1982ല്‍ കുറുക്കന്റെ കല്യാണം എന്ന ചിത്രത്തിലൂടെ സംവിധാനരംഗത്തേക്ക് കടന്നുവന്നയാളാണ് സത്യന്‍ അന്തിക്കാട്. കാലങ്ങള്‍ക്കിപ്പുറവും കുടുംബപ്രേക്ഷകരുടെ പ്രിയങ്കരനായി നിലനില്‍ക്കുകയാണ് അദ്ദേഹം. പ്രേക്ഷകരോട് ഏറ്റവും ചേര്‍ന്ന് നില്‍ക്കുന്ന സിനിമകളാണ് സത്യന്‍ അന്തിക്കാട് എന്നും ഒരുക്കിയിട്ടുള്ളത്. നാടോടിക്കാറ്റ്, വരവേല്പ്, സന്ദേശം തുടങ്ങി ക്ലാസിക് ചിത്രങ്ങളുടെ അമരക്കാരനാണ് സത്യന്‍ അന്തിക്കാട്.
ദിലീപിനെ നായകനാക്കി സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത് 2007ല്‍ പുറത്തിറങ്ങിയ ചിത്രമാണ് വിനോദയാത്ര. ചിത്രത്തില്‍ നായികയായി എത്തിയത് മീര ജാസ്മിനായിരുന്നു. എന്നാല്‍ ചിത്രത്തിലേക്ക് ആദ്യം താന്‍ മനസില്‍ കണ്ടത് മറ്റൊരു നായികയെയായിരുന്നെന്ന് പറയകയാണ് സത്യന്‍ അന്തിക്കാട്. ആ നായിക തമിഴില്‍ നിന്നായിരുന്നെന്നും മുമ്പ് അധികം അഭിനയിച്ച എക്‌സ്പീരിയന്‍സ് ആ പെണ്‍കുട്ടിക്ക് ഇല്ലായിരുന്നെന്നും സത്യന്‍ അന്തിക്കാട് കൂട്ടിച്ചേര്‍ത്തു.
പലപ്പോഴും തന്റെ അഹങ്കാരത്തിന്റെ പുറത്ത് ഇത്തരത്തില്‍ ഓരോ തീരുമാനങ്ങള്‍ എടുക്കാറുണ്ടെന്നും അതുകൊണ്ടാണ് ആ സിനിമക്കായി ചെന്നൈയില്‍ നിന്ന് ഒരു പുതിയ നായികയെ കൊണ്ടുവന്നതെന്നും സത്യന്‍ അന്തിക്കാട് പറഞ്ഞു. നയന്‍താര, അസിന്‍ തുടങ്ങിയ നായികമാരെ കൊണ്ടുവന്നത് അങ്ങനെയായിരുന്നെന്നും അവരെല്ലാം വലിയ നിലയിലെത്തിയെന്നും സത്യന്‍ അന്തിക്കാട് കൂട്ടിച്ചേര്‍ത്തു.
ഒരു പുതിയ നടിയെ കൊണ്ടുവന്ന് രണ്ടുമൂന്ന് ദിവസം സെറ്റില്‍ നിര്‍ത്തി എല്ലാത്തിനോടും അറ്റാച്ച് ആക്കിയ ശേഷമാണ് അവരെക്കൊണ്ട് അഭിനയിപ്പിക്കുന്നതെന്നും അതാണ് തന്റെ രീതിയെന്നും സത്യന്‍ അന്തിക്കാട് പറഞ്ഞു. എന്നാല്‍ ആ നടിക്ക് രണ്ട് ദിവസമായപ്പോഴേക്ക് ബോറടിച്ചെന്നും ഷൂട്ട് ചെയ്യാന്‍ നിര്‍ബന്ധിച്ചെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എന്നാല്‍ എത്ര ടേക്ക് എടുത്തിട്ടും ആ നടിയുടെ മുഖത്ത് ഭാവങ്ങള്‍ വന്നില്ലെന്നും ഒരുതരത്തിലും മുന്നോട്ട് പോകാന്‍ കഴിയില്ലെന്ന് മനസിലായെന്നും സത്യന്‍ അന്തിക്കാട് പറഞ്ഞു. ഒടുവില്‍ ആ നടിയെ താന്‍ പറഞ്ഞുവിട്ടെന്നും ആ വേഷം ചെയ്യാന്‍ മീരാ ജാസ്മിനെ വിളിച്ച് അപേക്ഷിച്ചെന്നും സത്യന്‍ അന്തിക്കാട് കൂട്ടിച്ചേര്‍ത്തു. ക്ലബ്ബ് എഫ്.എമ്മിനോട് സംസാരിക്കുകയായിരുന്നു സത്യന്‍ അന്തിക്കാട്.
‘വിനോദയാത്രയില്‍ ആദ്യം മീര ജാസ്മിന്‍ അല്ലായിരുന്നു നായിക. വേറൊരു തമിഴ് നടിയായിരുന്നു എന്റെ മനസില്‍. മുമ്പ് അഭിനയിച്ച് വലിയ എക്‌സ്പീരിയന്‍സൊന്നും അവര്‍ക്ക് ഇല്ലായിരുന്നു. എന്റെ അഹങ്കാരത്തിന്റെ പുറത്ത് ഇത്തരം തീരുമാനങ്ങള്‍ എടുക്കുമായിരുന്നു. അതായത് ആരെക്കിട്ടിയാലും അവരെക്കൊണ്ട് അഭിനയിപ്പിക്കാന്‍ പറ്റുമെന്നായിരുന്നു എന്റെ ചിന്ത. നയന്‍താരയെയും അസിനെയും സംയുക്തയെയുമൊക്കെ കിട്ടിയത് അങ്ങനെയാണ്.
അങ്ങനെ ഒരു അഹങ്കാരത്തിന്റെ പുറത്താണ് ചെന്നൈയില്‍ നിന്ന് ആ നടിയെ ഞാന്‍ വിളിച്ചത്. എന്റെ രീതി എങ്ങനെയാണെന്ന് വെച്ചാല്‍ ആദ്യത്തെ രണ്ടുമൂന്ന് ദിവസം സെറ്റില്‍ കൊണ്ടുവന്ന് വെറുതെ നിര്‍ത്തും. ആ ഒരു അന്തരീക്ഷവുമായി സെറ്റാകാന്‍ വേണ്ടിയാണ് അങ്ങനെ ചെയ്തത്. പക്ഷേ ആ നടിക്ക് തീരെ ക്ഷമയില്ലായിരുന്നു. രണ്ടാമത്തെ ദിവസമായപ്പോള്‍ ‘ഷൂട്ട് എപ്പോള്‍ തുടങ്ങും’ എന്നൊക്കെ ചോദിച്ചു തുടങ്ങി.
അങ്ങനെ ആ നടിയെ വെച്ച് ഷൂട്ട് തുടങ്ങി. പക്ഷേ, എങ്ങനെയൊക്കെ നോക്കിയിട്ടും അവരുടെ മുഖത്ത് ഭാവങ്ങള്‍ വരുന്നില്ല. എന്റെ അഹങ്കാരത്തിന് കിട്ടിയ വലിയൊരു അടിയായിരുന്നു. ഒടുവില്‍ അവരെ പറഞ്ഞുവിട്ടു. പിന്നീട് മീരാ ജാസ്മിനെ വിളിച്ച് എന്റെ അവസ്ഥയൊക്കെ വിശദീകരിച്ചു. എങ്ങനെയെങ്കിലും രക്ഷിക്കണമെന്നൊക്കെ പറഞ്ഞപ്പോഴാണ് മീര ആ സിനിമയിലേക്ക് വന്നത്,’ സത്യന്‍ അന്തിക്കാട് പറഞ്ഞു.
Content Highlight: Sathyan Anthikkad shares the shooting experience of Vinodayathra movie