| Saturday, 15th June 2024, 12:27 pm

ഞാൻ അടുത്തകാലത്ത് ഏറ്റവും കൂടുതൽ വിഷമിച്ചത് ആ നടന് സുഖമില്ലാതെ ഇരുന്നപ്പോഴാണ്: സത്യൻ അന്തിക്കാട്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളത്തിന് മികച്ച സിനിമകൾ സമ്മാനിച്ച കൂട്ടുകെട്ടാണ് ശ്രീനിവാസൻ – സത്യൻ അന്തിക്കാട്. സാധാരണക്കാരോട് ഏറ്റവും ചേർന്ന് നിൽക്കുന്ന ചിത്രങ്ങളാണ് ഇരുവരും എന്നും ഒരുക്കിയത്. അവസാനം ഒന്നിച്ച ഞാൻ പ്രകാശനും തിയേറ്ററിൽ സൂപ്പർ ഹിറ്റായിരുന്നു.

നാടോടിക്കാറ്റ്, സന്മനസ്സ് ഉള്ളവക്ക് സമാധാനം, ഗാന്ധി നഗർ സെക്കന്റ്‌ സ്ട്രീറ്റ്, വരവേൽപ്പ് തുടങ്ങി മോഹൻലാലിന്റെ കരിയറിലും വലിയ സ്വാധീനം ചെലുത്താൻ സത്യൻ അന്തിക്കാട് – ശ്രീനിവാസൻ സിനിമകൾക്ക് സാധിച്ചിട്ടുണ്ട്.

ശാരീരികമായ അവശതകൾ കാരണം ശ്രീനിവാസൻ ഇന്ന് സിനിമയിൽ സജീവമല്ല. ശ്രീനിവാസൻ തളർന്നപ്പോൾ തനിക്ക് നല്ല ടെൻഷൻ തോന്നിയിരുന്നുവെന്ന് സത്യൻ അന്തിക്കാട് പറയുന്നു. ശ്രീനിവാസൻ മരിച്ചുവെന്നെല്ലാം വ്യാജ വാർത്തകൾ വന്നപ്പോൾ വലിയ പ്രയാസം തോന്നിയെന്നും സത്യൻ അന്തിക്കാട് പറയുന്നു. സ്റ്റാർ ആൻഡ്‌ സ്റ്റൈൽ മാഗസിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘എനിക്ക് ശരിക്കു പറഞ്ഞാൽ ഭയങ്കരമായ പേടിയുണ്ടായിരുന്നു. ഞാൻ മനസ്സുകൊണ്ട് പ്രാർഥിച്ചിരുന്നു. ശ്രീനിവാസൻ തിരിച്ചുവന്ന് ഒരു തവണകൂടി സിനിമ ചെയ്യാനുള്ള ആരോഗ്യം കൊടുക്കണേ എന്ന് ഞാൻ പ്രാർഥിച്ചിരുന്നു. ഞാൻ അടുത്തകാലത്ത് ഏറ്റവും കൂടുതൽ വിഷമിച്ചത് ശ്രീനിവാസന് സുഖമില്ലാതിരുന്നപ്പോഴാണ്. അതിനുശേഷം ഇന്നസെന്റ്…

ശ്രീനിവാസൻ മരിച്ചു എന്നുവരെ വ്യാജവാർത്തകൾ പ്രചരിച്ചിരുന്നു. ഞാൻ എന്നും ശ്രീനിവാസന്റെ അപ്ഡേറ്റ്സ് അറിയാൻ കൂടെയുണ്ടായിരുന്നു. എന്നെ സംബന്ധിച്ച് ശ്രീനിവാസൻ തിരിച്ചുവരേണ്ടത് അത്യാവശ്യമായ തുകൊണ്ട് എനിക്ക് ആ വാർത്തകളോട് മനസ്സുകൊണ്ട് പൊരുത്തപ്പെടാൻ സാധിക്കില്ല.

‘ഞാൻ പ്രകാശൻ’ എന്ന സിനിമ എഴുതാൻ ഞങ്ങൾ ചർച്ച ചെയ്യുമ്പോഴാണ് ശ്രീനിവാസന് ആദ്യത്തെ സ്ട്രോക്ക് വരുന്നത്. അതിനുശേഷം ഞങ്ങൾ വിഷയം ചർച്ച ചെയ്തിരുന്നു. എഴുതിയിട്ടില്ല. ആ സമയത്ത് ശ്രീനിക്ക് ന്യൂറോ പ്രശ്നങ്ങളൊക്കെ ഉള്ളതുകൊണ്ട് സ്‌ട്രെസ്‌ കൊടുക്കരുത് എന്ന് മകൻ വിനീത് അടക്കം എന്നെ വിളിച്ചു പറഞ്ഞിരുന്നു.

അപ്പോൾ ഞാൻ വിനീതിനോട് പറഞ്ഞത്, അച്ഛന്റെ മരുന്ന് സിനിമയാണ് എന്നായിരുന്നു. ഞാൻ ശ്രീനിയുടെ അടുത്ത് ചെന്നിരിക്കും. ഞങ്ങൾ സിനിമയെ കുറിച്ച് സംസാരിക്കും. സംസാരിച്ച് സംസാരിച്ച് ശ്രീനി അതിലേക്ക് ഉണരുമെന്ന് എനിക്കറിയാം. അതുതന്നെ സംഭവിച്ചു,’സത്യൻ അന്തിക്കാട് പറയുന്നു.

Content Highlight: Sathyan Anthikkad Talk About Sreenivasan

Latest Stories

We use cookies to give you the best possible experience. Learn more