| Monday, 6th January 2025, 9:06 pm

ഞാനും ശ്രീനിവാസനും റിയല്‍ ലൈഫില്‍ കേട്ട തെറി ആ ജയറാം ചിത്രത്തിലെ ഒരു സീനായി ഉപയോഗിച്ചു: സത്യന്‍ അന്തിക്കാട്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളത്തിന് മികച്ച സിനിമകള്‍ സമ്മാനിച്ച കൂട്ടുകെട്ടാണ് ശ്രീനിവാസന്‍ – സത്യന്‍ അന്തിക്കാട്. സാധാരണക്കാരോട് ഏറ്റവും ചേര്‍ന്ന് നില്‍ക്കുന്ന ചിത്രങ്ങളാണ് ഇരുവരും എന്നും ഒരുക്കിയത്. പൊന്മുട്ടയിടുന്ന താറാവ്, സന്ദേശം, തലയണമന്ത്രം, നാടോടിക്കാറ്റ് തുടങ്ങി ഒരുപിടി മികച്ച സിനിമകള്‍ ഈ കൂട്ടുകെട്ടില്‍ പിറന്നിട്ടുണ്ട്. ഇരുവരും അവസാനം ഒന്നിച്ച ഞാന്‍ പ്രകാശനും തിയേറ്ററില്‍ സൂപ്പര്‍ ഹിറ്റായിരുന്നു.

ഇന്നും പല ട്രോള്‍ പേജുകളും അടക്കിവാഴുന്ന രംഗങ്ങളിലൊന്നാണ് തലയണമന്ത്രത്തിലെ ഡ്രൈവിങ് സീന്‍. തങ്ങള്‍ രണ്ടുപേരുടെയും ജീവിതത്തില്‍ ഉണ്ടായ സംഭവമാണ് ശ്രീനിവാസന്‍ ആ സിനിമയില്‍ ഉള്‍പ്പെടുത്തിയതെന്ന് പറയുകയാണ് സത്യന്‍ അന്തിക്കാട്. താനും ശ്രീനിവാസനും മദ്രാസില്‍ വെച്ചാണ് ഡ്രൈവിങ് പഠിച്ചതെന്ന് അതിനായി ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ടെന്നും സത്യന്‍ അന്തിക്കാട് പറഞ്ഞു.

തങ്ങള്‍ രണ്ടുപേര്‍ക്കും ഡ്രൈവിങ് അറിയില്ലായിരുന്നെന്നും മറ്റുള്ളവര്‍ അറിഞ്ഞാല്‍ അത് കുറച്ചിലായി തോന്നുമെന്ന് കരുതിയെന്നും സത്യന്‍ അന്തിക്കാട് കൂട്ടിച്ചേര്‍ത്തു. ചെന്നൈയില്‍ ഒരൊറ്റ മലയാളി പോലുമില്ലാത്ത ഡ്രൈവിങ് സ്‌കൂളില്‍ നിന്ന് പഠിക്കാമെന്ന് തീരുമാനിച്ചെന്നും അങ്ങനെയൊരു സ്‌കൂള്‍ കണ്ടുപിടിക്കാന്‍ കുറച്ചധികം കഷ്ടപ്പെട്ടെന്നും സത്യന്‍ അന്തിക്കാട് പറഞ്ഞു.

ഒടുവില്‍ ഒരു ഡ്രൈവിങ് സ്‌കൂള്‍ കണ്ടുപിടിച്ചെന്നും തങ്ങള്‍ സിനിമാക്കാരാണെന്ന് അവരോട് പറയാതെയാണ് പഠിക്കാന്‍ പോയതെന്നും സത്യന്‍ അന്തിക്കാട് കൂട്ടിച്ചേര്‍ത്തു. ഒരുദിവസം പഠിക്കാന്‍ വേണ്ടി അതിരാവിലെ ചെന്നെന്നും അന്ന് ഡ്രൈവിങ് പഠിക്കാന്‍ അഞ്ചാറ് പേരുണ്ടായിരുന്നെന്നും സത്യന്‍ അന്തിക്കാട് പറഞ്ഞു.

ശ്രീനിവാസന്റെ ഊഴം വന്നപ്പോള്‍ അയാള്‍ വണ്ടിയെടുത്തെന്നും എന്നാല്‍ നിയന്ത്രണം വിട്ട് ഒരു പോസ്റ്റില്‍ ഇടിക്കാന്‍ പോയെന്നും സത്യന്‍ അന്തിക്കാട് കൂട്ടിച്ചേര്‍ത്തു. ഡ്രൈവിങ് സ്‌കൂളിന്റെ ഇന്‍സ്ട്രക്ടര്‍ ബ്രേക്ക് ചവിട്ടി നിര്‍ത്തിയെന്നും ശ്രീനിവാസനെ കണ്ണുപൊട്ടുന്ന ചീത്ത വിളിച്ചെന്നും സത്യന്‍ പറഞ്ഞു.

അന്ന് തിരിച്ചുപോകുന്ന സമയത്ത് ആ സംഭവം ആരോടും പറയരുതെന്ന് ശ്രീനിവാസന്‍ ആവശ്യപ്പെട്ടെന്നും എന്നാല്‍ താന്‍ അത് മോഹന്‍ലാലടക്കം പലരെയും വിളിച്ചുപറഞ്ഞെന്നും സത്യന്‍ അന്തിക്കാട് കൂട്ടിച്ചേര്‍ത്തു. ആ സംഭവത്തില്‍ കുറച്ച് മാറ്റം വരുത്തി തലയണമന്ത്രത്തില്‍ ഉള്‍പ്പെടുത്തിയെന്നും സത്യന്‍ അന്തിക്കാട് പറഞ്ഞു. ക്ലബ്ബ് എഫ്.എമ്മിനോട് സംസാരിക്കുകയായിരുന്നു സത്യന്‍ അന്തിക്കാട്.

‘സിനിമയിലൊക്കെ അത്യാവശ്യം ശ്രദ്ധിക്കപ്പെട്ട് തുടങ്ങിയപ്പോഴാണ് ഡ്രൈവിങ് പഠിക്കേണ്ടത് അത്യാവശ്യമാണെന്ന് ഞാനും ശ്രീനിയും മനസിലാക്കുന്നത്. പിന്നീട് ആരും അറിയാതെ ഡ്രൈവിങ് പഠിക്കാനുള്ള ശ്രമങ്ങള്‍ നോക്കി. മദ്രാസില്‍ മലയാളികളില്ലാത്ത ഡ്രൈവിങ് സ്‌കൂള്‍ തപ്പി ഞാനും ശ്രീനിയും നടന്നു. ഞങ്ങള്‍ സിനിമാക്കാരാണെന്ന് അറിയരുത് എന്ന നിര്‍ബന്ധമുണ്ടായിരുന്നു.

അങ്ങനെ ഒരു ഡ്രൈവിങ് സ്‌കൂള്‍ കണ്ടുപിടിച്ചു. അവിടത്തെ ആള്‍ക്ക് ഞാനും ശ്രീനിയും മദ്രാസില്‍ ജോലി തേടി വന്ന മലയാളികളായിരുന്നു. ഒരുദിവസം വണ്ടി ഓടിക്കാന്‍ നേരത്ത് ആറ് പേരെങ്ങാണ്ട് ഉണ്ടായിരുന്നു. ഓരോരുത്തരായി ഓടിച്ച് ഒടുവില്‍ ശ്രീനിയുടെ ഊഴമെത്തി. ശ്രീനി വണ്ടി ഓടിച്ച് ഒരു പോസ്റ്റില്‍ ഇടിക്കാന്‍ പോയി. ഇന്‍സ്ട്രക്ടര്‍ ബ്രേക്ക് പിടിച്ചതുകൊണ്ട് ഇടിച്ചില്ല.

പിന്നീട് അയാള്‍ ശ്രീനിയെ കണ്ണുപൊട്ടുന്ന ചീത്ത വിളിച്ചു. എല്ലാം കഴിഞ്ഞ് തിരിച്ചുവരുന്ന സമയത്ത് ആ കാര്യം ആരോടും പറയരുതെന്ന് ശ്രീനി ആവശ്യപ്പെട്ടു. പക്ഷേ, ഞാന്‍ അത് ലാലിനെയും വേറെ കുറച്ചാളുകളെയും വിളിച്ച് പറഞ്ഞു. ആ സംഭവം കുറച്ച് മാറ്റങ്ങള്‍ വരുത്തി ശ്രീനിവാസന്‍ തലയണമന്ത്രത്തില്‍ ഉപയോഗിച്ചു. ഇന്നും പലരും ആ സീനിനെപ്പറ്റി സംസാരിക്കുന്നുണ്ട്,’ സത്യന്‍ അന്തിക്കാട് പറയുന്നു.

Content Highlight: Sathyan Anthikkad about the origin of driving scene in Thalayanamanthram movie

We use cookies to give you the best possible experience. Learn more