ആ മോഹൻലാൽ ചിത്രം ഒരു പരീക്ഷണമായിരുന്നു, അതിൽ തന്നെ ലാലിന് ആദ്യമായി അവാർഡും കിട്ടി: സത്യൻ അന്തിക്കാട്
Entertainment
ആ മോഹൻലാൽ ചിത്രം ഒരു പരീക്ഷണമായിരുന്നു, അതിൽ തന്നെ ലാലിന് ആദ്യമായി അവാർഡും കിട്ടി: സത്യൻ അന്തിക്കാട്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 17th April 2024, 11:04 am

മലയാളികൾക്ക് എന്നും പ്രിയപ്പെട്ട സിനിമകൾ സമ്മാനിച്ച സംവിധായകനാണ് സത്യൻ അന്തിക്കാട്. മോഹൻലാൽ, ജയറാം തുടങ്ങിയ താരങ്ങൾക്ക് കുടുംബ പ്രേക്ഷകർക്കിടയിൽ വലിയ സ്ഥാനം നേടികൊടുക്കാൻ സത്യൻ അന്തിക്കാടിന്റെ സിനിമകൾ സഹായിച്ചിട്ടുണ്ട്.

തന്റെ സിനിമകളിൽ ഏറ്റവും ഇഷ്ടമുള്ള സിനിമയെ കുറിച്ച് പറയുകയുമാണ് സത്യൻ അന്തിക്കാട്. ഒരു സംവിധായകനെ സംബന്ധിച്ച് അയാൾ ചെയ്യുന്ന സിനിമയാണ് ഏറ്റവും ഇഷ്ടമെന്നും അങ്ങനെ എല്ലാ സിനിമകളും തനിക്ക് ഇഷ്ടമാണെന്നും അദ്ദേഹം പറയുന്നു.

എന്നാൽ വൈകാരികമായി മനസിനോട് ചേർന്ന് നിൽക്കുന്ന ചിത്രം ടി. പി. ബാലഗോപാലൻ എം. എ ആണെന്നും അതിനൊരുപാട് കാരണമുണ്ടെന്നും അദ്ദേഹം പറഞ്ഞു. റേഡിയോ സുനോയോട് സംസാരിക്കുകയായിരുന്നു സത്യൻ.

‘ഒരു സംവിധായകനെ സംബന്ധിച്ച് ചെയ്ത് കൊണ്ടിരിക്കുന്ന സിനിമയായിരിക്കും എപ്പോഴും ഫേവറീറ്റ് ആയിട്ട് നമുക്ക് തോന്നുക. കഴിഞ്ഞ സിനിമ ചെയ്യുമ്പോൾ അതാണ്, ഞാൻ പ്രകാശൻ ചെയ്യുമ്പോൾ അതാണ്. അങ്ങനെ നമ്മൾ ചെയ്യുമ്പോൾ മനസ് മുഴുവൻ അർപ്പിച്ചു ചെയ്യുന്നത് ആ സിനിമയിൽ ആയിരിക്കും.

മനസിനക്കരെ, വീണ്ടും ചില വീട്ടുകാര്യങ്ങൾ അങ്ങനെ കുറേ സിനിമകളുണ്ടല്ലോ, അതൊക്കെ ചെയ്യുന്ന സമയത്ത് ആ സിനിമകൾ പ്രിയപ്പെട്ടതാണ്. പക്ഷെ ഞാൻ എപ്പോഴും പറയാറുണ്ട് വൈകാരികമായി എന്റെ മനസിനോട് ചേർന്ന് നിൽക്കുന്ന കഥാപാത്രവും സിനിമയും ഇപ്പോഴും ടി.പി. ബാലഗോപാലൻ എം.എയാണ്.

അതിന്റെ പ്രധാന കാരണം ഒരു വലിയ കോമ്പോ അവിടെ തുടങ്ങുകയായിരുന്നു. ശ്രീനിവാസനും ഞാനും മോഹൻലാലും വിപിൻ മോഹനും ഒന്നിച്ച ആദ്യത്തെ സിനിമയായിരുന്നു അത്. ബാലഗോപലനിലൂടെയാണ് ഞങ്ങൾ ഈ സാധാരണക്കാരുടെ കഥകളുടെ പരീക്ഷണം തുടങ്ങിയത്.

സാധാരണക്കാരുടെ കഥകളും നമ്മുടെ ജീവിതവും നമ്മുടെ അനുഭവങ്ങളുമെല്ലാം പറഞ്ഞാൽ ആളുകൾ ഇഷ്ടപ്പെടുമെന്ന് ഞങ്ങളെ ബോധവാൻമാരാക്കിയ ആദ്യത്തെ സിനിമയായിരുന്നു അത്.

ശ്രീനിവാസൻ എന്റെ ജീവിതത്തിലേക്ക് കടന്ന് വന്ന ആദ്യത്തെ സിനിമയാണ്. മോഹൻലാലിന് ആദ്യമായി ഒരു സംസ്ഥാന അവാർഡ് കിട്ടിയ ചിത്രമാണ്.

അങ്ങനെ പല കാരണങ്ങൾ കൊണ്ടും ടി. പി. ബാലഗോപാലൻ എം. എയോട് എനിക്ക് ഒരു കൂടുതൽ ഇഷ്ടമുണ്ട്,’സത്യൻ അന്തിക്കാട് പറയുന്നു.

Content Highlight: Sathyan Anthikkad Talk About T.P.Balagopalan M.A Movie