| Tuesday, 22nd March 2022, 7:08 pm

അവരുടെ ഇല്ലായ്മ ഒരുപക്ഷെ എന്നെയായിരിക്കും ഏറ്റവും കൂടുതല്‍ ബാധിക്കുക; സോ കോള്‍ഡ് നായകന്മാരില്ലെങ്കിലും ഞാന്‍ സിനിമ ചെയ്യും: സത്യന്‍ അന്തിക്കാട്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

നെടുമുടി വേണുവിന്റേയും കെ.പി.എ.സി ലളിതയുടെയുമൊക്കെ വിയോഗം തന്നെയായിരിക്കും ഏറ്റവും കൂടുതല്‍ വേദനിപ്പിക്കുകയെന്ന് സംവിധായകന്‍ സത്യന്‍ അന്തിക്കാട്. ഐ.എഫ്.എഫ്.കെ വേദിയില്‍ സിനിമയിലെ കഥാപാത്രങ്ങളെ കുറിച്ച് സംസാരിക്കുന്നതിനിടെയാണ് സത്യന്‍ അന്തിക്കാടിന്റെ പരാമര്‍ശം.

‘മകള്‍’ എന്ന തന്റെ പുതിയ ചിത്രത്തിലേക്ക് ആദ്യം കാസ്റ്റ് ചെയ്തിരുന്നത് കെ.പി.എ.സി ലളിതയെ ആയിരുന്നെന്നും എന്നാല്‍ ലളിതക്ക് വരാന്‍ സാധിക്കാതെ വന്നപ്പോള്‍ സീനുകളില്‍ തന്നെ മാറ്റം വരുത്തിയെന്നും അദ്ദേഹം പറഞ്ഞു.

‘കെ.പി.എ.സി ലളിതയുടേയും നെടുമുടി വേണുവിന്റെയും വിയോഗം വളരെ ദു:ഖിപ്പിക്കുന്ന ഒന്നാണ്. ആ ഒരു കാലഘട്ടത്തിലെ ആര്‍ട്ടിസ്റ്റുകളുടെ ഇല്ലായ്മ ഒരുപക്ഷെ എന്നെ തന്നെയായിരിക്കും ഏറ്റവും കൂടുതല്‍ ബാധിക്കുക. കാരണം, ഞാന്‍ എപ്പോഴും പറയാറുണ്ട്, ഈ സോ കോള്‍ഡ് നായകന്മാരില്ലെങ്കിലും നായികമാരില്ലെങ്കിലും ഞാന്‍ സിനിമ ചെയ്യും, ചെയ്തിട്ടുമുണ്ട്.

അതിന് നെടുമുടി വേണുവിനെ പോലെയും ലളിത ചേച്ചിയെ പോലെയുമുള്ള ആര്‍ട്ടിസ്റ്റുകളുടെ പിന്‍ബലം വേണം. പൊന്മുട്ടയിടുന്ന താറാവോ അല്ലെങ്കില്‍ മഴവില്‍ കാവടിയോ ഒരു നായക കേന്ദ്രീകൃത സിനിമയല്ല, പക്ഷെ അതില്‍ സജീവമായി പങ്കെടുക്കുന്ന മറ്റ് ആളുകള്‍ വേണം, അവരുടെ പെര്‍ഫോമന്‍സ് നമ്മള്‍ ഉപയോഗിക്കുകയാണ്. അതില്‍ ഇവരുടെയൊക്കെ വിയോഗത്തില്‍ എനിക്ക് വിഷമമുണ്ട്.

എന്റെ പുതിയ ചിത്രമായ മകളില്‍ ഞാന്‍ ആദ്യം ഫിക്‌സ് ചെയ്ത ആര്‍ട്ടിസ്റ്റുകള്‍ ഇന്നസെന്റും ശ്രീനിവാസനും ലളിത ചേച്ചിയുമാണ്. ഞാനും ലളിത ചേച്ചിയും ആ കഥാപാത്രത്തെ പറ്റി ചര്‍ച്ച ചെയ്തു, എന്നോട് ചോദിക്കാതെ തന്നെ ക്യാരക്ടറിന് വേണ്ടി ചേച്ചിയൊരു വിഗ് ഓര്‍ഡര്‍ ചെയ്തു.

ഷൂട്ടിങ് തുടങ്ങിയപ്പോള്‍ ഞാന്‍ വരുമെന്നാണ് കരുതിയത്. അപ്പൊള്‍ എന്റെ അടുത്ത് സേതു മണ്ണാര്‍ക്കാട് പറഞ്ഞിരുന്നു ചേച്ചിക്ക് എന്തോ സുഖമില്ലെന്ന്, അങ്ങനെ ഞാന്‍ ചേച്ചിയെ വിളിച്ചപ്പോള്‍, ഞാനൊന്ന് ഹോസ്പിറ്റലില്‍ പോയതായിരുന്നു, ഞാന്‍ വരും എനിക്കാ സിനിമ ചെയ്യണമെന്ന് ചേച്ചി പറഞ്ഞു.

അങ്ങനെ ഷൂട്ടിന് എത്തേണ്ട സമയമായപ്പോള്‍ സിദ്ധാര്‍ത്ഥ് എന്നെ വിളിച്ച് പറഞ്ഞു, പലപ്പോഴും അമ്മ ഓര്‍മയില്ലാതെ കിടക്കുകയാണ്. ഓര്‍മ തെളിയുമ്പോള്‍ ഫോണെടുത്ത് അങ്കിളിനെ വിളിക്കുന്നതാണ്. വരാന്‍ പറ്റുമെന്ന് തോന്നുന്നില്ല.

പക്ഷെ ഇക്കാര്യം ഞാന്‍ പറഞ്ഞെന്ന് അമ്മയോട് പറയേണ്ട. ഇത് കേട്ടപ്പോള്‍ എനിക്ക് സങ്കടമായി. ചേച്ചിക്ക് വേണ്ടി സെറ്റ് ചെയ്ത സീനുകളൊക്കെ മാറ്റേണ്ടി വന്നു,’ സത്യന്‍ അന്തിക്കാട് പറഞ്ഞു.


Content Highlights: Sathyan Anthikkad says about KPAC Lalitha and Nedumudi Venu

We use cookies to give you the best possible experience. Learn more