| Tuesday, 22nd October 2024, 6:47 pm

എഴുതാത്ത ബഷീര്‍ എന്നാണ് ആ നടനെ ഞാന്‍ വിളിക്കുന്നത്: സത്യന്‍ അന്തിക്കാട്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

1982ല്‍ കുറുക്കന്റെ കല്യാണം എന്ന ചിത്രത്തിലൂടെ സംവിധാനരംഗത്തേക്ക് കടന്നുവന്നയാളാണ് സത്യന്‍ അന്തിക്കാട്. കാലങ്ങള്‍ക്കിപ്പുറവും കുടുംബപ്രേക്ഷകരുടെ പ്രിയങ്കരനായി നിലനില്‍ക്കുകയാണ് അദ്ദേഹം. പ്രേക്ഷകരോട് ഏറ്റവും ചേര്‍ന്ന് നില്‍ക്കുന്ന സിനിമകളാണ് സത്യന്‍ അന്തിക്കാട് എന്നും ഒരുക്കിയിട്ടുള്ളത്. നാടോടിക്കാറ്റ്, വരവേല്പ്, സന്ദേശം തുടങ്ങി ക്ലാസിക് ചിത്രങ്ങളുടെ അമരക്കാരനാണ് സത്യന്‍ അന്തിക്കാട്.

വര്‍ഷങ്ങള്‍ക്ക് ശേഷം മോഹന്‍ലാലിനൊപ്പം ഒന്നിക്കുന്ന ഹൃദയപൂര്‍വം എന്ന ചിത്രത്തിന്റെ പണിപ്പുരയിലാണ് സത്യന്‍ അന്തിക്കാട് ഇപ്പോള്‍. തന്റെ സിനിമകളിലെ സ്ഥിരം സാന്നിധ്യങ്ങളിലൊരാളായ ഇന്നസെന്റിനെക്കുറിച്ച് സംസാരിക്കുകയാണ് സത്യന്‍ അന്തിക്കാട്. ഇന്നസെന്റിന്റെ ഉള്ളില്‍ എപ്പോഴും ഒരു നല്ല എഴുത്തുകാരനുണ്ടെന്ന് സത്യന്‍ അന്തിക്കാട് പറഞ്ഞു.

എഴുതാത്ത ബഷീര്‍ എന്ന് പറഞ്ഞാണ് താന്‍ എപ്പോഴും ഇന്നസെന്റിനെ കളിയാക്കാറുള്ളതെന്നും അദ്ദേഹത്തിന്റെ എഴുത്തില്‍ നര്‍മത്തോടൊപ്പം ജീവിതവും ഉള്ളതുകൊണ്ടാണ് അങ്ങനെ വിളിക്കുന്നതെന്നും സത്യന്‍ കൂട്ടിച്ചേര്‍ത്തു. പിന്നീട് ഇന്നസെന്റ് എഴുതുന്ന ബഷീറായി മാറിയെന്നും രണ്ട് പുസ്തകങ്ങള്‍ എഴുതിയെന്നും സത്യന്‍ അന്തിക്കാട് പറഞ്ഞു.

കാന്‍സര്‍ വാര്‍ഡിലെ ചിരി, ചിരിക്ക് പിന്നില്‍ എന്നീ പുസ്തകങ്ങള്‍ ഇന്നസെന്റ് എഴുതിയതിന് പിന്നില്‍ തന്റെ ചെറുതല്ലാത്ത ഇന്‍ഫ്‌ളുവന്‍സ് ഉണ്ടെന്നും സത്യന്‍ കൂട്ടിച്ചേര്‍ത്തു. പണ്ടുമുതല്‍ക്കേ താന്‍ ഏത് കഥ എഴുതിയാലും ആദ്യം മനസില്‍ തെളിയുന്ന മുഖങ്ങളിലൊന്ന് ഇന്നസെന്റിന്റേതാണെന്നും അദ്ദേഹത്തിന്റെ വിയോഗം തന്നെ വല്ലാതെ ബാധിച്ചിട്ടുണ്ടെന്നും സത്യന്‍ അന്തിക്കാട് പറഞ്ഞു. അമൃത ടി.വിയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഇന്നസെന്റിന്റെ ഉള്ളില്‍ ഒരു എഴുത്തുകാരന്‍ പണ്ടേ ഉണ്ടായിരുന്നു. എഴുതാത്ത ബഷീര്‍ എന്നായിരുന്നു ഞാന്‍ ഇന്നസെന്റിനെ കളിയാക്കി വിളിച്ചിരുന്നത്. കാരണം, അദ്ദേഹത്തിന്റെ ഉള്ളില്‍ ബഷീറിന്റെ എഴുത്തിലേത് പോലുള്ള നര്‍മവും അതിനോടൊപ്പം ജീവിതവും ഉണ്ടായിരുന്നു. പിന്നീട് ഇന്നസെന്റ് എഴുതുന്ന ബഷീറായി മാറി. രണ്ട് പുസ്തകങ്ങള്‍ അദ്ദേഹം രചിച്ചു. ചിരിക്ക് പിന്നില്‍, കാന്‍സര്‍ വാര്‍ഡിലെ ചിരി എന്നീ പുസ്തകങ്ങള്‍ വായനക്കാര്‍ സ്വീകരിച്ചു.

പണ്ടുമുതലേ ഏത് കഥയെഴുതിയാലും അതില്‍ ഏതെങ്കിലുമൊരു കഥാപാത്രമായി മനസില്‍ വരുന്ന മുഖങ്ങളിലൊന്ന് ഇന്നസെന്റിന്റെയാണ്. അതില്‍ തന്നെ അദ്ദേഹം മികച്ച പെര്‍ഫോമന്‍സ് കാഴ്ചവെച്ച സിനിമകളിലൊന്നാണ് മഴവില്‍ക്കാവടിയിലേത്. ആ സിനിമയിലെ പെര്‍ഫോമന്‍സിന് അദ്ദേഹത്തിന് സ്‌റ്റേറ്റ് അവാര്‍ഡ് വരെ കിട്ടിയിട്ടുണ്ട്. സത്യം പറഞ്ഞാല്‍ ഇന്നസെന്റിന്റെ വിയോഗം ഏറ്റവും വലിയ രീതിയില്‍ ബാധിച്ചവരില്‍ ഒരാളാണ് ഞാന്‍,’ സത്യന്‍ അന്തിക്കാട് പറഞ്ഞു.

Content Highlight: Sathyan Anthikkad shares about his bond with Innocent

We use cookies to give you the best possible experience. Learn more