1982ല്‍ പുറത്തിറങ്ങിയ കുറുക്കന്റെ കല്യാണം എന്ന ചിത്രം സംവിധാനം ചെയ്തുകൊണ്ടാണ് സത്യന്‍ അന്തിക്കാട് സിനിമാ ജീവിതം ആരംഭിക്കുന്നത്. തന്റെ സിനിമകളില്‍ പുതിയ നായികമാരെ ഉള്‍പ്പെടുത്താന്‍ സത്യന്‍ അന്തിക്കാട് എപ്പോഴും ശ്രദ്ധിക്കാറുണ്ട്. അത്തരത്തില്‍ സത്യന്‍ അന്തിക്കാട് പ്രേക്ഷകര്‍ക്ക് പരിചയപ്പെടുത്തിയ താരമാണ് നയന്‍താര.
സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത മനസിനക്കരെ എന്ന ചിത്രത്തിലൂടെയാണ് നയന്‍താര രംഗപ്രവേശം ചെയ്യുന്നത്. മലയാളത്തിന് പുറമേ മറ്റ് ഭാഷകളിലും വേഷമിട്ട താരം ഇന്ന് ലേഡി സൂപ്പര്‍ സ്റ്റാര്‍ എന്ന പദവിയിലേക്കുയര്‍ന്നിരിക്കുകയാണ്. ഏത് കഥാപാത്രത്തേയും അനായാസമായി കൈകാര്യം ചെയ്യാന്‍ സാധിക്കുമെന്നതും താരത്തിന്റെ പ്രത്യേകതയാണ്.
നയന്‍താരയുടെ വളര്‍ച്ചയെ കുറിച്ചും ആ പേര് താരത്തിന് നല്‍കിയതിനെ കുറിച്ചുമെല്ലാം സംസാരിക്കുകയാണ് സത്യന്‍ അന്തിക്കാട് ഇപ്പോള്‍. ഇന്ത്യാഗ്ലിറ്റ്‌സ് മലയാളത്തിന് നല്‍കിയ അഭിമുഖത്തിലാണ് സത്യന്‍ അന്തിക്കാട് നയന്‍താരയെ കുറിച്ച് സംസാരിക്കുന്നത്.
നയന്‍താര മനസിനക്കരയില്‍ വരുമ്പോള്‍ ഇത്ര വലിയ സ്റ്റാറായി മാറുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നും താനാണ് പേര് താരത്തിന് നല്‍കിയതെന്നും സത്യന്‍ അന്തിക്കാട് പറയുന്നു.
‘മനസിനക്കരയില്‍ നയന്‍താര വരുമ്പോള്‍ ഇത്ര വലിയ സ്റ്റാറാകുമെന്ന് ഞാന്‍ ചിന്തിക്കുന്നില്ല. ആ സിനിമയ്ക്ക് വേണ്ടി എനിക്കൊരു പുതുമുഖം വേണമായിരുന്നു. നയന്‍താര അഭിനയിച്ച ഒരു പരസ്യമാണ് ഞാന്‍ ആദ്യം കാണുന്നത്. ശലഭ സുന്ദരിയെന്ന മാഗസിനില്‍ ഏതോ ഒരു ജ്വല്ലറിയുടെ പരസ്യത്തിലായിരുന്നു അത്. നല്ല ആത്മവിശ്വാസമുള്ള മുഖമുള്ള കുട്ടി, അങ്ങനെ അതാരാണെന്ന് അറിയാന്‍ അന്വേഷണം നടത്തുകയും ഡയാന എന്നാണ് പേര് തിരുവല്ലയാണ് വീടെന്നൊക്കെ അറിഞ്ഞു.
ബെംഗളൂരു പഠിച്ച കുട്ടിയാണ്, സിനിമയില്‍ അഭിനയിക്കാനുള്ള ആഗ്രഹം മൂത്ത് നടക്കുകയൊന്നുമല്ല, പക്ഷെ ഇഷ്ടമാണ്. അങ്ങനെ ഡയാനയെ വിളിച്ച് പറഞ്ഞു, ഞാന്‍ ഫിക്‌സ് ചെയ്തു നായികയുടെ റോളാണെന്ന് പറഞ്ഞപ്പോള്‍, ഇല്ല സാര്‍ ഞാന്‍ അഭിനയിക്കുന്നില്ലെന്ന് പറഞ്ഞു. എന്റെ റിലേറ്റീവ്‌സിന് പലര്‍ക്കും സിനിമയില്‍ അഭിനയിക്കുന്നത് താല്‍പര്യമില്ലെന്ന് പറഞ്ഞു.
ഡയാനക്കിഷ്ടമാണോ അച്ഛനും അമ്മയ്ക്കും ഇഷ്ടമാണോയെന്ന് ചോദിച്ചപ്പോള്‍ ആണെന്ന് പഞ്ഞു, എന്നാല്‍ വായെന്ന് ഞാനും. അങ്ങനെയാണ് മനസിനക്കരയില്‍ അഭിനയിക്കുന്നത്. പേര് മാറ്റാന്‍ ഞാന്‍ കുറച്ച് പേരുകള്‍ എഴുതി കൊടുത്തിരുന്നു, അതില്‍ നിന്ന് ഡയാന തെരഞ്ഞെടുത്ത പേരാണ് നയന്‍താര. ഞാന്‍ പറയുകയും ചെയ്തു, നയന്‍താര എന്ന പേരാകുമ്പോള്‍ വേറെ ഭാഷകളിലേക്ക് പോകുമ്പോള്‍ മീനാക്ഷി എന്നോ സരോജയെന്നൊക്കെ ആകുമ്പോള്‍ അവരത് മാറ്റും. നയന്‍താരയാകുമ്പോള്‍ ആ പ്രശ്‌നമില്ല.
ഞാന്‍ ഇല്ലെങ്കില്‍ വേറെ ഡയറക്ടര്‍ വഴി അവര്‍ സിനിമയിലെത്തുമായിരുന്നു. അത്രയും ടാലന്റുണ്ട്. ഇപ്പോള്‍ ലേഡി സൂപ്പര്‍ സ്റ്റാറായി. അതിന്റെ സ്‌നേഹം ഇപ്പോഴുമുണ്ട്, ഇടയ്ക്ക് വിളിക്കും,’ സത്യന്‍ അന്തിക്കാട് പറയുന്നു.
Content Highlights: Sathyan Anthikkad says about Nayanthara