ആ മോഹൻലാൽ ചിത്രത്തിലെ കോമഡി കണ്ട് ഞങ്ങൾ ചിരിച്ചതിന്റെ പകുതിയെ പ്രേക്ഷകർ ചിരിച്ചിട്ടുള്ളൂ: സത്യൻ അന്തിക്കാട്
Entertainment
ആ മോഹൻലാൽ ചിത്രത്തിലെ കോമഡി കണ്ട് ഞങ്ങൾ ചിരിച്ചതിന്റെ പകുതിയെ പ്രേക്ഷകർ ചിരിച്ചിട്ടുള്ളൂ: സത്യൻ അന്തിക്കാട്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 10th August 2024, 4:07 pm

കാലങ്ങളായി മലയാള സിനിമയിൽ നിറഞ്ഞ് നിൽക്കുന്ന സംവിധായകനാണ് സത്യൻ അന്തിക്കാട്. പ്രേക്ഷകരോട് ഏറ്റവും ചേർന്ന് നിൽക്കുന്ന സിനിമകളാണ് സത്യൻ അന്തിക്കാട് എന്നും ഒരുക്കിയിട്ടുള്ളത്.

തന്റെ സിനിമകളിലെ ഹ്യൂമറുകളെ കുറിച്ച് സംസാരിക്കുകയാണ് സത്യൻ അന്തിക്കാട്. ആളുകൾക്ക് എൻജോയ് ചെയ്യാൻ പറ്റുന്ന തമാശകളാണ് എപ്പോഴും താൻ നൽകാൻ ശ്രമിക്കാറുള്ളതെന്ന് സത്യൻ അന്തിക്കാട് പറയുന്നു.

ഗാന്ധി നഗർ സെക്കന്റ്‌ സ്ട്രീറ്റിലെ കള്ളനെ പിടിക്കുന്ന രംഗം അങ്ങനെ ഒരുക്കിയതാണെന്നും അത് പ്രേക്ഷകർ എൻജോയ് ചെയ്തതിനേക്കാൾ താനും ശ്രീനിവാസനും ആസ്വദിച്ചിട്ടുണ്ടെന്നും സത്യൻ അന്തിക്കാട് പറയുന്നു. മാതൃഭൂമി സ്റ്റാർ ആൻഡ്‌ സ്റ്റൈൽ മാഗസിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ആളുകൾക്ക് എൻജോയ് ചെയ്യാൻ പറ്റുന്നതാണ് എന്റെ അവസാനസിനിമ വരെയുള്ള ഹ്യൂമർ. ഇന്ത്യൻ പ്രണയ കഥയാണെങ്കിലും ജോമോൻ്റെ സുവിശേഷങ്ങളാണെങ്കിലും ‘ഞാൻ പ്രകാശനായാലും ആ ഹ്യൂമർ മുഴുവൻ ജനങ്ങൾക്ക് ഉൾക്കൊള്ളാൻ പറ്റിയിട്ടുണ്ട്. പിന്നെ ഞാനെന്തിനാണ് അതിനെപ്പറ്റി ആകുലപ്പെടുന്നത്?

മാത്രമല്ല, ഇത് എൻജിനീയറിങ് ജോലിപോലെ ഇരുന്ന് ചെയ്യാൻ പറ്റിയൊരു കാര്യമല്ല സ്ക്രീൻ പ്ലേ എഴുതുന്നതും ഹ്യൂമർ ഉണ്ടാക്കുന്നതുമൊക്കെ. ഒരു സിറ്റുവേഷൻ നമ്മളെ ചിരിപ്പിച്ചാൽ ആ ചിരി ഓഡിയൻസിലേക്ക് പകരാൻ നമുക്ക് സാധിച്ചാൽ മതി.

ആ സിറ്റുവേഷൻ നമ്മളെ ചിരിപ്പിക്കുന്നുണ്ടല്ലോ. നമ്മൾ ചിരിക്കുന്നുണ്ടല്ലോ. ഗാന്ധിനഗർ സെക്കൻഡ് സ്ട്രീറ്റ് എന്ന സിനിമയുടെ തിരക്കഥ മദ്രാസ് വുഡ്‌ലാൻഡ്‌സ്‌ ഹോട്ടലിലിരുന്ന് എഴുതുമ്പോൾ ഒരുദിവസം ശ്രീനിവാസനാണ് പറഞ്ഞത്, ഈ ഗുർഖയ്ക്ക് അവിടെ നിക്കണമെങ്കിൽ ഒരു കള്ളനെ പിടിക്കേണ്ടിവരും. അപ്പോൾ ഞാനാലോചിച്ചു. അത് ശരിയാണല്ലോ.

അങ്ങനെ ഒരു കള്ളനെ പിടിക്കാനുള്ള സിറ്റുവേഷൻ വന്നപ്പോഴാണ് കള്ളനായിട്ടുള്ള വേഷമിട്ടിട്ട് ശ്രീനിവാസൻ പിടിക്കപ്പെടുന്ന രംഗമുണ്ടാവുന്നത്. ആ സിറ്റുവേഷൻ ജനിച്ച ദിവസം ഞാനും ശ്രീനിവാസനും ചിരിച്ചതിൻ്റെ പകുതിയേ തിയേറ്ററിൽ പ്രേക്ഷകർ ചിരിച്ചിട്ടുള്ളൂ. ഞങ്ങൾ അത്രയും എൻജോയ് ചെയ്തു. ആ എൻജോയ്മെന്റ് ആദ്യം ഞങ്ങൾക്ക് കിട്ടണം,’സത്യൻ അന്തിക്കാട് പറയുന്നു.

 

Content Highlight: Sathyan Anthikkad Talk About Humors In His Films