| Wednesday, 23rd March 2022, 12:00 pm

ഭീഷ്മയുടേയും സി.ബി.ഐ 5 ന്റേയും കഥ മമ്മൂട്ടിയുടെ മുമ്പില്‍ വന്ന സമയമായിരുന്നു, നിങ്ങള്‍ക്ക് ഇഷ്ടമുള്ളത് ചെയ്യാമെന്ന് ഞാന്‍ പറഞ്ഞു: സത്യന്‍ അന്തിക്കാട്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളത്തില്‍ ഒരുപാട് ഹിറ്റ് സിനിമകള്‍ സമ്മാനിച്ച സംവിധായകനാണ് സത്യന്‍ അന്തിക്കാട്. 1982ല്‍ പുറത്തിറങ്ങിയ ‘കുറുക്കന്റെ കല്യാണം’ എന്ന ചിത്രത്തിലൂടെയാണ് സത്യന്‍ അന്തിക്കാട് സിനിമയിലേക്കെത്തുന്നത്. കുടുംബ പശ്ചാത്തലത്തിലുള്ള ചിത്രങ്ങളാണ് അദ്ദേഹം കൂടുതലും ചെയ്യാറുള്ളത്.

മോഹന്‍ലാല്‍, ശ്രീനിവാസന്‍, ജയറാം എന്നിവരാണ് സത്യന്‍ അന്തിക്കാടിന്റെ ചിത്രങ്ങളില്‍ കൂടുതലും അഭിനയിച്ചിട്ടുള്ളത്. അദ്ദേഹം സംവിധാനം ചെയ്ത വളരെ ചുരുക്കം സിനിമകളില്‍ മാത്രമാണ് മമ്മൂട്ടി അഭിനയിച്ചിട്ടുള്ളത്. ‘ശ്രീധരന്റെ ഒന്നാം തിരുമുറിവ്, അര്‍ത്ഥം, കളിക്കളം, കനല്‍ക്കാറ്റ്, ഗോളാന്തര വാര്‍ത്ത, ഒരാള്‍ മാത്രം, നമ്പര്‍ 1 സ്നേഹതീരം ബാംഗ്ലൂര്‍ നോര്‍ത്ത്,’ എന്നീ ചിത്രങ്ങളിലാണ് സത്യന്‍ അന്തിക്കാടിനൊപ്പം മമ്മൂട്ടി അഭിനയിച്ചത്.

എന്നാല്‍ മമ്മൂട്ടിയുമായി സിനിമ ചെയ്യാന്‍ പ്ലാന്‍ ചെയ്തിരുന്നുവെന്നും കൊവിഡ് വന്നത് കാരണം ആ സിനിമ നടന്നില്ലെന്നുമാണ് സത്യന്‍ അന്തിക്കാട് പറയുന്നത്. ഐ.എഫ്.എഫ്.കെ വേദിയിലാണ് സത്യന്‍ അന്തിക്കാട് തന്റെ നടക്കാതെ പോയ സിനിമയെ കുറിച്ച് സംസാരിച്ചത്.

”എന്റെ കൂടുതല്‍ സിനിമകളിലും മോഹന്‍ലാലും, ജയറാമുമൊക്കെ അഭിനയിച്ചത് കൊണ്ടാണ് മമ്മൂട്ടിയുടെ കൂടെ കൂടുതല്‍ സിനിമ ചെയ്യാന്‍ സാധിക്കാതെ പോയത്. എന്നാല്‍ ഞാന്‍ മമ്മൂട്ടിയുമായി ചെയ്ത കളിക്കളം, അര്‍ത്ഥം പോലുള്ള സിനിമകള്‍ വിജയിച്ചിട്ടുമുണ്ട്. എന്റെ ഏറ്റവും അടുത്ത സുഹൃത്തും കൂടിയാണ് മമ്മൂട്ടി. ഇരുപത്തിമൂന്നോളം വര്‍ഷമായി ഞാന്‍ അദ്ദേഹവുമായി സിനിമ സംവിധാനം ചെയ്തിട്ട്.

കൊവിഡ് തുടങ്ങുന്നതിന് മുമ്പ് ഞങ്ങള്‍ ഒരു സിനിമ പ്ലാന്‍ ചെയ്തിരുന്നു. സിനിമയുടെ കഥയുമുണ്ടാക്കി, ഞാന്‍ മമ്മൂട്ടിയുമായി സംസാരിച്ച് അത് അനൗണ്‍സ് ചെയ്യുകയും ചെയ്തു. അനൗണ്‍സ് ചെയ്ത് സ്‌ക്രിപ്റ്റ് എഴുതാന്‍ തുടങ്ങിയപ്പോഴാണ് കൊവിഡ് വന്നത്. മൂന്ന് മാസം കൊണ്ട് അവസാനിക്കും എന്ന് കരുതിയ കൊവിഡ് ഇപ്പോള്‍ മൂന്ന് വര്‍ഷമായിരിക്കുകയാണ്. മുഴുവന്‍ മാസ്‌ക് കെട്ടി ഷൂട്ട് ചെയ്യാന്‍ പറ്റാത്ത സിനിമയായായിരുന്നു അത്,” സത്യന്‍ അന്തിക്കാട് പറഞ്ഞു.

”ഏഴെട്ട് മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ മമ്മൂട്ടി എന്നോട് ചോദിച്ചു, എപ്പോഴായിരിക്കും നമ്മള്‍ ഈ സിനിമ തുടങ്ങുക എന്ന്. അമല്‍ നീരദിന്റെ പടത്തിന്റെയും സി.ബി.ഐ അഞ്ചാം ഭാഗത്തിന്റെയുമൊക്കെ കഥകള്‍ മമ്മൂട്ടിയുടെ മുമ്പില്‍ വന്ന് നില്‍ക്കുന്ന സമയമായിരുന്നു അത്.

ഞാന്‍ ഈ തവണ നിങ്ങളെ സ്വതന്ത്രനായി വിട്ടിരിക്കുന്നു, നിങ്ങള്‍ക്ക് ഇഷ്ടമുള്ള സിനിമകള്‍ ചെയ്യാം, ഞാന്‍ അതല്ലാത്ത മറ്റൊരു ചെറിയ സിനിമ ചെയ്തോളാം. അതിന് ശേഷം നമുക്ക് ഒന്നിക്കാം എന്നാണ് അദ്ദേഹത്തോട് പറഞ്ഞത്.

ആ വാക്ക് അവിടെ നില്‍ക്കുകയാണ്. ഏതു സമയവും ആ സിനിമ സംഭവിച്ചേക്കാം,” സത്യന്‍ അന്തിക്കാട് കൂട്ടിച്ചേര്‍ത്തു.

സത്യന്‍ അന്തിക്കാടിന്റെ സംവിധാനത്തിലൊരുങ്ങുന്ന ‘മകള്‍’ എന്ന സിനിമ റിലീസിനൊരുങ്ങുകയാണ്. ജയറാമും മീര ജാസ്മിനുമാണ് ചിത്രത്തില്‍ കേന്ദ്രകഥാപാത്രങ്ങളായെത്തുന്നത്.

ചിത്രത്തിന്റെ രചന ഇഖ്ബാല്‍ കുറ്റിപ്പുറമാണ് നിര്‍വഹിച്ചിരിക്കുന്നത്. സെന്‍ട്രല്‍ പിക്‌ചേഴ്‌സ് ആണ് ചിത്രം നിര്‍മിക്കുന്നത്. സംഗീതസംവിധാനം രാഹുല്‍ രാജ്. ചിത്രത്തിലെ ഗാനരചയിതാവ് വിഷ്ണു വിജയ്‌യാണ്. ജയറാം, മീരാ ജാസ്മിന്‍ എന്നിവരെ കൂടാതെ ദേവിക സഞ്ജയ്, ശ്രീനിവാസന്‍, ഇന്നസെന്റ്, നസ്‌ലന്‍ കെ. ഗഫൂര്‍ എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

Content Highlights: Sathyan Anthikkad says about Mammootty

We use cookies to give you the best possible experience. Learn more