'മനസ്സിനിണങ്ങിയ ഒരു പേര് കണ്ടെത്താനുള്ള ശ്രമമായിരുന്നു, ഒടുവില്‍ പേരിട്ടു'; സത്യന്‍ അന്തിക്കാട് - ജയറാം - മീര ജാസ്മിന്‍ ചിത്രത്തിന്റെ പേര് പ്രഖ്യാപിച്ചു
Entertainment news
'മനസ്സിനിണങ്ങിയ ഒരു പേര് കണ്ടെത്താനുള്ള ശ്രമമായിരുന്നു, ഒടുവില്‍ പേരിട്ടു'; സത്യന്‍ അന്തിക്കാട് - ജയറാം - മീര ജാസ്മിന്‍ ചിത്രത്തിന്റെ പേര് പ്രഖ്യാപിച്ചു
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 11th December 2021, 7:35 pm

കൊച്ചി: ജയറാമിനെയും മീര ജാസ്മിനെയും പ്രധാനകഥാപാത്രങ്ങളാക്കി സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ പേര് പ്രഖ്യാപിച്ചു. മകള്‍ എന്നാണ് ചിത്രത്തിന്റെ പേര്.

ഫേസ്ബുക്കിലൂടെ സത്യന്‍ അന്തിക്കാട് തന്നെയാണ് പേര് പ്രഖ്യാപിച്ചത്. ചിത്രത്തിന് ഇത് വരെ പേരിട്ടില്ലേ എന്ന് പലരും ചോദിച്ചു തുടങ്ങിയെന്നും പൊതുവെ വൈകി പേരിടുന്നതാണ് എന്റെയൊരു പതിവെന്നും അദ്ദേഹം പറഞ്ഞു.

ഈ പേരിടല്‍ വൈകുന്നത് മനഃപൂര്‍വ്വമാണെന്ന് ചിലരൊക്കെ പറയാറുണ്ട്. മനസ്സിനിണങ്ങിയ ഒരു പേര് കണ്ടെത്താനുള്ള ശ്രമം സിനിമയെപ്പറ്റി ആലോചിക്കുമ്പോള്‍ തന്നെ തുടങ്ങുന്നു എന്നതാണ് വാസ്തവം. അത് തെളിഞ്ഞു വരാന്‍ ഒരു സമയമുണ്ട്. ഇപ്പോള്‍ പുതിയ സിനിമയുടെ പേര് മനസ്സില്‍ തെളിഞ്ഞിരിക്കുന്നെന്നും അദ്ദേഹം പറഞ്ഞു.

ഇക്ബാല്‍ കുറ്റിപ്പുറത്തിന്റേതാണ് രചന. സെന്‍ട്രല്‍ പ്രൊഡക്ഷന്‍സാണ് ചിത്രം നിര്‍മിക്കുന്നത്. നീണ്ട ഇടവേളയ്ക്ക് ശേഷം മീര ജാസ്മിന്‍ വീണ്ടും അഭിനയിക്കുന്ന ചിത്രമാണിത്.

ജയറാം വീണ്ടും സത്യന്‍ അന്തിക്കാട് ചിത്രത്തില്‍ നായകനാവുന്നുവെന്ന പ്രത്യേകതയുമുണ്ട്. സിദ്ദിഖ്, ഇന്നസെന്റ്, കെ.പി.എ.സി ലളിത. ശ്രീനിവാസന്‍, ദേവിക തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നു.

സത്യന്‍ അന്തിക്കാടിന്റെ ഫേസ്ബുക്ക് പോസ്റ്റ് പൂര്‍ണരൂപം,

പുതിയ സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാകാറായി. ഇത് വരെ പേരിട്ടില്ലേ എന്ന് പലരും ചോദിച്ചു തുടങ്ങി. പൊതുവെ വൈകി പേരിടുന്നതാണ് എന്റെയൊരു പതിവ്. അത് മനഃപൂര്‍വ്വമാണെന്ന് ചിലരൊക്കെ പറയാറുണ്ട്. മനസ്സിനിണങ്ങിയ ഒരു പേര് കണ്ടെത്താനുള്ള ശ്രമം സിനിമയെപ്പറ്റി ആലോചിക്കുമ്പോള്‍ തന്നെ തുടങ്ങുന്നു എന്നതാണ് വാസ്തവം. അത് തെളിഞ്ഞു വരാന്‍ ഒരു സമയമുണ്ട്.
ഇപ്പോള്‍ പുതിയ സിനിമയുടെ പേര് മനസ്സില്‍ തെളിഞ്ഞിരിക്കുന്നു.
‘മകള്‍’.
അത് നിങ്ങളുമായി പങ്കു വക്കുന്നു.

‘ഒരു ഇന്ത്യന്‍ പ്രണയകഥ’യും, ‘കുടുംബപുരാണ’വും, ‘കളിക്കള’വുമൊക്കെ നിര്‍മ്മിച്ച ‘സെന്‍ട്രല്‍ പ്രൊഡക്ഷന്‍സാണ്’ നിര്‍മ്മാതാക്കള്‍. ഡോ. ഇക്ബാല്‍ കുറ്റിപ്പുറത്തിന്റേതാണ് രചന. അവിസ്മരണീയമായ ദൃശ്യാനുഭവങ്ങള്‍ നല്‍കുന്ന എസ്. കുമാറാണ് ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്.
ജയറാമും, മീര ജാസ്മിനും വീണ്ടും ഞങ്ങളോടൊപ്പം ചേരുന്നു എന്നതാണ് ഏറ്റവും വലിയ സന്തോഷം. ഞാന്‍ പ്രകാശനിലെ ടീന മോളായി വന്ന ദേവിക സഞ്ജയ് ഇത്തവണയും എന്നെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്.
കാത്തിരിക്കുക. തിയേറ്ററുകളിലൂടെത്തന്നെ ‘മകള്‍’ നിങ്ങള്‍ക്കു മുമ്പിലെത്തും.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Sathyan Anthikkad Jayaram Meera Jasmine New Movie Name announced