എന്റെ ആ ചിത്രത്തെ കുറിച്ച് ആരോപണം ഉണ്ടായപ്പോൾ വിനീതിനോടാണ് ഞാനത് ക്ലിയർ ചെയ്യാൻ പറഞ്ഞത്: സത്യൻ അന്തിക്കാട്
Entertainment
എന്റെ ആ ചിത്രത്തെ കുറിച്ച് ആരോപണം ഉണ്ടായപ്പോൾ വിനീതിനോടാണ് ഞാനത് ക്ലിയർ ചെയ്യാൻ പറഞ്ഞത്: സത്യൻ അന്തിക്കാട്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 28th October 2024, 8:59 am

മലയാളത്തിൽ മികച്ച സിനിമകൾ സമ്മാനിച്ചിട്ടുള്ള സംവിധായകനാണ് സത്യൻ അന്തിക്കാട്. സാധാരണക്കാരുടെ കഥകളാണ് സത്യൻ അന്തിക്കാട് എന്നും പറഞ്ഞിട്ടുള്ളത്. മോഹൻലാൽ, ശ്രീനിവാസൻ, ജയറാം തുടങ്ങിയ താരങ്ങൾക്ക് കുടുംബ പ്രേക്ഷകർക്കിടയിൽ വലിയ സ്ഥാനം നേടി കൊടുക്കാൻ സത്യൻ അന്തിക്കാടിന്റെ സിനിമകൾ സഹായിച്ചിട്ടുണ്ട്.

ദുൽഖർ സൽമാനെ നായകനാക്കി സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത ചിത്രമാണ് ജോമോന്റെ സുവിശേഷങ്ങൾ. ഏകദേശം ജോമോന്റെ സുവിശേഷങ്ങളുടെ അതേ കഥാപശ്ചാത്തലത്തിൽ ഒരുങ്ങിയ മറ്റൊരു സിനിമയായിരുന്നു വിനീത് ശ്രീനിവാസന്റെ സംവിധാനത്തിൽ നിവിൻ പോളി നായകനായി എത്തിയ ജേക്കബിന്റെ സ്വർഗ രാജ്യം.

അതിനെകുറിച്ച് താൻ വിനീതിനോട് തന്നെ സംസാരിച്ചിരുന്നുവെന്നും മുമ്പ് മഴവിൽ കാവടി എന്ന ചിത്രത്തിന് ശേഷം തന്റെ സ്നേഹ സാഗരം എന്ന സിനിമ ഇറങ്ങിയപ്പോഴും ഇത്തരത്തിൽ ആരോപണമുണ്ടായിരുന്നുവെന്നും സത്യൻ അന്തിക്കാട് പറയുന്നു. ദുൽഖറിനോപ്പം സിനിമ ചെയ്തപ്പോൾ ഒരു പുതിയ സുഹൃത്തിനെ കിട്ടിയത് പോലെയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

‘ജോമോന്റെ സുവിശേഷങ്ങൾ ചെയ്യുമ്പോൾ പ്രധാനമായും എന്നെ ആനന്ദിപ്പിച്ചത്, ഞാൻ മമ്മൂട്ടിയുടെ വീട്ടിൽ പണ്ട് സ്ഥിരമായി പോവുമ്പോൾ അവിടെ കളിച്ച് നടന്നിരുന്ന പയ്യനെ നായകനാക്കി എനിക്ക് സിനിമ ചെയ്യാൻ കഴിഞ്ഞു എന്നതാണ്.

എന്റെ കൂട്ടുകാരന്റെ മകനാണ് ദുൽഖർ സൽമാൻ. പക്ഷെ പടം കഴിഞ്ഞപ്പോൾ മമ്മൂട്ടി എന്റെ സുഹൃത്തിന്റെ അച്ഛനായി മാറി. ജോമോന്റെ സുവിശേഷങ്ങൾ ഇറങ്ങിയപ്പോൾ ജേക്കബിന്റെ സ്വർഗ രാജ്യവുമായി സാമ്യമുണ്ടെന്ന് പറഞ്ഞൊരു ആരോപണം ഉണ്ടായിരുന്നു.

ഞാൻ വിനീതിനോട്‌, നീ തന്നെ അതൊന്ന് ക്ലിയർ ചെയ്ത് കൊടുക്ക് എന്ന് പറഞ്ഞിരുന്നു. കാരണം ജേക്കബിന്റെ സ്വർഗരാജ്യത്തിന് മുമ്പ് ഉണ്ടാക്കിയ കഥയാണിത്. രണ്ടിന്റെയും വിഷയം ഏകദേശം ഒന്ന് തന്നെയാണ്. അച്ഛന്റെ പതനത്തിൽ നിന്ന് മകൻ രക്ഷപ്പെടുത്തുന്നു എന്നുള്ളതാണ്. പക്ഷെ അച്ഛനും മകനും തമ്മിലുള്ള റിലേഷൻഷിപ്പാണ് ജോമോന്റെ സുവിശേഷങ്ങൾ. തിരുപ്പതിയിൽ ചെന്നിട്ട് അവർ രണ്ട് പേരും കൂടെയുള്ള സീനുകളാണ്. ജേക്കബിൽ അച്ഛൻ വേറേ എവിടെയോയാണ്.

ആളുകൾക്ക് ഈസിയായിട്ട് കുറ്റം പറയാമല്ലോ. മഴവിൽ കാവടി എന്ന സിനിമക്ക് ശേഷം പഴനി പശ്ചാത്തലമാക്കി സ്നേഹ സാഗരം എന്നൊരു സിനിമ ചെയ്തു ഞാൻ. ആദ്യം വന്ന കമന്റ്‌ ഇത് മഴവിൽ കാവടി തന്നെ എന്നായിരുന്നു. പശ്ചാത്തലം പഴനിയാണെന്ന് മാത്രമേയുള്ളൂ,’സത്യൻ അന്തിക്കാട് പറയുന്നു.

Content Highlight: Sathyan Anthikkad About Vineeth Sreenivasan and Jackobinte Sworga Rajyam