| Wednesday, 20th November 2024, 8:45 am

സിനിമയിലേക്കുള്ള ആ നടിയുടെ കടന്നുവരവ് ചില സമയത്ത് അതിശയകരമാണെന്ന് തോന്നാറുണ്ട്: സത്യന്‍ അന്തിക്കാട്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത് 2003ല്‍ പുറത്തിറങ്ങിയ സിനിമയാണ് മനസ്സിനക്കരെ. രഞ്ജന്‍ പ്രമോദിന്റെ തിരക്കഥയില്‍ എത്തിയ ഈ സിനിമയില്‍ ഷീല, ജയറാം, ഇന്നസെന്റ്, നയന്‍താര, കെ.പി.എ.സി. ലളിത, ഒടുവില്‍ ഉണ്ണികൃഷ്ണന്‍, സുകുമാരി, സിദ്ദിഖ്, മാമുക്കോയ തുടങ്ങിയ വന്‍ താരനിരയായിരുന്നു ഒന്നിച്ചത്.

100 ദിവസത്തിലേറെ തീയേറ്ററില്‍ പ്രദര്‍ശിപ്പിക്കപ്പെട്ട സിനിമ കൂടിയായിരുന്നു മനസ്സിനക്കരെ. നയന്‍താരയുടെ കരിയറിലെ ആദ്യ ചിത്രം കൂടെയായിരുന്നു ഇത്. താന്‍ നയന്‍താരയെ ഈ സിനിമക്കായി വിളിച്ച അനുഭവം പങ്കുവെക്കുകയാണ് സംവിധായകന്‍ സത്യന്‍ അന്തിക്കാട്.

വിധിയോ ദൈവമോ തീരുമാനിച്ചതാണ് നയന്‍താരയുടെ സിനിമയിലേക്കുള്ള വരവെന്നാണ് സംവിധായകന്‍ പറയുന്നത്. ഇപ്പോള്‍ ഒരുപാട് വര്‍ഷങ്ങള്‍ക്ക് ശേഷം ആലോചിക്കുമ്പോള്‍ അതിശയകരമായ കടന്നുവരവായി തോന്നുന്നുവെന്നും സത്യന്‍ അന്തിക്കാട് പറഞ്ഞു. നയന്‍താര – ബിയോണ്ട് ദി ഫെയറി ടേല്‍ എന്ന നെറ്റ്ഫ്ളിക്സ് ഡോക്യുമെന്ററിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ചില കാര്യങ്ങള്‍ മനുഷ്യന്‍ തീരുമാനിക്കുന്നുണ്ട്. മറ്റ് ചില കാര്യങ്ങള്‍ തീരുമാനിക്കുന്നത് വേറെ ഏതോയൊരു ശക്തിയാണ്. ദൈവമെന്നോ വിധിയെന്നോ പറയാം. അങ്ങനെയൊരു വിധിയോ ദൈവമോ തീരുമാനിച്ചതാണ് നയന്‍താരയുടെ സിനിമയിലേക്കുള്ള വരവെന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്.

ഇപ്പോള്‍ ഒരുപാട് വര്‍ഷങ്ങള്‍ക്ക് ശേഷം ആലോചിക്കുമ്പോള്‍ അത്തരത്തില്‍ അതിശയകരമായ കടന്നുവരവായിരുന്നു അവളുടേത്. മനസിനക്കരെ എന്ന സിനിമ നടി ഷീലയുടെ തിരിച്ചു വരവിനുള്ള സിനിമയെന്ന രീതിയിലാണ് ഞാന്‍ ചെയ്തത്.

22 വര്‍ഷം മുമ്പ് സിനിമ വിട്ടിട്ട് പോയ നടിയാണ് ഷീല. അവര്‍ വീണ്ടും അഭിനയത്തിലേക്ക് തിരിച്ചുവരുന്നു എന്നതായിരുന്നു ആ സിനിമയുടെ ഹൈലൈറ്റ്. അതുകൊണ്ട് തന്നെ നായിക പുതുമുഖം മതിയെന്ന് ഞങ്ങള്‍ തീരുമാനിക്കുകയായിരുന്നു. ഇനി അങ്ങനെയൊരു പുതുമുഖത്തെ കിട്ടിയില്ലെങ്കില്‍ മാത്രം നിലവില്‍ അഭിനയിക്കുന്ന ആളെ നോക്കാമെന്ന് പ്ലാന്‍ ചെയ്തു.

ആ സമയത്താണ് വനിതാ മാഗസിനില്‍ ഒരു പെണ്‍കുട്ടിയെ കാണുന്നത്. അവള്‍ക്ക് നല്ല കോണ്‍ഫിഡന്‍സുള്ള മുഖമായിരുന്നു. അതിന് മുമ്പ് കണ്ടിട്ടില്ലാത്ത പെണ്‍കുട്ടിയാണ്. ഞാന്‍ ഉടനെ മാഗസിന്റെ എഡിറ്ററെ വിളിച്ചു. ഡയാന കുര്യന്‍ എന്നാണ് പേരെന്നും തിരുവല്ലയില്‍ ആണെന്നും അദ്ദേഹം പറഞ്ഞു.

അങ്ങനെ ആദ്യമായി നയന്‍താരയെ വിളിച്ചു. ‘ഞാന്‍ സത്യന്‍ അന്തിക്കാടാണ്. സിനിമയില്‍ അഭിനയിക്കാന്‍ താത്പര്യമുണ്ടോ?’ എന്ന് ചോദിച്ചു. ‘ഞാന്‍ സാറിനെ തിരിച്ചു വിളിക്കാം’ എന്നായിരുന്നു നയന്‍താരയുടെ മറുപടി.

പിന്നെ പുലര്‍ച്ചക്ക് മൂന്ന് മണിക്കാണ് എനിക്ക് ഒരു കോള്‍ വരുന്നത്. ഞാന്‍ നല്ല ഉറക്കത്തിലായിരുന്നു. സിനിമയില്‍ നായികയാക്കാനാണ് വിളിച്ചതെന്ന് പറഞ്ഞപ്പോള്‍ ‘സോറി സാര്‍. ഞാന്‍ സിനിമയില്‍ അഭിനയിക്കുന്നതില്‍ എന്റെ ചില കസിന്‍സിനൊന്നും താത്പര്യമില്ല’ എന്നാണ് നയന്‍താര മറുപടി പറഞ്ഞത്.

അതേസമയം ഡയാനക്ക് അഭിനയിക്കാന്‍ ഇഷ്ടമാണോയെന്ന് ചോദിച്ചപ്പോള്‍ അതേയെന്നായിരുന്നു മറുപടി. അച്ഛനും അമ്മക്കും വിരോധമുണ്ടോയെന്ന് ചോദിച്ചപ്പോള്‍ ഇല്ലെന്നും പറഞ്ഞു. ‘അങ്ങനെയെങ്കില്‍ വന്നുനോക്കൂ. നമുക്ക് കുറച്ച് ദിവസം ഷൂട്ടിങ് കാണാം’ എന്ന് ഞാന്‍ പറഞ്ഞു. അങ്ങനെയാണ് നയന്‍താര സിനിമയിലേക്ക് വരുന്നത്,’ സത്യന്‍ അന്തിക്കാട് പറഞ്ഞു.

Content Highlight: Sathyan Anthikkad Talks About Nayanathara And Manassinakkare Movie

We use cookies to give you the best possible experience. Learn more