണ്.

സന്ദേശത്തിലെ രംഗങ്ങളും ഡയലോഗുകളും യഥാര്‍ത്ഥ രാഷ്ട്രീയത്തിലും എത്രത്തോളമുണ്ടെന്നതിനെക്കുറിച്ച് സംസാരിക്കുകയാണ് സംവിധായകന്‍ സത്യന്‍ അന്തിക്കാട്. ശ്രീനിവാസനൊപ്പം മീഡിയ വണ്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു സത്യന്‍ അന്തിക്കാടിന്റെ പ്രതികരണം.

രാഷ്ട്രീയക്കാരും രാഷ്ട്രീയപ്പാര്‍ട്ടികളും പലപ്പോഴും ബുദ്ധിജീവി സംസാരങ്ങളിലൂടെ യഥാര്‍ത്ഥ കാര്യങ്ങളില്‍ നിന്ന് വ്യതിചലിച്ച് പോകാറാണ് പതിവെന്നും തെരഞ്ഞെടുപ്പ് തോല്‍വികളുടെ കാരണം കണ്ടെത്താന്‍ പാര്‍ട്ടികള്‍ക്ക് സാധിക്കാതെ പോകുന്നതിന്റെ കാരണം ഇതാണെന്നുമാണ് സംവിധായകന്‍ പറയുന്നത്.

”പാര്‍ട്ടി ചര്‍ച്ചകളില്‍ പലപ്പൊഴും ഇത്തരം അനാവശ്യമായ ബുദ്ധിജീവി സംസാരമാണ്. അതുകൊണ്ടാണ്, നമ്മള്‍ എന്തുകൊണ്ട് തോറ്റു, എന്നതിന്റെ കാരണം പാര്‍ട്ടികള്‍ക്ക് കണ്ടെത്താന്‍ സാധിക്കാത്തത്.

യു.ഡി.എഫ് ആയാലും എല്‍.ഡി.എഫ് ആയാലും ഒരു തെരഞ്ഞെടുപ്പ് തോറ്റാല്‍, അതിന്റെ കാരണങ്ങള്‍ അന്വേഷിക്കാന്‍ സമിതിയെ നിയോഗിക്കുന്നത് പോലുള്ള നൂറായിരം നാടകങ്ങളാണ് നടക്കുന്നത്.

ഇതിന്റെയൊന്നും ആവശ്യമില്ല. ജനങ്ങളെ നന്നായി സേവിക്കുകയും അവര്‍ക്ക് നന്മ ചെയ്യാന്‍ ആഗ്രഹിക്കുകയും ചെയ്താല്‍ മാത്രം മതി. ഏത് പാര്‍ട്ടിക്കും ജയിച്ച് വരാം.

തോറ്റുകഴിഞ്ഞാല്‍ ഉടനെ അതിന്റെ ‘അന്തര്‍ധാര സജീവമായിരുന്നു’ എന്ന നിലയിലേയ്ക്കാണ് കാര്യങ്ങള്‍ കടക്കുന്നത്,” സത്യന്‍ അന്തിക്കാട് പറഞ്ഞു.

സന്ദേശം സിനിമയില്‍ ശങ്കരാടി അവതരിപ്പിച്ച കുമാരപിള്ള എന്ന രാഷ്ട്രീയപ്രവര്‍ത്തകന്റെ കഥാപാത്രം പറയുന്ന ‘വിഘടനവാദികളും പ്രതിക്രിയാവാദികളും പ്രഥമ ദൃഷ്ട്യാ അകല്‍ച്ചയിലായിരുന്നെങ്കിലും അവര്‍ക്കിടയിലുള്ള അന്തര്‍ധാര സജീവമായിരുന്നു,’ എന്ന ഡയലോഗ് ഹിറ്റായി മാറിയ ഒന്നായിരുന്നു. ഇതിനെ പരാമര്‍ശിച്ചുകൊണ്ടായിരുന്നു സത്യന്‍ അന്തിക്കാട് സംസാരിച്ചത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: Sathyan Anthikkad talks about Sandhesam movie and today’s political scenario

We use cookies to give you the best possible experience. Learn more