| Monday, 16th September 2024, 9:53 pm

അന്ന് എന്നെ രക്ഷപ്പെടുത്തിയത്‌ ശോഭന, ഇതാണ് എന്റെ നായികയെന്ന് ഞാൻ മനസിലാക്കി: സത്യൻ അന്തിക്കാട്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാള പ്രേക്ഷകരുടെ ജനപ്രിയ കൂട്ടുകെട്ടാണ് മോഹൻലാൽ – സത്യൻ അന്തിക്കാട്. ഇരുവരും ഒന്നിച്ചപ്പോഴെല്ലാം മികച്ച ചിത്രങ്ങളാണ് പ്രേക്ഷകർക്ക് ലഭിച്ചിട്ടുള്ളത്. പ്രേക്ഷകരോട് ഏറ്റവും ചേർന്ന് നിൽക്കുന്ന സിനിമകളാണ് സത്യൻ അന്തിക്കാട് എന്നും ഒരുക്കിയിട്ടുള്ളത്. മമ്മൂട്ടിയെ കേന്ദ്ര കഥാപാത്രമാക്കി സത്യൻ അന്തിക്കാട് ഒരുക്കിയ സിനിമയാണ് ഗോളാന്തര വാർത്തകൾ.

ശോഭന,കനക,ശ്രീനിവാസൻ, നെടുമുടി വേണു തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തിയിരുന്നു. ചിത്രത്തിൽ ശോഭനയ്ക്ക് പകരം ആദ്യം അഭിനയിച്ചത് മറ്റൊരു നായികയായിരുന്നുവെന്നും എന്നാൽ അവരുടെ അഭിനയം റെഡിയാവാതെ വന്നപ്പോൾ തനിക്ക് സഹായമായി എത്തിയത് ശോഭനയാണെന്നും ആ കഥാപാത്രത്തെ ശോഭന മനോഹരമായി അവതരിപ്പിച്ചെന്നും സത്യൻ അന്തിക്കാട് പറയുന്നു. ക്ലബ് എഫ്.എമ്മിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ശോഭന എന്നെ രക്ഷപ്പെടുത്തിയിട്ടുണ്ട്. മമ്മൂട്ടി നായകനായ ഗോളാന്തര വാർത്തകൾ എന്ന സിനിമയിൽ. ആദ്യം ആ സിനിമയിൽ അഭിനയിച്ചുകൊണ്ടിരുന്നത് വേറെ ഭാഷയിലെ കുട്ടിയായിരുന്നു. കാണാനൊക്കെ നല്ല രസമാണ്. പല സീനുകൾ കഴിയുമ്പോഴും മമ്മൂട്ടി പറയുമായിരുന്നു ഡബ്ബിങ്ങിൽ ശരിയാവും പെർഫോമൻസ് നമുക്ക് റെഡിയാക്കിയെടുക്കാമെന്ന്.

നമ്മൾ ഒരു ആർട്ടിസ്റ്റിനെ കൊണ്ടുവന്ന് മാറ്റി കളയുകയെന്ന് പറഞ്ഞാൽ അവരുടെ ശാപം കിട്ടുന്ന പോലെയാണ്. അത് സിനിമയെ ബാധിച്ചാലോ എന്നൊക്കെ ഞാൻ ചിന്തിച്ചിരുന്നു. പിന്നെ ഞാൻ ആലോചിച്ചു, ഞാൻ ആരോടാണ് സത്യസന്ധൻ ആവേണ്ടത്. ആ കുട്ടിയോടാണോ സിനിമയോടാണോ.

സിനിമയ്ക്ക് വേണ്ടത് വേറെയാളാണ്. ആ കുട്ടി വേണമെങ്കിൽ ശപിച്ചോട്ടെ. അതിനല്ലേ നമ്മൾ പ്രാധാന്യം കൊടുക്കേണ്ടത്. കുട്ടി ശപിച്ചാലും സിനിമ നമ്മളെ ശപിക്കില്ലല്ലോ. അപ്പോൾ ഷൂട്ടിങ്ങൊക്കെ തുടങ്ങിയിട്ടുണ്ട്. പക്ഷെ ആ സമയത്ത് നമുക്ക് ഒരു നായികയെ കിട്ടണ്ടേ. അപ്പോഴാണ് ശോഭനയുമൊത്തുള്ള സൗഹൃദം എനിക്ക് ഉപയോഗപ്പെടുന്നത്.

ഞാൻ ശോഭനയെ വിളിച്ചു. ശോഭന വന്ന് അഭിനയിച്ചു. ശോഭന വന്ന് അഭിനയിച്ച ആദ്യത്തെ രംഗം ചിത്രത്തിലെ ഇനിയൊന്ന് പാടു ഹൃദയമേയെന്ന ഗാനമാണ്. അത് ഷൂട്ട് ചെയ്തുകൊണ്ടിരുന്നപ്പോൾ തന്നെ എനിക്ക് മനസിലായി, ഇതാണ് എന്റെ നായികയെന്ന്,’സത്യൻ അന്തിക്കാട് പറയുന്നു.

Content Highlight: Sathyan Anthikkad Talk About Shobana

We use cookies to give you the best possible experience. Learn more