| Wednesday, 27th April 2022, 10:10 am

എന്റെ കത്തിലെ തെറി ശ്രീനിവാസന്‍ വായിക്കും അവന്റേതിലേത് ഞാനും എന്നിട്ട് രണ്ട് പേരും കൂടെ പൊട്ടിച്ചിരിക്കും; രസകരമായ അനുഭവം പങ്കുവെച്ച് സത്യന്‍ അന്തിക്കാട്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളത്തിലെ എക്കാലത്തേയും മികച്ച സംവിധായകരിലൊരാളാണ് സത്യന്‍ അന്തിക്കാട്. മലയാളത്തില്‍ കള്‍ട്ട് പദവിയിലുള്ള ഒട്ടേറെ ചിത്രങ്ങളാണ് അദ്ദേഹം മലയാളികള്‍ക്ക് സമ്മാനിച്ചിട്ടുള്ളത്.

പണ്ടുകാലത്തെ അപേക്ഷിച്ച് ആളുകള്‍ക്ക് സഹിഷ്ണുത കുറവാണെന്നും അത് ആളുകള്‍ പരസ്യമായി തന്നെ പ്രകടിപ്പിക്കുകയും ചെയ്യാറുണ്ടെന്നും പറയുകയാണ് സത്യന്‍ അന്തിക്കാട്.

സിനിമാ ഡാഡിക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം മനസുതുറക്കുന്നത്.

‘ആളുകള്‍ക്ക് ഇപ്പോള്‍ സഹിഷ്ണുത കുറഞ്ഞ കാലമാണ്. സന്ദേശത്തിന്റേയോ വരവേല്‍പ്പിന്റേയോ ഒക്കെ കാലത്തുണ്ടായിരുന്നതുപോലെ ഓപ്പണായി ഒരു കാഴ്ചകാണാന്‍ പലര്‍ക്കും വിഷമമായിരിക്കും. ഒന്നുകില്‍ മതം, അല്ലെങ്കില്‍ രാഷ്ട്രീയം. അത് അന്ധമായി ഫോളോ ചെയ്യുന്ന കുറച്ചാളുകളെങ്കിലുമുണ്ട്.

സോഷ്യല്‍ മീഡിയ എന്ന പ്ലാറ്റ്‌ഫോം കൂടി ഉള്ളതുകൊണ്ട് അവര്‍ക്കിത് പലപ്പോഴും പല രീതിയിലും നമ്മളെ എതിര്‍ത്തിട്ടും വിമര്‍ശിച്ചിട്ടും പറയാന്‍ പറ്റും.

ഇതിന് പകരം പണ്ട് ഊമക്കത്തുകളായിരുന്നു. സന്ദേശം ഒക്കെ ഇറങ്ങിയ സമയത്ത് ഊമക്കത്തുകളുടെ പ്രളയമായിരുന്നു. അതില്‍ പലപ്പോഴും പച്ചത്തെറിയുണ്ടാവും. എനിക്ക് വരുന്ന കത്ത് എല്ലാം ഞാന്‍ പൊട്ടിക്കാതെ വെക്കും. എനിക്കറിയാം ശ്രീനിവാസനും ഇത് കിട്ടുന്നുണ്ടെന്ന്. ഞങ്ങള്‍ രണ്ട് പേരും എപ്പോള്‍ മീറ്റ് ചെയ്യുന്നോ അപ്പോള്‍ ഇത് പൊട്ടിച്ച് തുറന്ന് ഉറക്കെ വായിക്കും.

ശ്രീനിവാസനുള്ള തെറി ഞാന്‍ വായിക്കും എനിക്കുള്ള തെറി ശ്രീനിവാസന്‍ വായിക്കും. അങ്ങനെ ഞങ്ങള്‍ പൊട്ടിച്ചിരിക്കാറാണ് പതിവ്. അവരറിയുന്നില്ല ഞങ്ങളിത് വായിച്ച് ചിരിക്കുകയാണെന്നുള്ളത്. ഇന്നും അങ്ങനെ തന്നെയാണ്. സോഷ്യല്‍ മീഡിയ ആയതുകൊണ്ട് കുറച്ചുനേരം കേള്‍ക്കും, അതിന്റെ കമന്റുകളെ കുറിച്ച് കുറച്ച് നേരം സംസാരിക്കും പിന്നെ വിട്ടേക്കും,’ അദ്ദേഹം പറയുന്നു.

മറ്റുള്ള ആളുകള്‍ വിമര്‍ശിച്ചാലോ എന്നാലോചിച്ച് ഒന്നും തന്നെ ചെയ്യാറില്ലെന്നും പക്ഷേ ഒരു കരുതല്‍ ഇപ്പോള്‍ ആവശ്യമാണെന്നും അദ്ദേഹം പറയുന്നു. ഒരു മതത്തേയോ പാര്‍ട്ടിയേയോ വേദനിപ്പിച്ചുകൊണ്ടുള്ള സിനിമകള്‍ ഇപ്പോള്‍ ചെയ്യാറില്ലെന്നും അദ്ദേഹം പറഞ്ഞു.

ജയറാമിനേയും മീര ജാസ്മിനേയും കേന്ദ്രകഥാപാത്രമാക്കി ഒരുക്കുന്ന മകള്‍ ആണ് സത്യന്‍ അന്തിക്കാടിന്റെ ഏറ്റവും പുതിയ ചിത്രം. വ്യത്യസ്ത മതവിഭാഗത്തില്‍ പെട്ട ദമ്പതികളുടെയും അവരുടെ മകളുടെയും കഥയാണ് മകള്‍ പറയുന്നത്.

ജയറാമിനും മീര ജാസ്മിനുനൊപ്പം ദേവിക സഞ്ജയും ചിത്രത്തില്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

ആറ് വര്‍ഷത്തിനു ശേഷമാണ് മീര ജാസ്മിന്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഒരു ചിത്രം പുറത്തുവരുന്നത്. ഇന്നത്തെ ചിന്താവിഷയത്തിനു ശേഷം മീര ജാസ്മിന്‍ നായികയാവുന്ന സത്യന്‍ അന്തിക്കാട് ചിത്രം കൂടിയാണ് മകള്‍.

2008ലാണ് ഇന്നത്തെ ചിന്താവിഷയം പുറത്തെത്തിയത്. 12 വര്‍ഷത്തിനു ശേഷമാണ് ജയറാം ഒരു സത്യന്‍ അന്തിക്കാട് ചിത്രത്തില്‍ അഭിനയിക്കുന്നതെന്ന പ്രത്യേകതയുമുണ്ട്. 2010ല്‍ പുറത്തിറങ്ങിയ കഥ തുടരുന്നു ആണ് ജയറാം അവസാനം അഭിനയിച്ച സത്യന്‍ അന്തിക്കാട് ചിത്രം.

Content highlight: Sathyan Anthikkad shares funny experience about peoples reaction after watching his movie

Latest Stories

We use cookies to give you the best possible experience. Learn more