| Tuesday, 13th August 2024, 4:27 pm

നന്ദി സത്യൻ..;ഇത്രയേറെ വേദന നിറഞ്ഞ ശബ്‌ദം ഞാനിന്ന് വരെ കേട്ടിട്ടില്ല: സത്യൻ അന്തിക്കാട്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

തന്റെ സിനിമകളിലൂടെ മികച്ച ഗാനങ്ങൾ മലയാളത്തിന് നൽകിയിട്ടുള്ള സംവിധായകനാണ് സത്യൻ അന്തിക്കാട്. സംഗീത സംവിധായകൻ ഇളയരാജയോടൊപ്പം വർക്ക്‌ ചെയ്ത അനുഭവം പങ്കുവെക്കുകയാണ് അദ്ദേഹം.

മനസിനക്കരെ, രസതന്ത്രം, അച്ചുവിന്റെ അമ്മ തുടങ്ങി ഇളയരാജ – സത്യൻ കൂട്ടുകെട്ടിൽ പിറന്നവയെല്ലാം ഹിറ്റ്‌ പാട്ടുകൾ ആയിരുന്നു. ഇളയരാജയുടെ മകൾ ഭരതരണി ഈയിടെ മരണപ്പെട്ടിരുന്നു.

മരണ വാർത്തയറിഞ്ഞ ശേഷം ഇളയരാജക്ക് സന്ദേശം അയച്ചതിനെ കുറിച്ച് പറയുകയാണ് സത്യൻ അന്തിക്കാട്. രണ്ടുമൂന്ന് വട്ടം ഫോൺ ചെയ്തിട്ടും എടുത്തില്ലെന്നും ഒടുവിൽ താനൊരു മെസേജ് അയച്ചെന്നും സത്യൻ അന്തിക്കാട് പറയുന്നു. അദ്ദേഹം തിരിച്ചയച്ച മെസേജ് തനിക്ക് വലിയ വേദനയുണ്ടാക്കിയെന്നും സത്യൻ അന്തിക്കാട് പറയുന്നു. സ്റ്റാർ ആൻഡ്‌ സ്റ്റൈൽ മാഗസിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം

‘ഇത്രയേറെ അടുപ്പമുണ്ടായിട്ടും ഒരു പരിധിക്കപ്പുറത്തേക്ക് ഞാൻ സ്വാതന്ത്ര്യമെടുക്കാറില്ല. അത്യാവശ്യത്തിനല്ലാതെ ഫോണിൽ വിളിക്കില്ല, മെസേജ് ചെയ്യില്ല. അൽപം അകന്നു നിന്ന് ആ മഹാവ്യക്തിത്വത്തെ നോക്കിക്കാണാനാണ് എനിക്കിഷ്ടം. നക്ഷത്രങ്ങളെ നക്ഷത്രങ്ങളായി തന്നെ കാണണം. എങ്കിലേ ആ ശോഭ നമുക്ക് ആസ്വദിക്കാൻ കഴിയു.

കുറച്ച് ദിവസങ്ങൾക്കുമുൻപ് ഞാനദ്ദേഹത്തിൻ്റെ നമ്പറിലൊന്ന് വിളിച്ചു. അദ്ദേഹത്തിന് ഏറെ പ്രിയപ്പെട്ട മകൾ ഭവതരണിയുടെ വിയോഗ വാർത്ത കേട്ടപ്പോൾ. അച്ഛൻ ജീവിച്ചിരിക്കെ മക്കൾ ഈ ലോകത്തോട് വിടപറയുന്നത് താങ്ങാനാവാത്ത സങ്കടമാണ്, ഏത് പിതാവിനും.

രണ്ടുമൂന്ന് തവണ ബെല്ലടിച്ചിട്ടും ഫോൺ എടുക്കാതായപ്പോൾ ഞാനൊരു ശബ്ദസന്ദേശമയച്ചു. സമാധാനിപ്പിക്കാൻ വാക്കുകളൊന്നുമില്ല. മറ്റുള്ളവർ വേദനിക്കുമ്പോൾ അവരെ ആശ്വസിപ്പിക്കാറുള്ള രാജാസാറിന് ഈ സങ്കടം നേരിടാൻ ഈശ്വരൻ ശക്തിതരട്ടെ എന്നുമാത്രമേ ഞാൻ പറഞ്ഞുള്ളൂ. മറുപടി വന്നു. തളർന്ന ശബ്ദത്തിൽ

നന്ദി… സത്യൻ,എന്നുമാത്രം. അത്രയും വേദന നിറഞ്ഞ ശബ്ദം ഞാനിന്നുവരെ കേട്ടിട്ടില്ല. അതുകൊണ്ടുതന്നെ ഞാനാ മെസേജ് മായ്ച്ചുകളഞ്ഞില്ല. അതൊരു അച്ഛന്റെ ആത്മനൊമ്പരത്തിന്റെ ശബ്ദമാ ണ്. ഇളയരാജ എന്ന പച്ചമനുഷ്യന്റെ ശബ്ദം,’സത്യൻ അന്തിക്കാട് പറയുന്നു.

Content Highlight: Sathyan Anthikkad Talk About Relation With Ilayaraja

We use cookies to give you the best possible experience. Learn more