Advertisement
Entertainment
മലയാളികള്‍ക്ക് എന്നോടുള്ള വിശ്വാസം നഷ്ടപ്പെട്ടിട്ടില്ലായെന്ന് ബോധ്യപ്പെടുത്തിയത് ആ ഫഹദ് ഫാസില്‍ ചിത്രം: സത്യന്‍ അന്തിക്കാട്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Feb 27, 02:54 pm
Thursday, 27th February 2025, 8:24 pm

മലയാളികള്‍ക്ക് ഒരുപാട് നല്ല സിനിമകള്‍ സമ്മാനിച്ച സംവിധായകനാണ് സത്യന്‍ അന്തിക്കാട്. ഗാന്ധിനഗര്‍ സെക്കന്റ് സ്ട്രീറ്റ്, സന്മനസുള്ളവര്‍ക്ക് സമാധാനം, ശ്രീധരന്റെ ഒന്നാം തിരുമുറിവ്, യാത്രക്കാരുടെ ശ്രദ്ധയ്ക്ക്, മനസിനക്കരെ ഉള്‍പ്പെടെയുള്ള മികച്ച സിനിമകള്‍ മലയാളികള്‍ക്ക് നല്‍കിയത് അദ്ദേഹമാണ്.

സത്യന്‍ അന്തിക്കാട് സിനിമകളില്‍ ശ്രീനിവാസന്റെ രചനയില്‍ ഒരുങ്ങിയ സിനിമകള്‍ക്കും ആരാധകര്‍ ഏറെയാണ്. 2018ല്‍ ശ്രീനിവാസന്‍ രചന നിര്‍വഹിച്ച് സത്യന്‍ സംവിധാനം ചെയ്ത ചിത്രമാണ് ഞാന്‍ പ്രകാശന്‍.

ഫഹദ് ഫാസില്‍ നായകനായ ഈ സിനിമയില്‍ അഞ്ജു കുര്യന്‍, നിഖില വിമല്‍ എന്നിവരായിരുന്നു നായികമാരായി എത്തിയത്. ഫുള്‍ മൂണ്‍ സിനിമയുടെ ബാനറില്‍ സേതു മണ്ണാര്‍ക്കാട് നിര്‍മിച്ച ഞാന്‍ പ്രകാശന്‍ ബോക്‌സ് ഓഫീസില്‍ മികച്ച വിജയം നേടിയിരുന്നു.

ഇപ്പോള്‍ നാന സിനിമാവാരികക്ക് നല്‍കിയ അഭിമുഖത്തില്‍ ആ സിനിമക്ക് ഇങ്ങനെയൊരു വിജയം പ്രതീക്ഷിച്ചിരുന്നോ എന്ന ചോദ്യത്തിന് മറുപടി നല്‍കുകയാണ് സത്യന്‍ അന്തിക്കാട്. ഞാന്‍ പ്രകാശന്‍ സിനിമക്ക് ലഭിച്ചത് തങ്ങള്‍ ആഗ്രഹിച്ച വിജയമാണെന്നും അല്ലാതെ പ്രതീക്ഷിച്ച വിജയമല്ലെന്നുമാണ് അദ്ദേഹം പറയുന്നത്.

ചെറുപ്പക്കാരും കുടുംബ പ്രേക്ഷകരുമെല്ലാം ഒരേപോലെ ഇഷ്ടപ്പെടുന്ന സിനിമയായി ഞാന്‍ പ്രകാശന്‍ മാറിയിരുന്നെന്നും തന്നിലുള്ള വിശ്വാസം ആളുകള്‍ക്ക് നഷ്ടപ്പെട്ടിട്ടില്ലായെന്ന് ബോധ്യപ്പെടുത്തിയ ഒരു സിനിമയായിരുന്നു അതെന്നും സത്യന്‍ അന്തിക്കാട് പറഞ്ഞു.

‘ഏത് സിനിമയും നന്നായിരിക്കാന്‍ വേണ്ടിയിട്ടാണല്ലോ ചെയ്യുന്നത്. നമുക്ക് ഏതൊരു സിനിമ ചെയ്യുമ്പോഴും ഒരു കോണ്‍ഫിഡന്‍സുണ്ടാകും. റിലീസിന് മുമ്പ് ഏത് സിനിമയും എത്രത്തോളം വരുമെന്ന് നമുക്കറിയില്ല.

കാരണം ഓഡിയന്‍സിന്റെ മുന്നിലേക്കാണല്ലോ സിനിമ പോകുന്നത്. ഇതുതന്നെയാണ് ഞാന്‍ എന്റെ ടീമിനോടും പറയാറുള്ളത്. ഞാന്‍ പ്രകാശന്‍ സിനിമയുടെ കാര്യത്തില്‍ പറഞ്ഞാല്‍, അത് നമ്മള്‍ ആഗ്രഹിച്ച വിജയമാണ്. അല്ലാതെ പ്രതീക്ഷിച്ച വിജയമല്ല.

യങ്ങ്‌സ്റ്റേഴ്‌സും ഫാമിലിയുമെല്ലാം ഒരേ പോലെ ഇഷ്ടപ്പെടുന്ന സിനിമയായി ഞാന്‍ പ്രകാശന്‍ മാറിയിരുന്നു. എന്നിലുള്ള വിശ്വാസം ആളുകള്‍ക്ക് നഷ്ടപ്പെട്ടിട്ടില്ലായെന്ന് നമ്മളെ ബോധ്യപ്പെടുത്തിയ ഒരു സിനിമ കൂടിയായിരുന്നു ഞാന്‍ പ്രകാശന്‍,’ സത്യന്‍ അന്തിക്കാട് പറഞ്ഞു.

Content Highlight: Sathyan Anthikkad Talks About Fahadh Faasil’s Njan Prakashan Movie