| Saturday, 30th April 2022, 12:38 pm

വലിയ വ്യവസായത്തിന്റെ ഭാഗമായതോടെ ലാലിനെ കിട്ടാതായി, എന്നാല്‍ പിന്നെ ഒവിവാക്കിയേക്കാം എന്ന് വിചാരിച്ചു; 12 വര്‍ഷം നീണ്ട പിണക്കത്തെ കുറിച്ച് സത്യന്‍ അന്തിക്കാട്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളത്തില്‍ ഒരുപാട് ഹിറ്റ് സിനിമകള്‍ സമ്മാനിച്ച സംവിധായകനാണ് സത്യന്‍ അന്തിക്കാട്. 1982ല്‍ പുറത്തിറങ്ങിയ ‘കുറുക്കന്റെ കല്യാണം’ എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം സംവിധാന രംഗത്തേക്ക് കടന്ന് വന്നത്. നടന്‍മാരായ മോഹന്‍ലാല്‍, ശ്രീനിവാസന്‍, ജയറാം എന്നിവരാണ് സത്യന്‍ അന്തിക്കാടിന്റെ മിക്ക ചിത്രങ്ങളിലും അഭിനയിച്ചത്.

മോഹന്‍ലാലുമായി താന്‍ പിണക്കത്തിലായിരുന്നുവെന്നും, ആ പിണക്കം പിന്നീട് ഇണക്കമായതിനെ കുറിച്ചും വെളിപ്പെടുത്തുകയാണ് സത്യന്‍ അന്തിക്കാട്. ഇന്ത്യ ഗ്ലിറ്റ്സ് മലയാളം മൂവീസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

”എന്റെ സിനിമകളില്‍ വന്നിട്ടുള്ള ഭാഗ്യങ്ങളിലൊന്ന് അല്ലെങ്കില്‍ സന്തോഷം എന്ന് പറയാവുന്നത് മോഹന്‍ലാലിനെ പോലുള്ള ഒരു അഭിനേതാവിനെ ക്യാമറയുടെ മുമ്പില്‍ നിര്‍ത്തി അഭിനയിപ്പിക്കാന്‍ സാധിച്ചു എന്നുള്ളതാണ്. അപ്പുണ്ണി എന്ന സിനിമയിലാണ് എന്റെ കൂടെ മോഹന്‍ലാല്‍ ആദ്യമായി വര്‍ക്ക് ചെയ്തത്. ലാല്‍ ഒരു സൂപ്പര്‍സ്റ്റാറായതിന് ശേഷം വളരെ കുറച്ച് സിനിമകള്‍ മാത്രമാണ് എനിക്ക് ചെയ്യാന്‍ സാധിച്ചത്. പിന്‍ഗാമി എന്ന ചിത്രത്തിന് ശേഷം 12 വര്‍ഷം കഴിഞ്ഞാണ് മോഹന്‍ലാല്‍ എന്റെ രസതന്ത്രം എന്ന സിനിമയിലേക്ക് വരുന്നത്.

ആ സമയത്ത് ചെറിയ ഒരു അഭിപ്രായ വ്യത്യാസമുണ്ടായിരുന്നു. പക്ഷേ മോഹന്‍ലാല്‍ പറഞ്ഞത് അദ്ദേഹം അത് അറിഞ്ഞിട്ടില്ല എന്നാണ്. ഞാന്‍ ശരിയ്ക്കും അന്ന് പിണങ്ങിയതായിരുന്നു. എനിക്ക് അഭിപ്രായ വ്യത്യാസമുണ്ടായതിന്റെ കാരണത്തെ കുറിച്ച് പറയുകയാണെങ്കില്‍ പണ്ട് ഗാന്ധിനഗര്‍ സെക്കന്റ് സ്ട്രീറ്റ്, സന്മനസ്സുള്ളവര്‍ക്ക് സമാധാനം, വരവേല്‍പ്പ് തുടങ്ങിയ സിനിമകള്‍ക്ക് മോഹന്‍ലാലിന്റെ ഡേറ്റ് വാങ്ങിക്കാറില്ല. ഞാന്‍ ഒരു പടം പ്ലാന്‍ ചെയ്യുന്നു, ആ സമയത്ത് ലാല്‍ വന്നിരിക്കും.

പിന്നീട് ലാലിന് അങ്ങനെ ചെയ്യാന്‍ പറ്റാതായി. ലാല്‍ ഒരു വലിയ വ്യവസായത്തിന്റെ ഘടകമായി മാറിയപ്പോള്‍, ഞാന്‍ ആഗ്രഹിക്കുന്ന സമയത്ത് മോഹന്‍ലാലിനെ കിട്ടാതായി. അപ്പോള്‍ എനിക്ക് ചെറിയ പ്രയാസം തോന്നി. എന്നാല്‍ പിന്നെ മോഹന്‍ലാലിനെ ഒഴിവാക്കിയേക്കാം എന്ന് വിചാരിച്ചു. ലാലിന്റെ ഡേറ്റ് ഇനി ചോദിക്കണ്ട, ലാലിനെ വിട്ടേക്കാം എന്നും മനസ്സില്‍ വിചാരിച്ചു.

പിന്നീട് ജയറാമിനെ പോലുള്ളവരെ വെച്ച് സന്ദേശം, പൊന്‍മുട്ടയിടുന്ന താറാവ്, മഴവില്‍ക്കാവടി പോലുള്ള സിനിമകള്‍ ചെയ്തു. അതെല്ലാം ഹിറ്റുമായി. മോഹന്‍ലാലിനെക്കുറിച്ച് ഓര്‍ത്ത് ഞാന്‍ വിഷമിച്ചില്ല. പക്ഷേ 12 വര്‍ഷം കഴിഞ്ഞെന്ന് ഞാന്‍ അറിഞ്ഞിരുന്നില്ല,” സത്യന്‍ അന്തിക്കാട് പറഞ്ഞു.

”ആ പിണക്കം മാറിയത് രസമാണ്. മോഹന്‍ലാലിന്റെ ഇരുവര്‍ എന്ന സിനിമ റിലീസ് ചെയ്ത സമയമായിരുന്നു അത്. ഞാനും എന്റെ കുടുബവും ഒരുമിച്ചാണ് ആ സിനിമ കണ്ടത്. ആ സിനിമയിലെ ലാലിന്റെ അഭിനയം കണ്ടിട്ട് ഞാന്‍ ഭ്രമിച്ച് പോയി. ഞാനും ലാലും മിണ്ടാതിരിക്കുന്ന സമയമാണത്.

സിനിമ കഴിഞ്ഞ ഉടനെ എനിക്ക് മോഹന്‍ലാലിനെ വിളിക്കണം എന്ന് ഭാര്യയോട് പറഞ്ഞു. വീട്ടില്‍ എത്തുന്നത് വരെ കാത്ത് നില്‍ക്കാനുള്ള ക്ഷമ എനിക്കുണ്ടായിരുന്നില്ല. അങ്ങനെ ഒരു എസ്.ടി.ഡി ബൂത്തില്‍ കയറി ലാലിനെ ഞാന്‍ വിളിച്ചു. ലാലിനും അത് വലിയ സന്തോഷമായി എന്ന് പറഞ്ഞു. അതോട് കൂടിയാണ് മഞ്ഞുരുകിയത്,” സത്യന്‍ അന്തിക്കാട് കൂട്ടിച്ചേര്‍ത്തു.

സത്യന്‍ അന്തിക്കാടിന്റെ സംവിധാനത്തില്‍ ജയറാം മീര ജാസ്മിന്‍ കേന്ദ്രകഥാപാത്രങ്ങളാവുന്ന ഏറ്റവും പുതിയ സിനിമയായ ‘മകള്‍’ റിലീസ് ചെയ്തിരിക്കുകയാണ്. സെന്‍ട്രല്‍ പിക്ചേഴ്സാണ് ചിത്രം നിര്‍മിച്ചത്. ഏറെ നാളത്തെ ഇടവേളയ്ക്ക് ശേഷം മീര ജാസ്മിന്‍ മലയാള സിനിമയിലേക്ക് തിരിച്ചെത്തുന്ന ചിത്രമാണ് മകള്‍. വ്യത്യസ്ത മതവിഭാഗത്തില്‍ പെട്ട ദമ്പതികളുടെയും അവരുടെ മകളുടെയും കഥയാണ് മകള്‍ പറയുന്നത്. ദേവിക സഞ്ജയ്, സിദ്ദിഖ്, ഇന്നസെന്റ്, ശ്രീനിവാസന്‍, നസ്ലിന്‍ കെ. ഗഫൂര്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. ഏപ്രില്‍ 29നാണ് ചിത്രം തിയേറ്ററുകളില്‍ റിലീസ് ചെയ്തത്.

Content High;ight: Sathyan Anthikkad talks about a 12 year long feud with mohanlal 

We use cookies to give you the best possible experience. Learn more