ആ മോഹൻലാൽ ചിത്രങ്ങൾ വിജയിച്ചത് ഗതികേടിന്റെ ഹ്യൂമർ കൊണ്ടാണ്: സത്യൻ അന്തിക്കാട്
Entertainment
ആ മോഹൻലാൽ ചിത്രങ്ങൾ വിജയിച്ചത് ഗതികേടിന്റെ ഹ്യൂമർ കൊണ്ടാണ്: സത്യൻ അന്തിക്കാട്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 2nd October 2024, 8:09 pm

കാലങ്ങളായി മലയാള സിനിമയിൽ നിറഞ്ഞ് നിൽക്കുന്ന സംവിധായകനാണ് സത്യൻ അന്തിക്കാട്. പ്രേക്ഷകരോട് ഏറ്റവും ചേർന്ന് നിൽക്കുന്ന സിനിമകളാണ് സത്യൻ അന്തിക്കാട് എന്നും ഒരുക്കിയിട്ടുള്ളത്.

തന്റെ സിനിമകളിലെ ഹ്യൂമറുകളെ കുറിച്ച് സംസാരിക്കുകയാണ് സത്യൻ അന്തിക്കാട്. ഹ്യൂമറിനെ പറ്റി ആലോചിച്ചാൽ അതുണ്ടാവില്ലെന്നും പ്രേക്ഷകർക്ക് വരുന്ന മാറ്റങ്ങൾക്കനുസരിച്ച് ഹ്യൂമർ ചെയ്താൽ മാത്രമേ വർക്ക്‌ ആവുകയുള്ളൂവെന്നും സത്യൻ അന്തിക്കാട് പറഞ്ഞു. ഗാന്ധി നഗർ സെക്കന്റ്‌ സ്ട്രീറ്റ്, നാടോടിക്കാറ്റ് തുടങ്ങിയ സിനിമകളെല്ലാം ഗതികേടിന്റെ ഹ്യൂമറാണ് പറഞ്ഞതെന്നും സത്യൻ അന്തിക്കാട് പറഞ്ഞു. മാതൃഭൂമി സ്റ്റാർ ആൻഡ്‌ സ്റ്റൈലിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘അങ്ങനെ ബോധപൂർവം ആശങ്കപ്പെട്ടാൽ ഹ്യൂമറുണ്ടാവില്ല. പ്രേക്ഷകർക്ക് വരുന്ന മാറ്റങ്ങൾ ക്കനുസരിച്ച് ഈ ഹ്യൂമർ ഇങ്ങനെ ചെയ്താൽ ഏൽക്കും അല്ലെങ്കിൽ ഏൽക്കുമോ അങ്ങനെയൊന്നും ചിന്തിക്കാൻ പറ്റില്ല. ശ്രീനിവാസനും ഞാനും അവസാനം ചെയ്‌ത പടം ഞാൻ പ്രകാശൻ ആണ്. അത് സൂപ്പർ ഡ്യൂപ്പർ ഹിറ്റായിരുന്നു.

2018ലെ ഏറ്റവും വലിയ ഹിറ്റായിരുന്നു. ആ ഹ്യൂമർ ആളുകൾക്ക് രസിച്ചല്ലോ. അവരത് എൻജോയ് ചെയ്‌തല്ലോ. ഞങ്ങൾക്ക് മാറ്റങ്ങൾ വന്നിട്ടുണ്ടാവും. ഞങ്ങൾ സൻമനസ്സുള്ളവർക്ക് സമാധാനം, അല്ലെങ്കിൽ ഗാന്ധിനഗർ സെക്കൻഡ് സ്ട്രീറ്റ് ചെയ്‌തപോലത്തെ ഹ്യൂമർ ആയിരിക്കില്ല ഇപ്പോ വരുന്നത്.

അത് നമുക്ക് അടിസ്ഥാനപരമായിട്ട് വരുന്ന മാറ്റങ്ങളാണ്. ഹ്യൂമർ നല്ലതാണെങ്കിൽ, അത് സ്വീകരിക്കാൻ ജനങ്ങൾ റെഡിയാണ്. അത് കൊടുക്കാൻ നമ്മൾ തയ്യാറാവണം, അത് എഴുതാൻ ആളുകൾ തയ്യാറാവണം. അവതരിപ്പിക്കാൻ ആളുകൾ തയ്യാറാവണം, നല്ല ഹ്യൂമർ വന്നാൽ, ആളുകൾക്ക് ചിരി വന്നാൽ ആളുകളിപ്പോഴും തിയേറ്ററിലേക്ക് വരും.

അടുത്തകാലത്ത് വന്നിട്ടുള്ള തമാശയുള്ള സിനിമകളെല്ലാം ഓടുന്നത് ഹ്യൂമർ കൊണ്ടാണ്. അതിൽ മാറ്റങ്ങളൊന്നുമില്ല. തമാശയുടെ തലങ്ങൾ മാറിയിട്ടുണ്ടാവാം. തൊഴിലില്ലായ്‌മയുടെ ദാരിദ്ര്യത്തിൻ്റെ ഹ്യൂമറായിരുന്നു അക്കാലത്തുണ്ടായിരുന്നത്.

ഇപ്പോ ഗാന്ധിനഗറാണെങ്കിലും അല്ലെങ്കിൽ നാടോടിക്കാറ്റാണെങ്കിലും ഗതികേടിൻ്റെ ഹ്യൂമറാണ്. അതിപ്പോ പറ്റില്ല. അതിൽനിന്ന് മാറിയിട്ട് വേറെ രീതിയിലേക്ക് കൊണ്ടു വരണം,’സത്യൻ അന്തിക്കാട് പറയുന്നു.

 

Content Highlight: Sathyan Anthikkad Talk About Humors In His Films