| Monday, 6th June 2022, 3:16 pm

നടന്നത് നമ്മള്‍ മാത്രമേ അറിയാവൂവെന്ന് ശ്രീനി, ആരും അറിയില്ലെന്ന് ഞാനും; കാറില്‍ നിന്ന് ഇറങ്ങിയ ഉടന്‍ ഞാന്‍ ലാലിനെ വിളിച്ചു; രസകരമായ അനുഭവം പങ്കുവെച്ച് സത്യന്‍ അന്തിക്കാട്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഏറെ നാളത്തെ സൗഹൃദമാണ് നടന്‍ ശ്രീനിവാസവും സംവിധായകന്‍ സത്യന്‍ അന്തിക്കാടും തമ്മില്‍. ഇരുവരും ഒത്തുചേര്‍ന്നപ്പോഴെല്ലാം മലയാള സിനിമയില്‍ ഓരോ ഹിറ്റുകള്‍ ഉണ്ടായിട്ടുമുണ്ട്. ശ്രീനിവാസനുമൊത്തുള്ള ഒരു രസകരമായ അനുഭവം പങ്കുവെക്കുകയാണ് സത്യന്‍ അന്തിക്കാട്. ചെന്നൈയില്‍ വെച്ച് താനും ശ്രീനിയും ഡ്രൈവിങ് പഠിക്കാന്‍ പോയ കഥയും തുടര്‍ന്നുണ്ടായ സംഭവങ്ങളുമാണ് സത്യന്‍ അന്തിക്കാട് ക്ലബ്ബ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തില്‍ പങ്കുവെക്കുന്നത്.

തലയണമന്ത്രം എന്ന സിനിമയില്‍ ശ്രീനിവാസനെ ഡ്രൈവിങ് പഠിപ്പിക്കാനായി മാമുക്കോയ എത്തുന്നതും ഡ്രൈവിങ് പഠനത്തിനിടെ വണ്ടി കൊണ്ടുപോയി മതിലിനിടിച്ച് ഇരുവരും ആശുപത്രിയിലാകുന്ന രംഗവും യഥാര്‍ത്ഥത്തില്‍ ശ്രീനിവാസന്റെ ജീവിതത്തില്‍ സംഭവിച്ച കാര്യമാണെന്നാണ് അഭിമുഖത്തില്‍ സത്യന്‍ അന്തിക്കാട് പറയുന്നത്.

‘ഞാനും ശ്രീനിവാസനും ഡ്രൈവിങ് പഠിച്ചത് മദ്രാസില്‍ വെച്ചിട്ടാണ്. നാടോടിക്കാറ്റൊക്കെ കഴിഞ്ഞ സമയത്താണ്. ശ്രീനിവാസനെ കണ്ടാല്‍ എല്ലാവരും തിരിച്ചറിയും. അതുകൊണ്ട് തന്നെ മലയാളികളില്ലാത്ത ഏതെങ്കിലും ഒരു ഡ്രൈവിങ് സ്‌കൂളില്‍ പഠിക്കാമെന്ന് ശ്രീനി പറഞ്ഞു. മറ്റുള്ളവര്‍ കാണുന്നത് ചമ്മലല്ലേ. അങ്ങനെ ഒരു തമിഴന്‍മാരുടെ ഡ്രൈവിങ് സ്‌കൂളിലേക്ക് പോയി.

ആറ് ദിവസമാണ് പഠിക്കേണ്ടത്. രാവിലെ തന്നെ ഞങ്ങള്‍ എഴുന്നേറ്റ് പോകും. അവരുടെ വിചാരം ഞങ്ങള്‍ തമിഴ്‌നാട്ടില്‍ ഡ്രൈവിങ് ജോലിക്കായി വരുന്ന രണ്ട് മലയാളികള്‍ ആണെന്നാണ്. കണ്ടാലും അങ്ങനെയെ തോന്നൂ. സ്റ്റാറായിട്ട് ശ്രീനിവാസനോ ഡയരക്ടറായി ഞാനോ അവരുടെ അടുത്ത് പെരുമാറുന്നില്ല.

അങ്ങനെ ഒരു ദിവസം ശ്രീനിവാസന്റെ അടുത്ത് അവര്‍ വണ്ടി കൊടുത്തു. ഞാനും ശ്രീനിയുമടക്കം ആറ് പേരുണ്ട് വണ്ടിയില്‍. അങ്ങനെ ശ്രീനി വണ്ടി കൊണ്ട് ഒരു പോക്കങ്ങ് പോയി. വണ്ടി ഒരു പോസ്റ്റില്‍ ഇടിക്കാന്‍ തുടങ്ങുമ്പോഴേക്കും ഡ്രൈവിങ് പഠിപ്പിക്കുന്നയാള്‍ എങ്ങനെയോ ബ്രേക്ക് ചെയ്ത് നിര്‍ത്തി. അന്ന് അയാള്‍ വിളിച്ച തെറിയുണ്ട്. അതിന്റെ കാല്‍ ഭാഗം പോലും തലയണമന്ത്രം എന്ന സിനിമയില്‍ മാമുക്കോയ പറയുന്നില്ല.

‘മുണ്ട, തലയ്ക്ക് അറിവുണ്ടോ നിനക്ക് മറ്റേത്, മറച്ചത് എന്നൊക്കെ പറഞ്ഞിട്ട് നല്ല തെറിയാണ്. ശ്രീനിയാവട്ടെ സ്റ്റിയറിങ്ങും പിടിച്ച് ഇങ്ങനെ മിണ്ടാതിരിക്കുകയാണ്. അങ്ങനെ വണ്ടിയില്‍ നിന്ന് ഇറങ്ങിയതും പുള്ളിയുടെ ആദ്യത്തെ ഡയലോഗ് ‘ ഈ നടന്നത് നമ്മള്‍ രണ്ടുപേരും മാത്രമേ അറിഞ്ഞിട്ടുള്ളൂ പുറത്താരും അറിയരുത്’. ഞാന്‍ പറഞ്ഞു, ഇല്ല ഒരാളും അറിയില്ല. അങ്ങനെ അപ്പോള്‍ തന്നെ ഞാന്‍ മോഹന്‍ലാലിനെ വിളിച്ചു, ജോണ്‍സണെ വിളിച്ചു, വിപിന്‍ മോഹനെ വിളിച്ചു. മൊത്തത്തില്‍ ഫ്‌ളാഷ് ചെയ്തു. ആ സീനാണ് ശ്രീനി തന്നെ വേറൊരു രീതിയില്‍ സിനിമയില്‍ ഇട്ടത്.

ചിത്രത്തിന് തലയണമന്ത്രം എന്ന് പേര് ഇടുന്നതിനോട് ശ്രീനിയ്ക്ക് എതിര്‍പ്പുണ്ടായിരുന്നെന്നും സത്യന്‍ അന്തിക്കാട് പറഞ്ഞു. അത് തന്നെയാണല്ലോ കഥ അപ്പോള്‍ അത് തന്നെ തലക്കെട്ടിട്ടാല്‍ എന്ത് ചെയ്യുമെന്നായിരുന്നു ശ്രീനിയുടെ ചോദ്യം. വേറെ എന്തെങ്കിലും ആലോചിക്കാമെന്ന് പറഞ്ഞു. എന്നാല്‍ ആലോചിച്ചിട്ട് കിട്ടുന്നില്ല. ഉര്‍വശിയുടെ തലയണമന്ത്രമാണല്ലോ കഥ. അത് തന്നെ സിനിമയുടെ പേര് ആക്കുന്നതിലായിരുന്നു ശ്രീനിയുടെ വിയോജിപ്പ്. പക്ഷേ സിനിമ ഇറങ്ങിയ ശേഷം ശ്രീനി എനിക്ക് കൈ തന്നു. ഇത് തന്നെയാണ് കൃത്യം പേരെന്ന് പറഞ്ഞു, സത്യന്‍ അന്തിക്കാട് പറയുന്നു.

Content Highlight: Sathyan Anthikkad share a funny incident with actor sreenivasan

Latest Stories

We use cookies to give you the best possible experience. Learn more