|

അന്ന് സത്യന്റെ പടത്തില്‍ വരുമ്പോഴാണ് ബസില്‍ കയറുന്നതെന്ന് മോഹന്‍ലാല്‍ പറഞ്ഞു: സത്യന്‍ അന്തിക്കാട്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളികള്‍ക്ക് ഒരുപാട് നല്ല സിനിമകള്‍ സമ്മാനിച്ച സംവിധായകനാണ് സത്യന്‍ അന്തിക്കാട്. ഗാന്ധിനഗര്‍ സെക്കന്റ് സ്ട്രീറ്റ്, സന്മനസുള്ളവര്‍ക്ക് സമാധാനം, ശ്രീധരന്റെ ഒന്നാം തിരുമുറിവ്, യാത്രക്കാരുടെ ശ്രദ്ധയ്ക്ക്, മനസിനക്കരെ ഉള്‍പ്പെടെയുള്ള മികച്ച സിനിമകള്‍ മലയാളികള്‍ക്ക് നല്‍കിയത് അദ്ദേഹമാണ്.

അതേസമയം സത്യന്‍ അന്തിക്കാടിന്റെ മിക്ക സിനിമകളിലും ഒരു പ്രൈവറ്റ് ബസ് സീനെങ്കിലും കാണാന്‍ സാധിക്കും. ഇപ്പോള്‍ അതിനെ കുറിച്ച് പറയുകയാണ് അദ്ദേഹം. തന്റെ അച്ഛന്‍ ബസ് കണ്ടക്ടറായിരുന്നുവെന്നും ആ ഒരു അറ്റാച്ച്‌മെന്റായിരിക്കാം തന്റെ മിക്ക സിനിമകളിലും പ്രൈവറ്റ് ബസ് കാണാന്‍ കാരണമെന്നും സംവിധായകന്‍ പറയുന്നു.

മഹിളാരത്നത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. രസതന്ത്രം സിനിമയില്‍ ബസിലെ രംഗം ഷൂട്ട് ചെയ്യുമ്പോള്‍ ‘സത്യന്റെ സിനിമയില്‍ അഭിനയിക്കാന്‍ വരുമ്പോഴാണ് കാലങ്ങള്‍ കൂടി ബസില്‍ കയറുന്നതെന്ന്’ മോഹന്‍ലാല്‍ പറഞ്ഞതിനെ കുറിച്ചും സത്യന്‍ അന്തിക്കാട് അഭിമുഖത്തില്‍ പറയുന്നു.

‘എന്റെ അച്ഛന്‍ ബസ് കണ്ടക്ടറായിരുന്നു. ആ ഒരു അറ്റാച്ച്‌മെന്റായിരിക്കാം എന്റെ മിക്ക സിനിമകളിലും പ്രൈവറ്റ് ബസ് കാണാന്‍ കാരണം. എന്റെ ഞാന്‍ പ്രകാശന്‍ എന്ന സിനിമയിലുമുണ്ട് പ്രൈവറ്റ് ബസിലെ സീന്‍.

എന്റെ വരവേല്‍പ്പ് എന്ന സിനിമ ഒരു ബസ് ഓണറുടെ തന്നെ കഥയായിരുന്നു. രസതന്ത്രം സിനിമയില്‍ ബസിലെ രംഗം ഷൂട്ട് ചെയ്യുമ്പോള്‍ മോഹന്‍ലാലും പറഞ്ഞിട്ടുണ്ട്, സത്യന്റെ സിനിമയില്‍ അഭിനയിക്കാന്‍ വരുമ്പോഴാണ് കാലങ്ങള്‍ കൂടി ബസില്‍ കയറുന്നതെന്ന്,’ സത്യന്‍ അന്തിക്കാട് പറയുന്നു.

താന്‍ യാത്ര പുറപ്പെടുമ്പോള്‍ രാഹുകാലം നോക്കാറില്ലെന്നും അദ്ദേഹം അഭിമുഖത്തില്‍ പറഞ്ഞു. അല്ലാതെ തന്നെ ഒരുപാട് പ്രതിബന്ധങ്ങള്‍ ജീവിതത്തിലുണ്ടെന്നും അതിനിടയില്‍ രാഹുകാലം കൂടി നോക്കാന്‍ പോയാല്‍ കാര്യങ്ങള്‍ മുന്നോട്ടു പോകില്ലെന്നും സത്യന്‍ അന്തിക്കാട് പറയുന്നു.

ഒപ്പം മോഹന്‍ലാലിനെ നായകനാക്കി 1986ല്‍ പുറത്തിറങ്ങിയ തന്റെ ടി.പി. ബാലഗോപാലന്‍ എം.എ എന്ന സിനിമയുടെ ഷൂട്ടിങ് രാഹുകാലത്തിലാണ് തുടങ്ങിയതെന്നും ആ സിനിമ സൂപ്പര്‍ഹിറ്റായെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Content Highlight: Sathyan Anthikkad Talks About Mohanlal And Bus Scenes In His Films

Latest Stories

Video Stories