സത്യൻ അന്തിക്കാട് – മോഹൻലാൽ സിനിമകൾക്ക് മലയാളികൾക്കിടയിൽ വലിയ സ്ഥാനമാണുള്ളത്. ആ സിനിമകളിലെല്ലാം മലയാളികൾ കണ്ടത് സാധാരണക്കാരുടെ ജീവിതമായിരുന്നു. മോഹൻലാൽ എന്ന നടനെ കുടുംബ പ്രേക്ഷകർക്കിടയിൽ ജനപ്രിയനാക്കുന്നതിൽ സത്യൻ അന്തിക്കാടിന്റെ സിനിമകൾ വലിയ പങ്കുവഹിച്ചിട്ടുണ്ട്.
രൂപത്തിലും ഭാവത്തിലും വന്ന മാറ്റങ്ങൾ ഉൾക്കൊണ്ട് സിനിമകൾ ചെയ്താൽ മോഹൻലാൽ നമ്മളെ അത്ഭുതപ്പെടുത്തുമെന്നും തനിക്ക് അഭിനയിപ്പിച്ച് കൊതിതീരാത്ത നടനാണ് മോഹൻലാലെന്നും സത്യൻ അന്തിക്കാട് പറയുന്നു. തൊഴിലില്ലാത്ത ചെറുപ്പക്കാരൻ, ഒരു പെൺകുട്ടിയുടെ മുന്നിൽ കാൽകുത്തിമറിയുന്നൊരാൾ അങ്ങനെയൊന്നും ഇനി മോഹൻലാലിനെ വെച്ച് ചെയ്യാൻ പറ്റില്ലെന്നും അദ്ദേഹം സ്റ്റാർ ആൻഡ് സ്റ്റൈൽ മാഗസിനോട് പറഞ്ഞു.
‘അഭിനയിപ്പിച്ചിട്ട് കൊതിതീർന്നിട്ടില്ലാത്ത നടനാണ് ഇന്നും എനിക്ക് മോഹൻലാൽ. അതിപ്പോൾ പഴയ മോഹൻലാലാണോ പുതിയ മോഹൻലാലാണോ എന്നുള്ളതല്ല. നാടോടിക്കാറ്റിലെ മോഹൻലാലിനെ ഇന്നത്തെ മോഹൻലാലിലൂടെ റീപ്ലേസ് ചെയ്യാൻ പറ്റില്ല.
രൂപത്തിലും പ്രായത്തിലും ഒക്കെയുണ്ടായ മാറ്റങ്ങൾ ഉൾക്കൊണ്ടു തന്നെ മോഹൻലാലിനെ വെച്ചിട്ടുള്ള ക്യാരക്ടേഴ്സ് ചെയ്യുകയാണെങ്കിൽ ഇതുപോലെതന്നെ ലാലിനെവെച്ച് അത്ഭുതങ്ങൾ സൃഷ്ടിക്കാൻ സാധിക്കുമെന്നാണ് ഞാൻ വിചാരിക്കുന്നത്.
കാരണം മോഹൻലാൽ ബേസിക്കലി അഭിനേതാവാണ്. മോഹൻലാലിനെ ക്യാമറയുടെ മുന്നിൽ നിർത്തിയിട്ട് എനിക്ക് കൊതി തീർന്നിട്ടില്ല. ഇന്നും മോഹൻലാലുമായി സംസാരിക്കുമ്പോഴൊക്കെ ആ ഹ്യൂമറും സാധനങ്ങളുമൊക്കെ ഇപ്പോഴും ലാലിലുണ്ട്.
എന്നുവെച്ചിട്ട് അന്നത്തെ ഗാന്ധിനഗർ സെക്കന്റ് സ്ട്രീറ്റിലെ ‘മെ ചെൽത്താഹെ ഹൂം, ഹെ ഹൈ’ എന്ന് പറയിപ്പിച്ചിട്ട് ചെയ്യാൻ പാടില്ല. ഇപ്പോഴത്തെ അവസ്ഥ വെച്ചിട്ട് കഥാപാത്രങ്ങളെ ഉണ്ടാക്കിയാൽ മോഹൻലാലിനെ വെച്ചിട്ട് ഇനിയും രസകരമായ സിനിമകൾ ചെയ്യാൻ പറ്റുമെന്ന വിശ്വാസം എനിക്കുണ്ട്.
എന്നാൽ, തൊഴിലില്ലാത്ത ചെറുപ്പക്കാരൻ, ഒരു പെൺകുട്ടിയുടെ മുന്നിൽ കാൽകുത്തിമറിയുന്നൊരാൾ അങ്ങനെയൊന്നും ഇനി മോഹൻലാലിനെ വെച്ച് ചെയ്യാൻ പറ്റില്ല,’സത്യൻ അന്തിക്കാട് പറയുന്നു.
Content Highlight: Sathyan Anthikkad Talk About Old Mohanlal Movies