| Monday, 6th January 2025, 7:46 pm

ശ്രീനിവാസന് ഒട്ടും യോജിപ്പില്ലാത്ത ടൈറ്റിലായിരുന്നു ആ സിനിമയുടേത്: സത്യന്‍ അന്തിക്കാട്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളത്തിന് ഒട്ടനവധി ഹിറ്റുകള്‍ സമ്മാനിച്ച കൂട്ടുകെട്ടാണ് സത്യന്‍ അന്തിക്കാട്- ശ്രീനിവാസന്‍ എന്നിവര്‍. പൊന്മുട്ടയിടുന്ന താറാവ്, സന്ദേശം, തലയണമന്ത്രം, നാടോടിക്കാറ്റ് തുടങ്ങി ഒരുപിടി മികച്ച സിനിമകള്‍ ഈ കൂട്ടുകെട്ടില്‍ പിറന്നിട്ടുണ്ട്. ഇന്നും പലരുടെയും ഇഷ്ടചിത്രങ്ങളുടെ ലിസ്റ്റില്‍ ഈ കൂട്ടുകെട്ടില്‍ പിറന്ന ചിത്രങ്ങളുണ്ട്.

ഇരുവരുടെയും കൂട്ടുകെട്ടില്‍ പിറന്ന് 1990ല്‍ പുറത്തിറങ്ങിയ ചിത്രമാണ് തലയണമന്ത്രം. ജയറാം, പാര്‍വതി, ശ്രീനിവാസന്‍, ഉര്‍വശി എന്നിവര്‍ അണിനിരന്ന ചിത്രം വലിയ ഹിറ്റായി മാറി. ചിത്രത്തിലെ പ്രകടനത്തിന് മികച്ച നടിക്കുള്ള സംസ്ഥാന അവാര്‍ഡ് ഉര്‍വശിയെ തേടിയെത്തിയിരുന്നു. ചിത്രത്തിന്റെ ഓര്‍മകള്‍ പങ്കുവെക്കുകയാണ് സംവിധായകന്‍ സത്യന്‍ അന്തിക്കാട്.

സ്‌ക്രിപ്റ്റ് എഴുതിക്കഴിഞ്ഞ് ഷൂട്ട് തീരാറായിട്ടും ചിത്രത്തിന് ടൈറ്റില്‍ കിട്ടിയില്ലായിരുന്നെന്ന് സത്യന്‍ അന്തിക്കാട് പറഞ്ഞു. തന്റെ മനസില്‍ ആദ്യം മുതലേ ഉണ്ടായിരുന്ന ടൈറ്റില്‍ തലയണമന്ത്രം എന്നായിരുന്നെന്നും എന്നാല്‍ ശ്രീനിവാസന് ആ പേര് ഇഷ്ടമല്ലായിരുന്നെന്നും സത്യന്‍ അന്തിക്കാട് കൂട്ടിച്ചേര്‍ത്തു.

വളരെ ഡയറക്ടായിട്ടുള്ള ടൈറ്റിലാണ് അതെന്നായിരുന്നു ശ്രീനിവാസന്റെ അഭിപ്രായമെന്ന് സത്യന്‍ അന്തിക്കാട് പറഞ്ഞു. വേറൊരു ടൈറ്റില്‍ ആലോചിക്കാമെന്ന് ശ്രീനിവാസന്‍ പറഞ്ഞെന്നും എന്നാല്‍ റിലീസ് അടുത്തിട്ടും വേറൊരു പേര് നിര്‍ദേശിക്കാന്‍ ശ്രീനിവാസന് സാധിച്ചില്ലെന്നും സത്യന്‍ അന്തിക്കാട് കൂട്ടിച്ചേര്‍ത്തു.

ഒടുവില്‍ തലയണമന്ത്രം എന്ന പേര് തന്നെ ഉറപ്പിച്ചെന്നും ചിത്രം റിലീസ് ചെയ്‌തെന്നും സത്യന്‍ അന്തിക്കാട് പറഞ്ഞു. ചിത്രം റിലീസായ ശേഷം ശ്രീനിവാസന്‍ തന്റെയടുത്തേക്ക് വന്നെന്നും ഇതല്ലാതെ മറ്റൊരു ടൈറ്റില്‍ ഈ സിനിമക്കില്ലെന്ന് പറഞ്ഞെന്നും സത്യന്‍ അന്തിക്കാട് കൂട്ടിച്ചേര്‍ത്തു. ക്ലബ്ബ് എഫ്.എം കേരളയോട് സംസാരിക്കുകയായിരുന്നു സത്യന്‍ അന്തിക്കാട്.

‘തലയണമന്ത്രത്തിന്റെ ടൈറ്റിലിന്റെ കാര്യത്തില്‍ ഞാനും ശ്രീനിയും തമ്മില്‍ സ്വരചേര്‍ച്ചയില്ലായ്മ ഉണ്ടായിട്ടുണ്ട്. തലയണമന്ത്രം എന്ന ടൈറ്റില്‍ വല്ലാതെ ഡയറക്ടായി പോയെന്നാണ് ശ്രീനി പറഞ്ഞത്. ‘സംഗതി ഉര്‍വശിയുടെ തലയണമന്ത്രമാണ് സിനിമയുടെ കഥ. അത് പ്രേക്ഷകര്‍ക്ക് പെട്ടെന്ന് പിടികിട്ടും’ എന്നായിരുന്നു ശ്രീനിയുടെ അഭിപ്രായം. വേറൊരു ടൈറ്റില്‍ ആലോചിക്കാന്‍ ശ്രീനിയോട് ആവശ്യപ്പെട്ടു.

പക്ഷേ, എത്ര ആലോചിച്ചിട്ടും ശ്രീനിക്ക് വേറൊരു ടൈറ്റില്‍ കിട്ടിയില്ല. തലയണമന്ത്രം എന്ന പേര് ആദ്യമേ എന്റെ മനസില്‍ ഉണ്ടായിരുന്നു. ആ പേരില്‍ തന്നെ സിനിമ റിലീസായി. പടം കണ്ടുകഴിഞ്ഞിട്ട് ശ്രീനി എന്റെയടുത്ത് വന്ന് കൈതന്നു. എന്നിട്ട് ‘ഈ പടത്തിന് തലയണമന്ത്രം എന്നല്ലാതെ വേറൊരു പേര് ഇടാന്‍ പറ്റില്ല’ എന്ന് ശ്രീനി പറഞ്ഞു. അതൊക്കെയാണ് പടത്തിനെക്കുറിച്ചുള്ള ഓര്‍മകളിലൊന്ന്,’ സത്യന്‍ അന്തിക്കാട് പറഞ്ഞു.

Content Highlight: Sathyan Anthikkad shares the memories of Thalayanamanthram movie and Sreenivasan

We use cookies to give you the best possible experience. Learn more