Entertainment news
പിന്‍ഗാമി വിജയിക്കാത്തതിന്റെ കാരണം തേന്മാവിന്‍ കൊമ്പത്ത്; ഡേറ്റ് മാറ്റാന്‍ പ്രിയന്‍ പറഞ്ഞെങ്കിലും ഞാന്‍ അദ്ദേഹത്തോട് റിലീസ് മാറ്റാന്‍ നിര്‍ദേശിക്കുകയായിരുന്നു: സത്യന്‍ അന്തിക്കാട്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2022 Mar 22, 02:28 pm
Tuesday, 22nd March 2022, 7:58 pm

പിന്‍ഗാമി എന്ന ചിത്രത്തിന് പ്രേക്ഷക പിന്തുണ നേടാന്‍ സാധിക്കാതിരുന്നതിന് കാരണം തേന്മാവിന്‍ കൊമ്പത്ത് റിലീസ് ചെയ്തതാണെന്ന് പറയുകയാണ് സത്യന്‍ അന്തിക്കാട്. വിജയമല്ല ഒരു സിനിമയെ നിലനിര്‍ത്തുന്നത് ക്വാളിറ്റിയാണെന്നാണ് സത്യന്‍ അന്തിക്കാട് പറയുന്നത്.

ഐ.എഫ്.എഫ്.കെ വേദിയിലാണ് സത്യന്‍ അന്തിക്കാട് തന്റെ സിനിമയെ കുറിച്ച് സംസാരിക്കുന്നത്.

‘പിന്‍ഗാമി എന്ന ചിത്രം റിലീസ് ചെയ്ത സമയത്ത് അത്രക്കൊരു അപ്രിസിയേഷന്‍ കിട്ടിയിരുന്നില്ല. ഇപ്പോഴാണ് ആ സിനിമയെ കുറിച്ച് ആളുകള്‍ സംസാരിക്കുന്നത്. കാരണം, ആളുകള്‍ എന്നില്‍ നിന്ന് പ്രതീക്ഷിച്ചത് അത്തരത്തിലൊരു സിനിമയല്ല.

പക്ഷെ അതും ഒരു വീടിന്റേയും അച്ഛന്റേയും കഥയാണ് ആ സിനിമ പറയുന്നത്. പക്ഷെ അതിന്റെ ട്രീറ്റ്‌മെന്റ് വളരെ വ്യത്യസ്തമാണ്. അന്ന് ആ സിനിമക്ക് ആളുകള്‍ അത്രക്ക് ഇടിച്ച് കേറാത്തതിന്റെ കാരണം, അതിന്റെ ഓപ്പോസിറ്റായി തേന്മാവിന്‍ കൊമ്പത്ത് റിലീസ് ചെയ്തിരുന്നു.

പ്രിയദര്‍ശനും ഞാനും തമ്മില്‍ തമ്മില്‍ സംസാരിച്ചപ്പോള്‍ പ്രിയന്‍ പറഞ്ഞത്, താന്‍ കുറച്ച് ഡേറ്റ് മാറ്റിവെക്കുന്നതല്ലെ നല്ലതെന്നാണ്. ഞാന്‍ പ്രിയന്‍ മാറ്റിവെക്കുന്നതല്ലെ നല്ലതെന്നാണ് ചോദിച്ചത്, അവസാനം ഞങ്ങള്‍ രണ്ടുപേരും ഒരുമിച്ച് റിലീസ് ചെയ്യുകയും എന്റെ വീട്ടുകാര്‍ക്ക് ഉള്‍പ്പടെ തേന്മാവിന്‍ കൊമ്പത്ത് കാണാന്‍ ആഗ്രഹം തോന്നുകയും ചെയ്തു.

പക്ഷെ പിന്നീട് പിന്‍ഗാമി കുറേകൂടി സ്റ്റാന്റ് ചെയ്ത് തുടങ്ങി. നല്ല സിനിമകള്‍ ചെയ്യുമ്പോഴുള്ള ഗുണം അത് കുറച്ച് കാലം കഴിയുമ്പോള്‍ ഓര്‍മിക്കപ്പെടുമെന്നാണ്. വിജയമല്ല ഒരു സിനിമയെ നിലനിര്‍ത്തുന്നത് ക്വാളിറ്റിയാണ്,’ സത്യന്‍ അന്തിക്കാട് പറഞ്ഞു.


Content Highlights: Director Sathyan Anthikkad says about Pingami and Thenmavin Kombath