ഇന്ന് മലയാള സിനിമയില്‍ വളരെ ബ്രില്യന്റായ സംവിധായകരും എഴുത്തുകാരും ഉണ്ടെന്ന് പറയുകയാണ് സത്യന്‍ അന്തിക്കാട്. നമ്മളത് കാണാതെ പോകാന്‍ പാടില്ലെന്നും താനെപ്പോഴും അവരെക്കുറിച്ച് ചിന്തിക്കുന്നത് അവരുമായി മത്സരിക്കാനല്ലെന്നും അദ്ദേഹം പറയുന്നു. അവരില്‍ നിന്നും പലതും പഠിക്കാനാണെന്നും സത്യന്‍ പറഞ്ഞു.
സുഡാനി ഫ്രം നൈജീരിയ, ആന്‍മരിയ കലിപ്പിലാണ്, ഈ.മ.യൗ തുടങ്ങിയവ പോലുള്ള സിനിമകള്‍ മലയാളത്തിന് വലിയ നേട്ടങ്ങള്‍ സമ്മാനിച്ചിട്ടുണ്ടെന്നും ലിജോ ജോസ് പെല്ലിശ്ശേരിയുടെ അങ്കമാലി ഡയറീസ് എന്ന സിനിമയുടെ മേക്കിങ് കണ്ട് താന്‍ അന്തംവിട്ടു പോയിട്ടുണ്ടെന്നും സത്യന്‍ അന്തിക്കാട് പറയുന്നു. നാന സിനിമാവാരികക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ഞാന്‍ പ്രകാശന്‍ എന്ന സിനിമയിലൂടെ ഞാനും ശ്രീനിയും കൂടി ഒരുമിച്ചൊരു സിനിമ ചെയ്യുന്നത് 16 വര്‍ഷങ്ങള്‍ക്കു ശേഷമായിരുന്നു. എങ്കിലും ഞങ്ങളുടെ സൗഹൃദം നേരിലും ഫോണിലും ഒക്കെ തുടരുന്നുണ്ടായിരുന്നു. യാത്രക്കാരുടെ ശ്രദ്ധയ്ക്ക് എന്ന സിനിമക്ക് ശേഷം എന്റെ സിനിമകള്‍ക്ക് വേണ്ടി ശ്രീനി തിരക്കഥ എഴുതിയിട്ടുമില്ല, എന്റെ ഒരു സിനിമയിലും അഭിനയിച്ചിട്ടുമില്ല.
മലയാള സിനിമയാണെങ്കില്‍ പഴയതില്‍ നിന്നും ഒരുപാട് മാറിയിരിക്കുന്നു. അതില്‍ പക്ഷേ, ഞങ്ങള്‍ക്ക് ഭയമൊന്നും തോന്നിയിരുന്നില്ല. കാരണം ഞങ്ങള്‍ രണ്ടുപേരും പുതിയ തലമുറയുടെ കൂടെത്തന്നെ സഞ്ചരിക്കുന്ന ആള്‍ക്കാരാണ്. പുതിയ തലമുറയിലെ ഡയറക്ടേഴ്സിനെയും റൈറ്റേഴ്‌സിനെയും വളരെ നന്നായി വാച്ച് ചെയ്യുകയും അവരുടെ പ്രതിഭയെ ഞങ്ങള്‍ അംഗീകരിക്കുകയും ചെയ്യുന്നവരാണ്.
വളരെ ബ്രില്യന്റായ ഡയറക്ടേഴ്‌സും വളരെ ബ്രില്യന്റായ റൈറ്റേഴ്‌സും ആക്ടേഴ്‌സും ഇപ്പോള്‍ മലയാള സിനിമയിലുണ്ട്. നമ്മളത് കാണാതെ പോകാന്‍ പാടില്ല. ഞാനെപ്പോഴും അവരെക്കുറിച്ച് ചിന്തിക്കുന്നത് അവരുമായി മത്സരിക്കാനല്ല. അവരില്‍ നിന്നും പലതും പഠിക്കാനാണ്.
സുഡാനി ഫ്രം നൈജീരിയ, ആന്‍മരിയ കലിപ്പിലാണ്, ഈ.മ.യൗ തുടങ്ങിയവ പോലുള്ള സിനിമകള്‍ മലയാളത്തിന് വലിയ നേട്ടങ്ങള്‍തന്നെ സമ്മാനിച്ചിട്ടുണ്ട്. ലിജോയുടെ അങ്കമാലി ഡയറീസ് എന്ന സിനിമയുടെ മേക്കിങ് കണ്ടിട്ട് ഞാന്‍ അന്തംവിട്ടു പോയിട്ടുണ്ട്,’ സത്യന്‍ അന്തിക്കാട് പറയുന്നു.
Content Highlight: Sathyan Anthikkad Talks About Lijo Jose Pellissery’s Angamali Diaries Movie