തിരുവനന്തപുരം: തിയേറ്റര്‍ സമരത്തില്‍ രൂക്ഷവിമര്‍ശനവുമായി സംവിധായകന്‍ സത്യന്‍ അന്തിക്കാട്. മുന്‍പെങ്ങും കണ്ടിട്ടില്ലാത്ത വിചിത്രമായ ഒരു സമരത്തിനു മുന്നില്‍ പകച്ചു നില്‍ക്കുകയാണ് മലയാള സിനിമയെന്ന് സത്യന്‍ അന്തിക്കാട് പറയുന്നു.
വേതന വര്‍ദ്ധനവിനും ജോലിസമയ ഏകീകരണത്തിനുമൊക്കെയായി ഇവിടെ സമരങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും അതൊക്കെ തൊഴിലാളി സമരങ്ങളായിരുന്നെങ്കില്‍ ചരിത്രത്തില്‍ ആദ്യമായി ഒരു മുതലാളി സമരം വന്നിരിക്കുകയാണെന്നും സത്യന്‍ അന്തിക്കാട് പറയുന്നു. മാതൃഭൂമിയിലെ ട്രൂകോപ്പി പംക്തിയിലെഴുതിയ ലേഖനത്തിലാണ് സത്യന്‍ അന്തിക്കാട് നിലപാട് വ്യക്തമാക്കിയത്.
ചന്തയില്‍ വെട്ടിമുറിച്ച് വില പേശി വില്‍ക്കാവുന്ന ഒരു ഉത്പന്നമാണോ സിനിമ? അതൊരു ഫാക്ടറിയില്‍ യന്ത്രങ്ങളാല്‍ നിര്‍മ്മിക്കപ്പെടുന്ന വസ്തുവല്ലല്ലൊ എന്നും സത്യന്‍ അന്തിക്കാട് ചോദിക്കുന്നു.
ഒരു കൂട്ടം കലാകാരന്മാരുടെ വളരെക്കാലത്തെ പ്രയത്നത്തിന്റെ ഫലമാണ് ഓരോ സിനിമയും. അതിനൊരു വിലയും കല്പിക്കാതെയാണ് ഈ വെല്ലുവിളികള്‍ നടത്തുന്നത്. ഇതിലൊരു മനുഷ്യത്വമില്ലായ്മയുണ്ട്. മര്യാദകേടുണ്ട്. അതിലേറെ മര്യാദകേടായിരുന്നു ഞങ്ങള്‍ക്ക് മലയാള സിനിമ വേണ്ട. അന്യഭാഷാ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചോളാം എന്ന പ്രഖ്യാപനമെന്നും സത്യന്‍ അന്തിക്കാട് പറയുന്നു.
വായുവും വെള്ളവുംപോലെ ഒരു മനുഷ്യന് ഒഴിച്ചുകൂടാനാവാത്ത ഒന്നല്ല സിനിമ. കുറെക്കാലം തിയറ്ററുകളില്‍ പോകാതിരുന്ന ഒരാള്‍ക്ക് പതുക്കെപ്പതുക്കെ ആ ശീലം ഇല്ലാതാകും. ഇത്തരം സമരങ്ങള്‍ പ്രേക്ഷകരെ താത്പര്യമില്ലായ്മയിലേക്കാണ് നയിക്കുകയെന്നും സത്യന്‍ അന്തിക്കാട് പറയുന്നു.
ഏണ്‍പതുകള്‍ക്ക് ശേഷം സിനിമയ്ക്ക് പുതിയൊരു ഉണര്‍വുണ്ടായ കാലമാണ് 2016. അല്പമെങ്കിലും ഗുണമുണ്ടെന്നു തോന്നിയ എല്ലാ സിനിമകളും പ്രേക്ഷകര്‍ വിജയിപ്പിച്ചു. സിനിമയോടുള്ള അവരുടെ അഭിനിവേശത്തിനു മുന്നില്‍ വാതില്‍ കൊട്ടിയടക്കരുത്. അതുപോലെത്തെന്നെ ഓണം, വിഷു, ക്രിസ്ത്മസ് തുടങ്ങിയ ഉത്സവകാലത്ത് സിനിമാസമരങ്ങള്‍ പാടില്ലെന്ന് ഉത്തരവിറക്കാന്‍ സര്‍ക്കാരും തയ്യാറാകണമെന്നും സത്യന്‍ അന്തിക്കാട് ആവശ്യപ്പെടുന്നു.