കമല്‍ സംവിധാനം ചെയ്ത സൂത്രധാരന്‍ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കെത്തിയ താരമാണ് മീര ജാസ്മിന്‍. 2004ല്‍ പാഠം ഒന്ന്: ഒരു വിലാപം എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിക്കുള്ള ദേശീയ ചലച്ചിത്ര അവാര്‍ഡും മീര ജാസ്മിന്‍ സ്വന്തമാക്കിയിട്ടുണ്ട്. മലയാളത്തിന് പുറമെ മറ്റ് നിരവധി ഭാഷകളിലും താരം ശ്രദ്ധേയമായ വേഷങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്.
മലയാള സിനിമയിലെ താരങ്ങള്‍ക്കിടയിലും അഭിനേതാക്കള്‍ക്കിടയിലും സ്വന്തമായി നിലകൊള്ളാന്‍ കഴിയുന്ന ചുരുക്കം ചില അഭിനേതാക്കളില്‍ ഒരാളെന്ന് ‘ദി ഹിന്ദു’ ദിനപത്രം മീര ജാസ്മിനെ വിശേഷിപ്പിച്ച് പറയുക വരെയുണ്ടായി.
2018ല്‍ എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്ത പൂമരം എന്ന ചിത്രത്തില്‍ അതിഥി വേഷത്തിലെത്തിയ താരം ഒരിടവേളയ്ക്ക് ശേഷം സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്യുന്ന മകള്‍ എന്ന ചിത്രത്തിലാണ് പിന്നീട് അഭിനയിക്കുന്നത്.
മീര ജാസ്മിന്റെ തിരിച്ചുവരവിനെ കുറിച്ചും താരത്തിനെ കുറിച്ച് ആളുകള്‍ പറയുന്നതിനെ കുറിച്ചുമെല്ലാം സത്യന്‍ അന്തിക്കാട് പറഞ്ഞ കാര്യങ്ങളാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്. ഇന്ത്യാഗ്ലിറ്റ്‌സ് മലയാളത്തിന് നല്‍കിയ അഭിമുഖത്തിലാണ് സത്യന്‍ അന്തിക്കാട് മീര ജാസ്മിനെ കുറിച്ച് സംസാരിക്കുന്നത്.
‘മീര ജാസ്മിന്‍ വളരെ പ്രത്യേകതകളുള്ളൊരു കുട്ടിയാണ്. മീര ജാസ്മിനെ കുറിച്ച് ധാരാളം ആളുകള്‍ പലരീതിയില്‍ സംസാരിക്കാറുണ്ട്. അഹങ്കാരിയാണ്, അനുസരണയില്ലാത്തവളാണ് എന്നൊക്കെ, എന്നെ സംബന്ധിച്ച് എനിക്ക് ഏറ്റവും കൂടുതല്‍ കോപറേറ്റ് ചെയ്യുന്ന താരമാണ് മീര ജാസ്മിന്‍. ഇതില്‍ ഒരു കാര്യം എന്താണെന്ന് വെച്ചാല്‍ നമ്മള്‍ അങ്ങോട്ട് എങ്ങനെ പെരുമാറുന്നോ അതുപോലെ തന്നെയായിരിക്കും അവര്‍ ഇങ്ങോട്ടും.
സിനിമയില്‍ വരുമ്പോള്‍ മീര എന്റെ കുടുംബത്തിലെ ഒരുകുട്ടിയാണ്. ഞാന്‍ അതുപോലെയാണ് അവരെ സ്‌നേഹിക്കുന്നത്, അതുപോലെ തന്നെ അവര്‍ തിരിച്ചും തരുന്നു. അവരുടെ പേഴ്‌സണല്‍ പ്രശ്‌നങ്ങളിലേക്ക് ഞാന്‍ കയറാറില്ല. ഒരു സെറ്റിലേക്ക് വരുമ്പോള്‍ അവരെയാണ് നമ്മള്‍ സ്‌നേഹിക്കുന്നത്, അല്ലാതെ അവരുടെ കുടുംബ കാര്യങ്ങള്‍ അല്ലെങ്കില്‍ പ്രയാസങ്ങള്‍ ഇതിനെ പറ്റിയൊന്നും നമ്മള്‍ ചിന്തിക്കരുത്.
രസതന്ത്രത്തില്‍ ഒരാണ്‍കുട്ടിയായിട്ടാണ് മീര അഭിനയിക്കുന്നത്. വിനോദയാത്ര എന്ന ചിത്രം ഞാനൊരു പുതുമുഖ നടിയെ വെച്ച് ട്രൈ ചെയ്തിരുന്നു, ഒരു നാല് ദിവസത്തോളം ഞാനവരെ കൂടെ നിര്‍ത്തുകയും ഒന്നുരണ്ട് സീന്‍ എടുക്കുകയും ചെയ്തു, എന്നിട്ടെനിക്ക് തൃപ്തിയായില്ല. ആ സമയത്ത് മീര ഭയങ്കര തിരക്കുള്ള ആര്‍ട്ടിസ്റ്റാണ് തമിഴിലൊക്കെ അഭിനയിച്ചുകൊണ്ടിരിക്കുകയാണ്. അങ്ങനെ മീരയെ വിളിച്ച് ഞാന്‍ ഷൂട്ടിങ് തുടങ്ങി, പക്ഷെ നായിക സെറ്റാവുന്നില്ല, മീര വന്ന് അഭിനയിച്ചേ പറ്റുള്ളുവെന്ന് പറഞ്ഞു. മറ്റ് തിരക്കുകള്‍ വിട്ട് മീര ഓടി വരികയായിരുന്നു. അത് നമ്മളോടുള്ള സ്‌നേഹമാണ്.
മകള്‍ എന്ന സിനിമയുടെ കഥ എഴുതുമ്പോള്‍ തന്നെ മീര ഇത് ചെയ്യുമെന്ന തോന്നലുണ്ടായിരുന്നു. പതിനേഴ് വയസുള്ള ഒരു കുട്ടിയുടെ അമ്മയാണ് പക്ഷെ ചെറുപ്പം നഷ്ടപ്പെട്ടിട്ടില്ല. 35 വയസൊക്കെയുള്ള സ്ത്രീയാണ്, സേതുവാണ് എന്നോട് പറയുന്നത് മീരയെ കിട്ടിയാല്‍ നന്നായിരിക്കുമെന്ന്. പക്ഷെ ആ സമയത്ത് അവര്‍ എവിടെയാണെന്ന് പോലുമറിയില്ല. സേതു വളരെ പെട്ടെന്ന് ലൊക്കേറ്റ് ചെയ്ത് പറഞ്ഞു, ദുബായിലുണ്ട് ബിസിനസ് ചെയ്തുകൊണ്ടിരിക്കുകയാണെന്ന്.
അങ്ങനെ ഞാന്‍ സിനിമയുടെ കാര്യം പറഞ്ഞ് മീരയ്ക്ക് വാട്‌സാപ്പില്‍ ഒരു വോയിസ് മെസേജ് അയക്കുകയായിരുന്നു. മീര അന്ന് തന്നെ എന്നെ വിളിച്ച് സിനിമ എന്റെ മേഖലയല്ല ഇപ്പോള്‍ പക്ഷെ സത്യന്‍ അങ്കിള്‍ വിളിച്ചാല്‍ ഞാന്‍ വരുമെന്ന് പറഞ്ഞു. എന്റെ സെറ്റ് മിസ് ചെയ്യാറുണ്ടെന്ന് പറഞ്ഞു. അമ്മയായി അഭിനയിക്കാനൊന്നും പ്രശ്‌നമല്ലെന്ന് പറഞ്ഞു. ഷൂട്ട് കഴിഞ്ഞ് ആള്‍ പോവുകയും ചെയ്തു.
Content Highlights: Sathyan Anthikkad says about Meera Jasmine