ഓർമ വരുമ്പോൾ ചേച്ചി വിളിക്കും, സെറ്റിലേക്ക് വരുന്നുണ്ടെന്ന് പറയാൻ; കെ.പി.എ.സി. ലളിതയെ കുറിച്ച് സത്യൻ അന്തിക്കാട്
Entertainment news
ഓർമ വരുമ്പോൾ ചേച്ചി വിളിക്കും, സെറ്റിലേക്ക് വരുന്നുണ്ടെന്ന് പറയാൻ; കെ.പി.എ.സി. ലളിതയെ കുറിച്ച് സത്യൻ അന്തിക്കാട്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 30th April 2022, 5:27 pm

സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത മകൾ തിയേറ്ററിൽ റിലീസായിരിക്കുകയാണ്. ജയറാം, മീരാ ജാസ്മിൻ, ദേവിക, ഇന്നസെന്റ് എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കൾ.

സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി ബിഹൈൻഡ് വുഡ്‌സ് ഐസിന് നൽകിയ അഭിമുഖത്തിൽ സിനിമയിൽ കെ.പി.എ.സി ലളിതക്ക് ഒരു റോളുണ്ടായിരുന്നെന്നും എന്നാൽ അസുഖം മൂലം അത് ചെയ്യാൻ സാധിച്ചില്ലെന്നും പറഞ്ഞിരിക്കുകയാണ് സത്യൻ അന്തിക്കാട്.

‘ഞാൻ ഈ സിനിമ പ്ലാൻ ചെയ്തപ്പോൾ ജയറാമിനും മീരാ ജാസ്മിനും ശേഷം ആദ്യമേ വിളിച്ചു ബുക്ക് ചെയ്തത് ലളിത ചേച്ചിയെ ആയിരുന്നു. എന്റെ സിനിമ തുടങ്ങുമ്പോൾ തന്നെ ചേച്ചി വിചാരിക്കും ചേച്ചി ആ സിനിമയിലുണ്ടെന്ന്. ചേച്ചി മാത്രമല്ല ഇന്നസെന്റ്, നെടുമുടി, ഒടുവിൽ തുടങ്ങി അന്നുണ്ടായവർക്കൊക്കെ സത്യന്റെ സിനിമ തുടങ്ങുകയാണ് അതിൽ നമ്മൾ ഒക്കെ എന്തായാലും ഉണ്ടാകുമെന്ന കാര്യം അറിയാം. അതുകൊണ്ട് ചേച്ചി അതിനു തയ്യാറായി ഇരിക്കുകയായിരുന്നു. ഞാൻ കാരക്ടർ ഒക്കെ പറഞ്ഞുകൊടുത്തു.

ചേച്ചി ആ കാരക്ടറിന് വെക്കേണ്ട വിഗ് ഒക്കെ മേക്കപ്പ് മാനോട് പറഞ്ഞു സെറ്റ് ചെയ്തു. അങ്ങനെ ഷൂട്ടിംഗ് തുടങ്ങാറായപ്പോഴാണ് എന്നോട് സേതു മണ്ണാർക്കാട് പറയുന്നത് ചേച്ചി സുഖമില്ലാതെ ദയ ഹോസ്പിറ്റലിൽ ആണെന്ന്. അന്നേരം ഞാൻ ചേച്ചിയെ വിളിച്ചപ്പോൾ പറഞ്ഞു എനിക്ക് ഒരു കുഴപ്പവുമില്ല ഞാൻ ബി പി ചെക്ക് ചെയ്യാൻ വന്നതാണ്, എന്ന ഡേറ്റ് എപ്പോഴാണ് വേണ്ടതെന്ന് പറഞ്ഞാൽ മതി ഞാൻ വരുമെന്ന്. ചേച്ചി ഉണ്ടെന്ന് വിചാരിച്ചിട്ടാണ് ഞാൻ സിനിമയുടെ ഷൂട്ടിങ്‌ തുടർന്നത്. ഷൂട്ടിങ്‌ ഒരു പകുതിയൊക്കെ ആയപ്പോൾ, ഞാൻ എന്നാണ് വരേണ്ടതെന്നു ചോദിച്ചു ചേച്ചി വിളിക്കും. ഞാൻ പറയും ചേച്ചി റെഡി ആണെങ്കിൽ ഞാൻ ഇപ്പോൾ വിളിക്കാം, ഞാൻ സേതുവിനോട് പറയാമെന്ന്. ഞാൻ റെഡിയാണ്, എനിക്ക് പ്രശ്നമൊന്നും ഇല്ലെന്നു ചേച്ചി പറയും,’ സത്യൻ അന്തിക്കാട് ഓർത്തു പറഞ്ഞു.

‘അങ്ങനെയിരിക്കെ ഒരിക്കൽ ചേച്ചിയുടെ മകൻ സിദ്ധാർഥ് പറഞ്ഞു അമ്മക്ക് അഭിനയിക്കാൻ വരാൻ പറ്റുമെന്ന് തോന്നുന്നില്ലെന്ന്. കാരണം അമ്മക്ക് ഓർമ വന്നും പോയും കൊണ്ടിരിക്കുകയാണെന്ന്. ഓർമ വരുന്ന സമയത്തു നേരെ ഫോണെടുത്തിട്ട് ചേച്ചി എന്നെ വിളിക്കുകയായിരുന്നു വരുന്നുണ്ടെന്ന് പറയാൻ. ഇതിൽ അഭിനയിക്കണമെന്ന ആഗ്രഹം ചേച്ചിക്ക് ഉണ്ടായിരുന്നു. പക്ഷെ പിന്നെ എനിക്ക് മനസ്സിലായി ചേച്ചിക്ക് വരാൻ സാധിക്കില്ലെന്ന്. അതുകൊണ്ട് കെ.പി.എ.സി ലളിതയ്ക്ക് ചെയ്യാൻ പറ്റുമെന്ന് കരുതി ഉണ്ടാക്കിയ രംഗങ്ങൾ മാറ്റി. മകളിലേക്ക് ചേച്ചിയെ കൊണ്ടുവരാൻ പറ്റാത്തതിന്റെ സങ്കടമുണ്ട്. ചേച്ചി മാത്രമല്ല ശങ്കരാടി, ഒടുവിൽ, ഫിലോമിന, കുതിര വട്ടം പപ്പു, ഇവരെയൊക്കെ നമുക്ക് ഭയങ്കരമായി മിസ് ചെയ്യുന്നുണ്ട് ‘ സത്യൻ അന്തിക്കാട് പറഞ്ഞു നിർത്തി.

Content Highlight: Sathyan Anthikkad says that KPAC Lalitha had a role in the movie Makal