|

ആ നടനും നടിയും തമ്മില്‍ പ്രണയമാണോ? അത്തരം ചോദ്യങ്ങള്‍ ഒഴിവാക്കാന്‍ ബസ് യാത്രകള്‍ വേണ്ടെന്നുവെച്ചു: സത്യന്‍ അന്തിക്കാട്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളികള്‍ക്ക് ഒരുപാട് നല്ല സിനിമകള്‍ സമ്മാനിച്ച സംവിധായകനാണ് സത്യന്‍ അന്തിക്കാട്. ഗാന്ധിനഗര്‍ സെക്കന്റ് സ്ട്രീറ്റ്, സന്മനസുള്ളവര്‍ക്ക് സമാധാനം, ശ്രീധരന്റെ ഒന്നാം തിരുമുറിവ്, യാത്രക്കാരുടെ ശ്രദ്ധയ്ക്ക്, മനസിനക്കരെ ഉള്‍പ്പെടെയുള്ള മികച്ച സിനിമകള്‍ മലയാളികള്‍ക്ക് നല്‍കിയത് അദ്ദേഹമാണ്.

താന്‍ സ്വന്തമായി കാര്‍ വാങ്ങിയതിന് ശേഷം ബസ് യാത്ര നിര്‍ത്തിയതിനെ കുറിച്ച് പറയുകയാണ് സത്യന്‍ അന്തിക്കാട്. മഹിളാരത്‌നത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

തനിക്ക് ഇപ്പോഴും ബസ് യാത്ര ഇഷ്ടവും രസവുമാണെന്നും അദ്ദേഹം പറയുന്നു. മുമ്പ് ബസില്‍ യാത്ര ചെയ്യുമ്പോള്‍ ആളുകള്‍ തന്നെ തിരിച്ചറിയാറില്ലെന്നും എന്നാല്‍ ഇന്ന് അങ്ങനെയല്ലെന്നും സത്യന്‍ പറഞ്ഞു.

ബസില്‍ കയറിയാല്‍ ആളുകളുടെ കുറെ ചോദ്യങ്ങളുണ്ടെന്നും അതില്‍ നിന്നൊക്കെ ഒഴിവാകാനും കൂടിയാണ് ബസ് യാത്ര വേണ്ടെന്ന് വെയ്ക്കുന്നതെന്നും സത്യന്‍ അന്തിക്കാട് അഭിമുഖത്തില്‍ കൂട്ടിച്ചേര്‍ത്തു.

‘കാര്‍ സ്വന്തമാക്കിയ ശേഷം ബസില്‍ യാത്ര ചെയ്യാറില്ല. പക്ഷേ എനിക്ക് ഇപ്പോഴും ബസ് യാത്ര ഇഷ്ടവും രസവുമാണ്. മുമ്പ് ബസില്‍ യാത്ര ചെയ്യുമ്പോള്‍ ആളുകള്‍ എന്നെ തിരിച്ചറിയുന്നുണ്ടായിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ തിരിച്ചറിയുന്നു. ബസില്‍ കയറിയാല്‍ ആളുകളുടെ കുറെ ചോദ്യമുണ്ട്.

മോഹന്‍ലാല്‍ ഇപ്പോള്‍ എത്ര രൂപയാണ് വാങ്ങിക്കുന്നത്? മഞ്ജു വാര്യര്‍ എത്ര രൂപ വാങ്ങുന്നുണ്ട്? ആ നടനും ഈ നടിയും തമ്മില്‍ പ്രണയമാണോ? എന്നിങ്ങനെയുള്ള കുറെ ചോദ്യങ്ങളുണ്ട്. അതില്‍ നിന്നൊക്കെ ഒഴിവാകാനും കൂടിയാണ് ബസ് യാത്ര വേണ്ടെന്ന് വെയ്ക്കുന്നത്,’ സത്യന്‍ അന്തിക്കാട് പറയുന്നു.

അതേസമയം സത്യന്‍ അന്തിക്കാടിന്റെ മിക്ക സിനിമകളിലും ഒരു പ്രൈവറ്റ് ബസ് സീനെങ്കിലും കാണാന്‍ സാധിക്കും. അതിനെ കുറിച്ചും അദ്ദേഹം അഭിമുഖത്തില്‍ സംസാരിച്ചു. തന്റെ അച്ഛന്‍ ബസ് കണ്ടക്ടറായിരുന്നുവെന്നും ആ ഒരു അറ്റാച്ച്മെന്റായിരിക്കാം തന്റെ മിക്ക സിനിമകളിലും പ്രൈവറ്റ് ബസ് കാണാന്‍ കാരണമെന്നാണ് സംവിധായകന്‍ പറയുന്നത്.

Content Highlight: Sathyan Anthikkad Talks About How He Stopped Taking Buses After Buying His Own Car

Latest Stories