നടനായത് കൊണ്ട് മാത്രം വേണ്ട പരിഗണന കിട്ടാതെപോയ എഴുത്തുകാരനാണ് അദ്ദേഹം: സത്യൻ അന്തിക്കാട്
Entertainment
നടനായത് കൊണ്ട് മാത്രം വേണ്ട പരിഗണന കിട്ടാതെപോയ എഴുത്തുകാരനാണ് അദ്ദേഹം: സത്യൻ അന്തിക്കാട്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 9th October 2024, 7:22 pm

മലയാളത്തിന് മികച്ച സിനിമകൾ സമ്മാനിച്ച കൂട്ടുകെട്ടാണ് ശ്രീനിവാസൻ – സത്യൻ അന്തിക്കാട്. സാധാരണക്കാരോട് ഏറ്റവും ചേർന്ന് നിൽക്കുന്ന ചിത്രങ്ങളാണ് ഇരുവരും എന്നും ഒരുക്കിയത്. അവസാനം ഒന്നിച്ച ഞാൻ പ്രകാശനും തിയേറ്ററിൽ സൂപ്പർ ഹിറ്റായിരുന്നു.

നാടോടിക്കാറ്റ്, സന്മനസ്സുള്ളവർക്ക് സമാധാനം, ഗാന്ധി നഗർ സെക്കന്റ്‌ സ്ട്രീറ്റ്, വരവേൽപ്പ് തുടങ്ങി മോഹൻലാലിന്റെ കരിയറിലും വലിയ സ്വാധീനം ചെലുത്താൻ സത്യൻ അന്തിക്കാട് – ശ്രീനിവാസൻ സിനിമകൾക്ക് സാധിച്ചിട്ടുണ്ട്. ശാരീരികമായ അവശതകൾ കാരണം ശ്രീനിവാസൻ ഇന്ന് സിനിമയിൽ സജീവമല്ല.

നടനായതുകൊണ്ട് ശ്രീനിവാസൻ എന്ന എഴുത്തുകാരെനെ വേണ്ടവിധത്തിൽ പരിഗണിക്കപ്പെട്ടിട്ടില്ലായെന്നാണ് സത്യൻ അന്തിക്കാട് പറയുന്നത്. ഇരുട്ടിന്റെ ആത്മാവ്, നീലക്കുയിൽ തുടങ്ങിയ മികച്ച സിനിമകൾ സമ്മാനിച്ച പി. ഭാസ്ക്കരൻ ഇന്നും ഗാനരചയിതാവായാണ് അറിയപ്പെടുന്നതെന്നും അതുപോലെയാണ് ശ്രീനിവാസനെന്നും സത്യൻ അന്തിക്കാട് പറയുന്നു. സാധാരണക്കാരന്റെ മനസ് തൊട്ടറിഞ്ഞ അപൂർവം ചില എഴുത്തുക്കാരിൽ ഒരാളാണ് ശ്രീനിവാസനെന്നും സത്യൻ അന്തിക്കാട് പറഞ്ഞു. മാതൃഭൂമി സ്റ്റാർ ആൻഡ്‌ സ്റ്റൈൽ മാഗസിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘നടനായതുകൊണ്ട് ശ്രീനിവാസൻ എന്ന എഴുത്തുകാരൻ വേണ്ടവിധത്തിൽ പരിഗണിക്കപ്പെട്ടിട്ടില്ല എന്നെനിക്ക് തോന്നിയിട്ടുണ്ട്. ശ്രീകുമാരൻതമ്പി സാർ ഒരിക്കൽ പറഞ്ഞിട്ടുണ്ട്, ഒരു മേഖലയിൽ പേരെടുത്തു കഴിഞ്ഞാൽ അതിന്റെ പേരിൽ മാത്രമേ അവർ വിലയിരുത്തപ്പെടു എന്ന്.

ഇരുട്ടിന്റെ ആത്മാവും നീലക്കുയിലും പോലെ അതിമനോഹരമായ സിനിമകൾ സംവിധാനം ചെയ്ത പി.ഭാസ്ക്കരൻ ഇപ്പോഴും ഗാനരചയിതാവായി മാത്രമാണ് അറിയപ്പെടുന്നത്.

എത്ര വ്യത്യസ്തമായ തിരക്കഥകളാണ് ശ്രീനിവാസൻ എഴുതിയിട്ടുള്ളത്. പുറമെ ചിരിക്കുമ്പോഴും അകം വിങ്ങുന്ന കഥകൾ. സാധാരണക്കാരന്റെ മനസിനെ ഇതുപോലെ തൊട്ടറിയുന്ന എഴുത്തുകാർ മലയാളസിനിമയിൽ അധികമില്ല. വരും തലമുറ അത് തിരിച്ചറിയും. എനിക്കുറപ്പുണ്ട്,’സത്യൻ അന്തിക്കാട് പറയുന്നു.

 

Content Highlight: Sathyan Anthikkad About Writing Skill Of Sreenivasan