| Wednesday, 4th May 2022, 10:50 pm

നയന്‍താര എന്ന പേര് ഞാന്‍ വായിച്ച ഒരു ബംഗാളി നോവലില്‍ നിന്നും കിട്ടിയതാണ്: സത്യന്‍ അന്തിക്കാട്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളത്തിലൂടെ കരിയര്‍ ആരംഭിച്ച് പിന്നീട് തെന്നിന്ത്യന്‍ സിനിമയിലെ സൂപ്പര്‍ താരമായി മാറിയ നടിയാണ് നയന്‍താര. സത്യന്‍ അന്തിക്കാടിന്റെ മനസിനക്കരെയിലൂടെയായിരുന്നു നയന്‍താര ശ്രദ്ധ നേടുന്നത്.

നയന്‍താരയ്ക്ക് ആ പേര് നല്‍കിയത് താനാണെന്നും ആ പേര് താന്‍ വായിച്ച ഒരു നോവലില്‍ നിന്നും കിട്ടിയതാണെന്നും പറയുകയാണ് സത്യന്‍ അന്തിക്കാട്. സിനിമ ഡാഡിക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു സത്യന്‍ അന്തിക്കാടിന്റെ പ്രതികരണം.

സത്യന്‍ അന്തിക്കാട് ഒരുപാട് വായിക്കുന്നയാളാണെന്ന് കേട്ടിട്ടുണ്ടെന്നും കഥാപാത്രങ്ങള്‍ക്ക് ആ ഓര്‍മയില്‍ പേരിടാറുണ്ടോ എന്ന അവതാരകയുടെ ചോദ്യത്തിനായിരുന്നു സത്യന്‍ അന്തിക്കാടിന്റെ മറുപടി.

‘വീട് പണിയുന്ന സമയത്ത് ആദ്യം ഞാന്‍ പറഞ്ഞത് ഒരു ലൈബ്രറി വേണമെന്നാണ്. അങ്ങനെ വിശാലമായി വായിക്കുന്ന ഒരാളൊന്നുമല്ല, വായിക്കാന്‍ ഇഷ്ടമാണ്. വിട്ടില്‍ പുസ്തകം അലങ്കാരമായി വെക്കാറില്ല. ഞാന്‍ വായിച്ച പുസ്തകങ്ങള്‍ എടുത്തുവെയ്ക്കാറുണ്ടെന്ന് മാത്രം. ഒരു ബംഗാളി നോവലില്‍ നിന്നാണ് നയന്‍താര എന്ന പേര് കിട്ടിയത്.

വി.കെ.എന്നിന്റെ കടുത്ത ആരാധകനാണ് ഞാന്‍. അദ്ദേഹത്തിന്റെ കഥകളില്‍ നിന്ന് ഒരു സിനിമ ചെയ്യണമെന്ന് ആഗ്രഹമുണ്ടായിരുന്നു.

വായിച്ച കഥകള്‍ സിനിമയായക്കിയിട്ടുണ്ട്. അന്ന് സിനിമയും സാഹിത്യവും ഒരേ റൂട്ടിലായിരുന്നു സഞ്ചരിച്ചിരുന്നത്. എന്നാല്‍ ഇന്ന് സിനിമയ്ക്ക് വേറെ ഒരു വഴിയുണ്ടാക്കിയിട്ടുണ്ട്. ഒരു നോവലിനെ അധികരിച്ച് സിനിമ ചെയ്യാമെന്നല്ലാതെ ഒരു നോവല്‍ സിനിമയാക്കാന്‍ ഇന്ന് കഴിയില്ല. ഇരട്ടക്കുട്ടികളുടെ അച്ഛന്‍ വായിച്ചപ്പോള്‍ ശ്രീനിവാസനാണ് അതില്‍ ഒരു സിനിമയ്ക്കുള്ള സ്‌കോപ്പ് കണ്ടെത്തിയത്.

മകന്‍ അനൂപ് 10ാം ക്ലാസുവരെ മലയാളം മീഡിയത്തിലാണ് പഠിച്ചത്. അതുകൊണ്ട് തന്നെ അവന് അവന്റെ ഭാഷയില്‍ നന്നായി എഴുതാനും കഴിയുന്നുണ്ട്,’ സത്യന്‍ അന്തിക്കാട് പറഞ്ഞു.

മകളാണ് സത്യന്‍ അന്തിക്കാടിന്റെ സംവിധാനത്തില്‍ ഒടുവില്‍ റിലീസ് ചെയ്ത സിനിമ. ജയറാം, മീര ജാസ്മിന്‍ എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളാവുന്ന ചിത്രം സെന്‍ട്രല്‍ പിക്‌ചേഴ്‌സാണ് നിര്‍മിച്ചത്. ഏറെ നാളത്തെ ഇടവേളയ്ക്ക് ശേഷം മീര ജാസ്മിന്‍ മലയാള സിനിമയിലേക്ക് തിരിച്ചെത്തിയ ചിത്രം കൂടിയാണ് മകള്‍.

ദേവിക സഞ്ജയ്, സിദ്ദിഖ്, ഇന്നസെന്റ്, ശ്രീനിവാസന്‍, നസ്‌ലിന്‍ കെ. ഗഫൂര്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തിയിരുന്നു. ഏപ്രില്‍ 29നാണ് ചിത്രം തിയേറ്ററുകളില്‍ റിലീസ് ചെയ്തത്.

CONTENT HIGHLIGHTS: Sathyan Anthikkad says that he gave the name to Nayanthara and that he got the name from a novel he read

We use cookies to give you the best possible experience. Learn more