മലയാളികള്‍ എക്കാലവും നെഞ്ചിലേറ്റുന്ന ഒരുപിടി മികച്ച സിനിമകള്‍ ഒരുക്കിയ സംവിധായകനാണ് സത്യന്‍ അന്തിക്കാട്. 1982ല്‍ കുറുക്കന്റെ കല്യാണം എന്ന ചിത്രത്തിലൂടെയാണ് സത്യന്‍ അന്തിക്കാട് സംവിധാനരംഗത്തേക്ക് കടന്നുവന്നത്. പൊന്മുട്ടയിടുന്ന താറാവ്, തലയണമന്ത്രം, നാടോടിക്കാറ്റ് തുടങ്ങിയ ക്ലാസിക് ചിത്രങ്ങള്‍ സത്യന്‍ അന്തിക്കാട് ഒരുക്കിയിട്ടുണ്ട്.
ദിലീപിനെ നായകനാക്കി സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത് 2007ല്‍ പുറത്തിറങ്ങിയ ചിത്രമാണ് വിനോദയാത്ര. ചിത്രത്തില്‍ നായികയായി വേഷമിട്ടത് മീര ജാസ്മിനായിരുന്നു. ചിത്രത്തിലേക്ക് മീര എത്തിപ്പെട്ടതിനെക്കുറിച്ച് സംസാരിക്കുകയാണ് സത്യന്‍ അന്തിക്കാട്. ചെന്നൈയില്‍ നിന്നുള്ള ഒരു നടിയെയായിരുന്നു അനുപമ എന്ന കഥാപാത്രമായി താന്‍ മനസില്‍ കണ്ടതെന്ന് സത്യന്‍ അന്തിക്കാട് പറഞ്ഞു.
അഭിനയത്തില്‍ അത്രകണ്ട് എക്‌സ്പീരിയന്‍സില്ലാത്ത ആ നടിയെ രണ്ടുമൂന്ന് ദിവസം സെറ്റില്‍ നിര്‍ത്തി എല്ലാവരുമായി കണക്ഷന്‍ ഉണ്ടാക്കാമെന്നായിരുന്നു തന്റെ ഉദ്ദേശമെന്ന് സത്യന്‍ അന്തിക്കാട് കൂട്ടിച്ചേര്‍ത്തു. നയന്‍താര, സംയുക്ത വര്‍മ, അസിന്‍ എന്നിവരെ അഭിനയിപ്പിച്ചത് അങ്ങനെയായിരുന്നെന്നും സത്യന്‍ അന്തിക്കാട് പറഞ്ഞു.
എന്നാല്‍ രണ്ട് ദിവസം കഴിഞ്ഞപ്പോള്‍ ആ നടിക്ക് ബോറടിച്ചെന്നും ഷൂട്ട് ചെയ്യാന്‍ തന്നെ നിര്‍ബന്ധിച്ചെന്നും സത്യന്‍ അന്തിക്കാട് കൂട്ടിച്ചേര്‍ത്തു. അവരുടെ നിര്‍ബന്ധത്തിന് വഴങ്ങി ഷൂട്ട് ചെയ്‌തെന്നും എന്നാല്‍ എത്ര ശ്രമിച്ചിട്ടും ആ നടിയുടെ മുഖത്ത് ഭാവങ്ങള്‍ വന്നില്ലെന്നും സത്യന്‍ അന്തിക്കാട് പറഞ്ഞു. ഒടുവില്‍ അവരെ പറഞ്ഞുവിടേണ്ടി വന്നെന്നും മീരാ ജാസ്മിനെ വിളിച്ച് രക്ഷിക്കണം എന്ന് പറഞ്ഞപ്പോഴാണ് മീര ആ സിനിമയിലേക്ക് വന്നതെന്നും സത്യന്‍ അന്തിക്കാട് കൂട്ടിച്ചേര്‍ത്തു. ക്ലബ്ബ് എഫ്.എമ്മിനോട് സംസാരിക്കുകയായിരുന്നു സത്യന്‍ അന്തിക്കാട്.
‘വിനോദയാത്രയില്‍ മീര ജാസ്മിനല്ലായിരുന്നു നായികയാകേണ്ടിയിരുന്നത്. ചെന്നൈയില്‍ നിന്നുള്ള ഒരു നടിയെ ആ വേഷം ചെയ്യാന്‍ ഞാന്‍ കണ്ടുപിടിച്ചു. ആ സെറ്റുമായും കഥയുമായും സെറ്റായി വരാന്‍ വേണ്ടി ഞാന്‍ അവരെ രണ്ടുമൂന്നുദിവസം ലൊക്കേഷനില്‍ കൊണ്ടുനിര്‍ത്താറുണ്ട്. നയന്‍താര, അസിന്‍ സംയുക്ത വര്‍മ ഇവരെയൊക്കെ അങ്ങനെയാണ് കൊണ്ടുവന്നത്.
പക്ഷേ, രണ്ട് ദിവസം കഴിഞ്ഞപ്പോള്‍ അവര്‍ക്ക് ബോറടിച്ചു. ഷൂട്ട് തുടങ്ങാമെന്ന് പറഞ്ഞ് എന്നെ നിര്‍ബന്ധിച്ചു. ഞാന്‍ അവരെ വെച്ച് ഷൂട്ട് ചെയ്തു. എത്രയൊക്കെ നോക്കിയിട്ടും ആ നടിയുടെ മുഖത്ത് ഭാവങ്ങള്‍ വരുന്നില്ല. ഒടുവില്‍ അവരെ പറഞ്ഞുവിടേണ്ടി വന്നു. പിന്നീടാണ് മീരയെ വിളിച്ച് എന്റെ അവസ്ഥകളെല്ലാം പറഞ്ഞു. ‘എന്നെ എങ്ങനെയെങ്കിലും രക്ഷിക്കണം’ എന്ന് റിക്വസ്റ്റ് ചെയ്തു,’ സത്യന്‍ അന്തിക്കാട് പറയുന്നു.
Content Highlight: Sathyan Anthikkad explains how Meera Jasmine became the part of Vinodayathra