മലയാളികള്‍ എക്കാലവും നെഞ്ചിലേറ്റുന്ന ഒരുപിടി മികച്ച സിനിമകള്‍ ഒരുക്കിയ സംവിധായകനാണ് സത്യന്‍ അന്തിക്കാട്.1982ല്‍ കുറുക്കന്റെ കല്യാണം എന്ന ചിത്രത്തിലൂടെയാണ് സത്യന്‍ അന്തിക്കാട് സംവിധാനരംഗത്തേക്ക് കടന്നുവന്നത്. മണ്ണിന്റെ മണമുള്ള സിനിമകളായിരുന്നു അദ്ദേഹം ഒരുക്കിയതില്‍ ഏറെയും.
മോഹന്‍ലാലിനെ കുറിച്ച് സംസാരിക്കുകയാണ് സത്യന്‍ അന്തിക്കാട്. മണിരത്‌നം സംവിധാനം ചെയ്ത ഇരുവര്‍ എന്ന സിനിമ കണ്ടപ്പോള്‍ മോഹന്‍ലാലിന്റെ സൂക്ഷ്മമാഭിനയത്തിന്റെ സൗന്ദര്യം കണ്ട് താനാകെ അതിശയിച്ചുപോയിരുന്നുവെന്ന് സത്യന്‍ അന്തിക്കാട് പറയുന്നു. സിനിമ കണ്ട് മോഹന്‍ലാലിനെ ഉടനെ വിളിക്കണമെന്ന് തോന്നിയെന്നും അര്‍ധരാത്രി വിളിച്ച് തന്റെ സന്തോഷം പറഞ്ഞെന്നും അദ്ദേഹം പറഞ്ഞു.
‘മണിരത്‌നത്തിന്റെ ‘ഇരുവര്‍’ റിലീസ് ചെയ്തു. തൃശ്ശൂരിലെ തിയേറ്ററില്‍ പടം കണ്ട് പുറത്തിറങ്ങിയ എനിക്ക് മോഹന്‍ലാലുമായി ഉടനെ സംസാരിക്കണമെന്ന് തോന്നി. സൂക്ഷ്മമാഭിനയത്തിന്റെ സൗന്ദര്യം കണ്ട് ഞാനാകെ അതിശയിച്ചുപോയിരുന്നു. ഒപ്പമുണ്ടായിരുന്ന ഭാര്യ പറഞ്ഞു വീട്ടിലെത്തിയിട്ട് വിളിക്കാമെന്ന്. തൃശ്ശൂരില്‍ നിന്ന് അന്തിക്കാട്ടേക്ക് അരമണിക്കൂറിന്റെ ദൂരമുണ്ട്.
അത്രയും കാത്തിരിക്കാനെനിക്ക് ക്ഷമയില്ല. ടൗണില്‍ ഒരു എസ്.ടി.ഡി ബൂത്ത് കണ്ടുപിടിച്ച് ഞാനാദ്യം ശ്രീനിവാസനെ വിളിച്ചു. ശ്രീനി അന്ന് ഗോവയില്‍ പ്രിയദര്‍ശന്റെ ഒരു സിനിമയുടെ ലൊക്കേഷനിലാണ്. ഉറക്കച്ചടവോടെ ശ്രീനിവാസന്‍ ഫോണെടുത്തു. ‘എനിക്ക് ലാലിനോടൊന്ന് സംസാരിക്കണം. ഏത് നമ്പറില്‍ വിളിച്ചാലാണ് കിട്ടുക?’ എന്ന് ഞാന്‍ ചോദിച്ചു.
സെക്കന്റ്‌ഷോ കഴിഞ്ഞ സമയമാണെന്നും അര്‍ധരാത്രിയായെന്നും ഞാന്‍ ഓര്‍ത്തില്ല. അടുത്ത മുറിയില്‍ നിന്ന് ലാലിനെ വിളിച്ചുകൊണ്ടുവന്ന് ശ്രീനി ഫോണ്‍ കൊടുത്തു. ‘നാളെ രാവിലെ പറഞ്ഞാല്‍ ഇപ്പോഴത്തെ ഈ ആവേശം ഉണ്ടാകണമെന്നില്ല. അതുകൊണ്ടാണ് തിയേറ്ററില്‍ നിന്ന് പുറത്തിറങ്ങിയ ഉടനെ വിളിക്കുന്നത്’ എന്ന് ഞാന്‍ പറഞ്ഞു. പാതിരാത്രിയിലെ ആ അഭിനന്ദനം ലാലിനേയും ഒരുപാട് സന്തോഷിപ്പിച്ചുവെന്ന് പിന്നീട് ശ്രീനിവാസന്‍ എന്നോട് പറഞ്ഞു,’ സത്യന്‍ അന്തിക്കാട് പറയുന്നു.
Content Highlight: Sathyan Anthikkad talks About Mohanlal And Iruvar Movie