മലയാളത്തിലെ മികച്ച സിനിമകളിൽ ഒന്നാണ് നാടോടിക്കാറ്റ്. ശ്രീനിവാസന്റെ രചനയിൽ സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത നാടോടിക്കാറ്റ് സാധാരണ മലയാളിയുടെ ജീവിതമാണ് വരച്ച് കാട്ടിയത്.
ദാസനും വിജയനുമായി മോഹൻലാലും ശ്രീനിവാസനും അഭിനയിച്ച ചിത്രത്തിൽ തിലകൻ, ശോഭന, ഇന്നസെന്റ് തുടങ്ങിയ മലയാളത്തിലെ മികച്ച അഭിനേതാക്കളും ഒന്നിച്ചിരുന്നു.
സിനിമയുടെ റിലീസിങ് ദിവസം തനിക്ക് വലിയ ടെൻഷനായിരുന്നുവെന്നും പിറ്റേന്ന് രാവിലെയാണ് സിനിമ കാണാൻ താൻ കേരളത്തിലേക്ക് വരുന്നതെന്നും അദ്ദേഹം പറയുന്നു. 17 ലക്ഷം ചെലവിലെടുത്ത നാടോടിക്കാറ്റ് അന്ന് സൂപ്പർഹിറ്റായി മാറിയെന്നും സിനിമയുടെ വിജയാഘോഷത്തിൽ മമ്മൂട്ടിയും പങ്കെടുത്തിരുന്നുവെന്നും സത്യൻ അന്തിക്കാട് കൂട്ടിച്ചേർത്തു.
‘എൻ്റെ ഉള്ളിൽ തീവാരിയിട്ട് ശ്രീനി അന്ന് നാട്ടിൽപോയി. പേടികാരണം റിലീസ് സമയം നാട്ടിൽ പോകാൻ തോന്നിയില്ല. സെഞ്ച്വറിയുടെ ഓഫീസിലാണ് താമസം. റിലീസ് ദിവസം മാറ്റിനി കഴിഞ്ഞു. നാട്ടിൽനിന്ന് സിനിമാവിശേഷങ്ങളൊന്നും വന്നില്ല. ടെൻഷൻ കാരണം ഒരിടത്തും ഇരിക്കാൻ കഴിഞ്ഞില്ല. ഫസ്റ്റ് ഷോ കഴിയാൻനേരം ഓഫീസിൽ നിന്നിറങ്ങി എങ്ങാട്ടെന്നില്ലാതെ ഒരു മണിക്കൂർനേരം നടന്നു.
തിരിച്ച് സെഞ്ച്വറിയുടെ ഓഫീസിൽ എത്തിയപ്പോൾ കൊച്ചുമോൻ എന്നെ കാത്തിരിക്കുന്നു. പ്രേക്ഷകർ പൊട്ടിച്ചിരിയോടെ ഏറ്റുവാങ്ങിയ നാടോടിക്കാറ്റ് സൂപ്പർഹിറ്റായ വാർത്ത അപ്പോഴാണ് ഞാൻ അറിഞ്ഞത്. പിറ്റേന്ന് രാവിലത്തെ വിമാനത്തിൽ ഞാൻ കൊച്ചിയിലെത്തി, എയർപോർട്ടിൽനിന്ന് നേരെ ഷേണായിസ് തിയേറ്ററിലേക്ക് കുതിച്ചു.
പവർകട്ട് കാരണം തിയേറ്ററിൽ ചുട്ടു പൊള്ളുന്ന ചൂടായിരുന്നു. കാണികൾ ആ ചൂട് വകവെക്കാതെ ഷർട്ട് ഊരിവീശി ചിത്രത്തിലെ തമാശകൾ കണ്ട് പൊട്ടിച്ചിരിച്ച് കൈയടിക്കുന്നത് കണ്ടു. അപ്പോഴാണ് നാടോടിക്കാറ്റ് കണ്ട് ഞാൻ ആദ്യമായി മനസറിഞ്ഞ് ചിരിച്ചത്.
17 ലക്ഷംകൊണ്ട് പൂർത്തിയാക്കിയ ചിത്രം നൂറ് ദിവസം നിറഞ്ഞ സദസ്സിൽ പ്രദർശിപ്പിച്ചു. മമ്മൂട്ടി ആ ചിത്രത്തിൽ അഭിനയിച്ചിരുന്നില്ല. എന്നിട്ടും ആ ചിത്രത്തിൻ്റെ നൂറാം ദിവസത്തിൻ്റെ മൊമന്റോ മമ്മൂട്ടി ഏറ്റു വാങ്ങി. കാരണം ആ ചിത്രത്തിന്റെ നിർമാതാക്കളിൽ ഒരാളായിരുന്നു മമ്മൂട്ടി. മോഹൻലാലും മമ്മൂട്ടിയും ഒന്നിച്ചുചേർന്ന വിജയാഘോഷം, അവിടെനിന്ന് കിട്ടിയ നല്ലവാക്കുകൾ, ഒരു തുടക്കക്കാരനെന്ന നിലയിൽ എനിക്ക് കിട്ടിയ ഏറ്റവും വലിയ അംഗീകാരങ്ങളായിരുന്നു,’സത്യൻ അന്തിക്കാട് പറയുന്നു.
Content Highlight: Sathyan Anthikkad About Success Meet Of Nadodikkatt