| Thursday, 15th August 2024, 12:05 pm

എന്നെ തന്നെ അഭിനയിപ്പിക്കണമെന്ന് ആരോടും പറഞ്ഞിട്ടില്ലെന്നായിരുന്നു അന്ന് ആ നടിയുടെ മറുപടി: സത്യൻ അന്തിക്കാട്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ലോഹിതദാസിന്റെ രചനയിൽ സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത മികച്ച ചിത്രമായിരുന്നു ‘വീണ്ടും ചില വീട്ടുകാര്യങ്ങൾ’. ജയറാം, തിലകൻ എന്നിവർ പ്രധാന വേഷത്തിലെത്തിയ ചിത്രം നടി സംയുക്ത വർമയുടെ ആദ്യ സിനിമ കൂടിയായിരുന്നു.

ചിത്രത്തിലെ പ്രകടനത്തിലൂടെ ആദ്യമായി സംസ്ഥാന അവാർഡ് നേടാനും സംയുക്തക്ക് കഴിഞ്ഞു. ആദ്യ സിനിമയായതിനാൽ പല സ്ഥലത്തും സംയുക്തക്ക് സംശയം ഉണ്ടായിരുന്നുവെന്നും അന്ന് ഫിലിമിൽ ഷൂട്ട്‌ ചെയ്യുന്നത് കൊണ്ട് അതൊരു പ്രയാസമായിരുന്നുവെന്നും സത്യൻ അന്തിക്കാട് പറഞ്ഞു. ക്ലബ് എഫ്.എമ്മിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘എന്റെ ക്ഷമ പരീക്ഷിച്ച നായികമാരിൽ ഒരാളാണ് സംയുക്ത വർമ. സംയുക്ത വർമ ആദ്യമായി അഭിനയിക്കുന്നത് എന്റെ വീണ്ടും ചില വീട്ടുകാര്യങ്ങളിലാണ്. മാതൃഭൂമിയുടെ ഗൃഹലക്ഷ്മിയുടെ ഒരു കവർ പേജ് കണ്ടിട്ടാണ് സംയുക്ത വർമയിലേക്ക് എത്തുന്നത്.

പി.വി. ഗംഗാധരനാണ് നിർമാതാവ്. അദ്ദേഹത്തിന്റെ വൈഫ്‌ ഷെറിൻ ചേച്ചി എന്നോട് പറഞ്ഞു, ഈ കുട്ടി നമ്മുടെ കഥാപാത്രത്തിന് പറ്റുന്നതാണല്ലേയെന്ന്. നോക്കുമ്പോൾ വളരെ കറക്റ്റാണ്. എനിക്കും അത് ശരിയായി തോന്നി. അങ്ങനെ ഞാൻ ബുദ്ധിമുട്ടി അവരെ തേടി പിടിച്ച് കൊണ്ടുവന്നു. അങ്ങനെ അഭിനയിക്കാൻ തുടങ്ങി. പുതിയ കുട്ടിയാണല്ലോ. ഷൂട്ട്‌ ചെയ്യുമ്പോൾ ചില ഭാഗങ്ങൾ അവർക്ക് മനസിലാവുകയേയില്ല. അന്ന് ഷൂട്ട്‌ ചെയ്യുന്നത് ഫിലിമിലാണ്.

400 അടി ഫിലിം എടുത്താൽ അതിൽ ഒരു നാലഞ്ചു ടേക്ക് എടുക്കുമ്പോഴേക്കും ആ നാന്നൂറടി കഴിയും. അടുത്തത് കയറ്റേണ്ടി വരും. അപ്പോൾ ഞാൻ സംയുക്തയോട് പറയും, ഫിലിം നല്ല വില കൊടുത്തിട്ട് വാങ്ങുന്നതാണെന്ന്.

എന്നെ തന്നെ വെച്ചിട്ട് അഭിനയിപ്പിക്കണമെന്ന് നിർമാതാവിനോട് ഞങ്ങൾ പറഞ്ഞിട്ടിലല്ലോ എന്ന് സംയുക്ത ചോദിച്ചു. അവർ അത്രയും ഇന്നസെന്റാണ്. സത്യത്തിൽ അത്രയും കഴിവുള്ള ക്വാളിറ്റിയുള്ള അഭിനയം പുറത്തെടുക്കാൻ വേണ്ടിയാണ് ആ ക്ഷമ. ആ പടത്തിലെ അഭിനയത്തിന് സംയുക്തക്ക് സംസ്ഥാന അവാർഡും ലഭിച്ചു,’സത്യൻ അന്തിക്കാട് പറയുന്നു.

Content Highlight: Sathyan Anthikkad Talk About Performance Of Samyuktha Varma In Fist Movie

We use cookies to give you the best possible experience. Learn more