മലയാളത്തിലെ ക്ലാസിക് സിനിമകളിൽ ഒന്നായി കണക്കാക്കപ്പെടുന്ന ചിത്രമാണ് മണിച്ചിത്രത്താഴ്. ഫാസിലിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ചിത്രം മലയാളത്തിലെ വലിയ വിജയമാവുകയും ദേശീയ സംസ്ഥാന അവാർഡുകൾ കരസ്ഥമാക്കുകയും ചെയ്തിരുന്നു.
അന്യഭാഷകളിലേക്കടക്കം റീമേക്ക് ചെയ്യപ്പെട്ട ചിത്രത്തിൽ മോഹൻലാൽ,ശോഭന, സുരേഷ് ഗോപി തുടങ്ങിയ വമ്പൻ താരനിര അണിനിരന്നിരുന്നു.
ഫാസിലിനോടൊപ്പം സത്യൻ അന്തിക്കാട്, പ്രിയദർശൻ, സിദ്ദിഖ് തുടങ്ങിയ സംവിധായകരും ചേർന്നാണ് മണിചിത്രത്താഴ് ഒരുക്കിയത്. ചിത്രത്തിലെ മോഹൻലാലിന്റെ ഒരു സീനിനെ കുറിച്ച് പറയുകയാണ് സത്യൻ അന്തിക്കാട്. ഒരു സീനിൽ മോഹൻലാൽ ഡയലോഗ് പറയുന്നതിനിടയിൽ ഒരുപാട് ലാഗുണ്ടെന്ന് ഫാസിലിന് തോന്നിയെന്നും അത് മോഹൻലാലിനോട് പറഞ്ഞെന്നും സത്യൻ അന്തിക്കാട് പറയുന്നു.
‘മണിച്ചിത്രത്താഴ് എന്ന സിനിമയുടെ ഷൂട്ടിങ് സമയത്ത് ക്ലൈമാക്സിനോട് അടുക്കുമ്പോൾ ലാലിന്റെ ഒരു ലെങ്തി ഡയലോഗ് ഉണ്ട്. അതൊരു നീളമുള്ള ഷോട്ടാണ്. ആ ഷോട്ട് കഴിഞ്ഞപ്പോൾ ഫാസിൽ ലാലിനോട് പറഞ്ഞു, നമുക്കിത് ഒന്നുകൂടി എടുക്കാമെന്ന്. ലാൽ പറഞ്ഞു, എടുക്കാമെന്ന്.
എന്താണ് കാരണമെന്ന് ലാൽ ചോദിച്ചപ്പോൾ ഫാസിൽ പറഞ്ഞു, ഇടയിൽ കുറച്ച് ലാഗ് വന്നിട്ടുണ്ടോ എന്നെനിക്ക് സംശയം. ലാൽ ഡയലോഗ് പറയുന്നതിനിടയിൽ ആവശ്യത്തിൽ കൂടുതൽ ഗ്യാപ് ഇട്ടിരുന്നോ എന്നൊരു സംശയം. ലാൽ പറഞ്ഞു, എന്നാൽ എടുക്കാം. എനിക്കറിഞ്ഞൂടാ. പാച്ചിക്ക ആക്ഷൻ പറഞ്ഞത് മാത്രമേ എനിക്കോർമ്മയുള്ളൂ. പിന്നെ കട്ട് പറഞ്ഞപ്പോഴാണ് ഞാൻ അതിൽനിന്ന് മാറിയത്.
ലാലിന്റെ ആ ഒരു വാചകത്തിൽ ഫാസിൽ പറഞ്ഞു, ഇനി രണ്ടാമത് എടുക്കേണ്ട. ഇത് ഓക്കെയാണെന്ന്,’സത്യൻ അന്തിക്കാട് പറയുന്നു.
Content Highlight: Sathyan Anthikkad Talk About A Scene In Manichithrathazu