ആ രണ്ട് ചിത്രങ്ങളും സൂപ്പർ ഹിറ്റായത് ഹ്യൂമർ കാരണമാണ്, യഥാർത്ഥ ഹ്യൂമർ ഇപ്പോഴും പ്രേക്ഷകർ ആസ്വദിക്കുന്നുണ്ട്: സത്യൻ അന്തിക്കാട്
Entertainment
ആ രണ്ട് ചിത്രങ്ങളും സൂപ്പർ ഹിറ്റായത് ഹ്യൂമർ കാരണമാണ്, യഥാർത്ഥ ഹ്യൂമർ ഇപ്പോഴും പ്രേക്ഷകർ ആസ്വദിക്കുന്നുണ്ട്: സത്യൻ അന്തിക്കാട്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 17th June 2024, 2:41 pm

മലയാളത്തിൽ മികച്ച സിനിമകൾ സമ്മാനിച്ചിട്ടുള്ള സംവിധായകനാണ് സത്യൻ അന്തിക്കാട്. സാധാരണക്കാരുടെ കഥകളാണ് സത്യൻ അന്തിക്കാട് എന്നും പറഞ്ഞിട്ടുള്ളത്. മലയാള സിനിമയിലെ ഹ്യൂമറുകളെ കുറിച്ച് പറയുകയാണ് സത്യൻ അന്തിക്കാട്.

ഹ്യൂമർ ഉള്ള സിനിമകൾ തന്നെയാണ് ഇപ്പോഴും തിയേറ്ററിൽ വിജയമാവുന്നതെന്നും യഥാർത്ഥ ഹ്യൂമറുകൾ ആളുകൾ ഇപ്പോഴും സ്വീകരിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. സ്റ്റാർ ആൻഡ്‌ സ്റ്റൈൽ മാഗസിനോട് സംസാരിക്കുകയായിരുന്നു സത്യൻ അന്തിക്കാട്.

‘ഇപ്പോഴും ഹ്യൂമറുള്ള സിനിമ തന്നെയാണ് തിയേറ്ററുകളിൽ ക്ലിക്ക് ചെയ്യുന്നത്. അടുത്തകാലത്ത് ഓടിയ ബിഗ് ബജറ്റ് അല്ലാത്ത പടങ്ങൾ നോക്കിയാൽ അതിനെ സേവ് ചെയ്യുന്നതൊക്കെ ഹ്യൂമർ തന്നെയാണ്. നല്ല ഹ്യൂമർ ഉണ്ടാക്കാനുള്ള ആളുകൾ കുറഞ്ഞുപോയെന്ന് മാത്രമേയുള്ളൂ. അല്ലാതെ ഓഡിയൻസിനെ നമുക്കൊരിക്കലും കുറ്റം പറയാൻ പറ്റില്ല.

യഥാർഥ ഹ്യൂമർ കേട്ടുകഴിഞ്ഞാൽ ഇപ്പോഴും ആളുകൾ ആനന്ദിക്കുന്നുണ്ട്, ചിരിക്കുന്നുമുണ്ട്. എന്റെ മകൻ അഖിലിന്റെ സിനിമയായ ‘പാച്ചുവും അത്ഭുതവിളിക്കിൽ ഫഹദ് ഫാസിലും ഹംസധ്വനിയും കുടിയുള്ള സീക്വൻസിന്റെ ഒക്കെ തമാശകൾ കേട്ട് ആളുകൾ തിയേറ്ററുകളിൽ ഭയങ്കരമായിട്ട് ചിരിക്കുന്നത് നമ്മൾ കണ്ടല്ലോ. ജയ ജയ ജയ ജയഹേ’ എന്ന സിനിമ. സൂപ്പർഹിറ്റായി കേരളത്തിൽ.

അതിലെ പ്രധാനഘടകം ഹ്യൂമറാണ്. ന്നാ താൻ കേസുകൊട് ഹിറ്റായി. അതിന്റെ പ്രധാനഘടകം ഹ്യൂമറാണ്. അപ്പോ ഹ്യൂമർ എന്നുപറയുന്ന സംഗതി ചെയ്യാനുള്ള ആളുകളുടെ എണ്ണം കുറഞ്ഞു എന്നത് സത്യമാണ്. പണ്ടും അത്രയധികം ആൾക്കാരില്ല. ഡോ.ബാലകൃഷ്ണനോ അല്ലെങ്കിൽ ആ കാലഘട്ടത്തിലുണ്ടായിരുന്ന മറ്റുള്ളയാളുകളോ ചെയ്തിരുന്ന ഹ്യൂമറിനുശേഷം സിദ്ദിഖ്‌ ലാലിന്റെ വെറൈറ്റി ഓഫ് ഹ്യൂമർ വന്നിട്ട് അത് ഭയങ്കരമായിട്ട് ക്ലിക്ക് ചെയ്തു.

പ്രിയദർശനും ഞാനും ചെയ്തിരുന്നത് രണ്ട് താരം ഹ്യൂമറായിരുന്നു. ഞാൻ കുറച്ചുകൂടി റിയലിസ്റ്റിക്കായിട്ടുള്ള ജീവിതത്തിലെ പ്രാരാബ്ദങ്ങളും മറ്റും ചേർത്തുകൊണ്ടുള്ള ഹ്യൂമറും പ്രിയന്റെ സ്ലാപ്സ്റ്റിക് ആയിട്ടുള്ള കോമഡിയുമായിരുന്നു. കാലം മാറുന്നതിനനുസരിച്ച് ഫലിതത്തിന്റെ സ്വഭാവം മാറും, നിലവാരവും,’സത്യൻ അന്തിക്കാട് പറയുന്നു.

 

Content Highlight: Sathyan Anthikkad Talk About Humors In Malayalam Cinema