മലയാള സിനിമ തകർന്ന് തരിപ്പണമായെന്ന് കരുതി, ഈ ചിത്രം വലിയ ആശ്വാസം; പുതിയ ചിത്രത്തെ വാനോളം പ്രശംസിച്ച് സത്യൻ അന്തിക്കാട്
Entertainment
മലയാള സിനിമ തകർന്ന് തരിപ്പണമായെന്ന് കരുതി, ഈ ചിത്രം വലിയ ആശ്വാസം; പുതിയ ചിത്രത്തെ വാനോളം പ്രശംസിച്ച് സത്യൻ അന്തിക്കാട്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 14th September 2024, 11:39 am

‘കക്ഷി അമ്മിണിപ്പിള്ള’ എന്ന ചിത്രത്തിന് ശേഷം ദിന്‍ജിത്ത് അയ്യത്താന്‍ സംവിധാനം ചെയ്ത സിനിമയാണ് ‘കിഷ്‌ക്കിന്ധാ കാണ്ഡം’.
ഫാമിലി ത്രില്ലര്‍ ഡ്രാമയെന്ന ഴോണറില്‍ എത്തിയ സിനിമ ഈ വര്‍ഷമെത്തിയ മികച്ച ത്രില്ലര്‍ ചിത്രങ്ങളില്‍ ഒന്നുതന്നെയാണ്. ഒരു റിസര്‍വ്ഡ് ഫോറസ്റ്റിന് അടുത്ത് താമസിക്കുന്ന റിട്ടേഴ്ഡ് സൈനിക ഉദ്യോഗസ്ഥനായ അപ്പു പിള്ളയുടെയും വനം വകുപ്പ് ജീവനക്കാരനായ അയാളുടെ മകന്‍ അജയചന്ദ്രന്റെയും കഥയാണ് ഈ സിനിമ പറയുന്നത്.

ആസിഫ് അലി, വിജയരാഘവൻ, അപർണ ബാലമുരളി എന്നിവർ പ്രധാന വേഷത്തിൽ എത്തിയ ചിത്രം ഈ വർഷത്തെ മികച്ച സിനിമകളിലൊന്നായി മാറുന്ന പ്രതികരണമാണ് വന്നുകൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ സിനിമയെ വാനോളം പ്രശംസിച്ചിരിക്കുകയാണ് സംവിധായകൻ സത്യൻ അന്തിക്കാട്. മലയാള സിനിമ തകർന്ന് തരിപ്പണമായെന്ന് സംശയിച്ചിരിക്കുമ്പോൾ വലിയ ആശ്വാസം നൽകുന്ന ചിത്രമാണ് കിഷ്‌ക്കിന്ധാ കാണ്ഡമെന്ന് സത്യൻ അന്തിക്കാട് പറയുന്നു.

 

വിജയ ഫോർമുലകളില്ലാതെ മികച്ച ചിത്രം നിർമിക്കാമെന്ന് സംവിധായകൻ ദിൻജിത്ത് തെളിയിച്ചെന്നും ആസിഫ് അലി അഭിനയത്തിലൂടെ അതിശയിപ്പിച്ചെന്നും സത്യൻ അന്തിക്കാട് പറഞ്ഞു. വിജയരാഘവന്റെയും അപർണയുടെയും പ്രകടനങ്ങളെ കുറിച്ചും സത്യൻ അന്തിക്കാട് തന്റെ എഫ്.ബി പോസ്റ്റിൽ പങ്കുവെച്ചു.

‘മാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്തകൾ കണ്ട് മലയാളസിനിമ തകർന്ന് തരിപ്പണമാകുമോ എന്ന് സംശയിച്ചിരിക്കുമ്പോഴാണ് “കിഷ്കിന്ധാ കാണ്ഡം” കണ്ടത്. ആഹ്ലാദത്തേക്കാളേറെ ആശ്വാസമാണ് തോന്നിയത്. വിജയഫോർമുലയെന്ന് പറയപ്പെടുന്ന ഒന്നിനേയും ആശ്രയിക്കാതെ ഒരു വിജയചിത്രം ഒരുക്കാമെന്ന് സംവിധായകൻ ദിൻജിത്തും തിരക്കഥാകൃത്തും ക്യാമറാമാനമായ ബാഹുൽ രമേഷും തെളിയിച്ചിരിക്കുന്നു.

വനമേഖലയോടു ചേർന്ന ആ വീടും പരിസരവും സിനിമ കണ്ടിറങ്ങിയാലും മനസിൽ നിന്നു മായില്ല.
സൂക്ഷ്മമായ അഭിനയത്തിലൂടെയും ശബ്ദ നിയന്ത്രണത്തിലൂടെയും ആസിഫ് അലി അതിശയിപ്പിച്ചു എന്നു വേണം പറയാൻ. അഭിനയ സാധ്യതയുള്ള വേഷം കിട്ടിയാൽ വിജയരാഘവൻ മിന്നിത്തിളങ്ങുമെന്ന് വീണ്ടും ഓർമ്മിപ്പിക്കുന്നു.

അപർണാ ബാലമുരളിയും എത്ര പക്വതയോടെയാണ് ആ കഥാപാത്രത്തെ അവതരിപ്പിച്ചത്. സംഗീതമൊരുക്കിയ മുജീബിനും പുതിയ തലമുറയിൽ വിശ്വാസമർപ്പിച്ച് ഒപ്പം നിന്ന ഗുഡ്‌വിൽ എന്റർടൈൻമെൻറ്സിന്റെ ജോബി ജോർജ്ജിനും സ്നേഹവും അഭിനന്ദനങ്ങളും.
എല്ലാ പ്രതിസന്ധികളേയും മറി കടക്കാൻ നമുക്ക് നല്ല സിനിമകളുണ്ടായാൽ മാത്രം മതി. ‘കിഷ്കിന്ധാ കാണ്ഡം’ തീർച്ചയായും ഒരു മറുപടിയാണ്,”സത്യൻ അന്തിക്കാട് പറയുന്നു.

 

Content Highlight: Sathyan Anthikkad’s Fb Post About Kishkinda Kandam Movie