| Saturday, 4th June 2022, 12:43 pm

ശോഭനയെ വിളിച്ച് സാഷ്ടാംഗം നമസ്‌ക്കരിച്ചിട്ട് പറഞ്ഞു, ഒരു അബദ്ധം പറ്റിയിട്ടുണ്ട്; മീരാ ജാസ്മിന്റെ കയ്യും കാലും പിടിച്ചു; സിനിമാ അനുഭവങ്ങള്‍ പങ്കുവെച്ച് സത്യന്‍ അന്തിക്കാട്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സിനിമാ ഷൂട്ടിങ് തുടങ്ങിയ ശേഷം നായികമാരെ മാറ്റേണ്ടി വന്ന അനുഭവങ്ങള്‍ പറയുകയാണ് സംവിധായകന്‍ സത്യന്‍ അന്തിക്കാട്. അഭിനയിച്ച് പരിചയമൊന്നുമില്ലാത്ത ഏതൊരാളേയും അഭിനയിപ്പിച്ചെടുക്കാമെന്ന് തനിക്കൊരു അഹങ്കാരം ഉണ്ടായിരുന്നെന്നും എന്നാല്‍ ആ ധാരണ തെറ്റാണെന്ന് താന്‍ തിരിച്ചറിഞ്ഞ അവസരം പിന്നീട് ഉണ്ടായെന്നുമാണ് സത്യന്‍ അന്തിക്കാട് പറയുന്നത്.

മമ്മൂട്ടി-ശോഭന എന്നിവര്‍ പ്രധാനകഥാപാത്രമായി എത്തിയ ഗോളാന്തരവാര്‍ത്ത എന്ന സിനിമയിലും മീര ജാസ്മിന്‍ പ്രധാനകഥാപാത്രത്തെ അവരിപ്പിച്ച വിനോദയാത്ര എന്ന ചിത്രത്തിലേയും നായികമാരെ മാറ്റേണ്ടി വന്നതിനെ കുറിച്ചാണ് ക്ലബ്ബ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തില്‍ സത്യന്‍ അന്തിക്കാട് പറഞ്ഞത്.

‘വിനോദയാത്ര മറ്റൊരു നായികയെ വെച്ച് രണ്ട് ദിവസം ഷൂട്ട് ചെയ്ത സിനിമയാണ്. മദ്രാസില്‍ നിന്നുള്ള ഒരു തമിഴ് കുട്ടിയായിരുന്നു. നമുക്ക് ഉള്ളില്‍ ചില സമയത്ത് അഹങ്കാരം വരും. എന്താണെന്ന് പറയാം. നയന്‍താര, ഒരു അഭിനയിച്ചു പരിചയവുമില്ലാത്ത കുട്ടിയാണ്. അഞ്ചെട്ട് ദിവസം അഭിനയം കാണിക്കാനായി ലൊക്കേഷനില്‍ നിര്‍ത്തി ഇന്ന് തെന്നിന്ത്യയിലെ തന്നെ ലേഡി സൂപ്പര്‍സ്റ്റാറായി മാറിയ ആളാണ്.

അതുപോലെ സംയുക്ത വര്‍മ. ഒരു അഭിനയവും അറിയാതെ ഒരു സിനിമ കൊണ്ടു തന്നെ സ്റ്റേറ്റ് അവാര്‍ഡ് വാങ്ങിയ ആളാണ്. അതുപോലെ തന്നെ അസിന്‍.

പടത്തിന് പറ്റുന്ന ആളാണെങ്കില്‍ വിചാരിച്ചാല്‍ അഭിനയിപ്പിക്കാമെന്ന ഒരു അഹങ്കാരം എന്റെ ഉള്ളിലുണ്ടായിരുന്നു. അത് അഹങ്കാരമാണെന്ന് എന്നെ ബോധ്യപ്പെടുത്തി.

വിനോദയാത്രയിലേക്ക് ആ കുട്ടിയെ കൊണ്ട് വന്ന് ഏതൊക്കെ രീതിയില്‍ നോക്കിയിട്ടും നടന്നില്ല. പക്ഷേ ആ കുട്ടിക്ക് അതിന്റെ ഒരു ബുദ്ധിയില്ലായിരുന്നു. കാര്യം ആദ്യം ഞാന്‍ ചെയ്യുന്നത് പുതിയ ആളുകളെ ഷൂട്ടിങ് കാണാന്‍ നിര്‍ത്തും. അത് എന്തിനാണെന്നാല്‍ ഈ യൂണിറ്റിലെ ആളുകളുമായി അടുപ്പമുണ്ടാകാനാണ്.

മറ്റൊന്ന് മറ്റുള്ളവര്‍ അഭിനയിക്കുന്നത് കാണാന്‍. നയന്‍താരയായാലും സംയുക്തയായാലും എട്ട് പത്ത് ദിവസം ഷൂട്ട് കാണാന്‍ നിന്നിട്ടുണ്ട്. പിന്നെയാണ് അഭിയനിക്കുന്നത്. ഈ കുട്ടി രണ്ട് ദിവസം കഴിഞ്ഞപ്പോള്‍ പറഞ്ഞു സര്‍, എനിക്ക് ബോര്‍ അടിക്കുന്നു ഷൂട്ടിങ് തുടങ്ങാമെന്ന്.

അങ്ങനെ തുടങ്ങിയപ്പോള്‍ ഒരു രക്ഷയുമില്ല. ഒടുവില്‍ കയ്യും കാലും പിടിച്ച് മീരാ ജാസ്മിനെ കൊണ്ടുവന്നു. അവരാണെങ്കില്‍ നല്ല തിരക്കാണ്. കാപ്പത്ത്‌ങ്കെ ഒന്ന് വന്ന് രക്ഷപ്പെടുത്തണമെന്ന് പറഞ്ഞു.

അതുപോലെ ശോഭനയും എന്നെ രക്ഷപ്പെടുത്തിയിട്ടുണ്ട്. ഗോളാന്തര വാര്‍ത്ത എന്ന സിനിമയില്‍. നാല് ദിവസം ഒരു പെണ്‍കുട്ടിയെ വെച്ച് ഷൂട്ട് ചെയ്തു. വേറെ ഭാഷയില്‍ നിന്ന് വന്നതാണ്. എത്ര ചെയ്തിട്ടും ശരിയാകുന്നില്ല. ഡബ്ബ് ചെയ്യുമ്പോള്‍ ശരിയാകും പെര്‍ഫോമന്‍സ് നമുക്ക് ശരിയാക്കിയെടുക്കാമെന്ന് മമ്മൂക്ക പറഞ്ഞു. പക്ഷേ നടന്നില്ല.

പിന്നെയൊരു കാര്യം ഒരു കുട്ടിയെ കൊണ്ട് വന്ന് ഷൂട്ട് തുടങ്ങി പിന്നെ അവരെ മാറ്റുമ്പോള്‍ അവരുടെ ശാപം അതിനെ ബാധിച്ചാലോ എന്ന തെറ്റിദ്ധാരണ എനിക്ക് ഉണ്ടായിയിരുന്നു. പിന്നെ ഞാന്‍ ആലോചിച്ചു. ഞാന്‍ ആരോടാണ് സത്യസന്ധനാകേണ്ടത് സിനിമയോടോ ആ കുട്ടിയോടോ. സിനിമയ്ക്ക് വേണ്ടത് വേറെ ആളാണ്. അതിനാണ് പ്രധാന്യം കൊടുക്കേണ്ടത്. കുട്ടി ശപിച്ചോട്ടെ, സിനിമ ശപിക്കില്ലല്ലോ എന്ന് തോന്നി.

അപ്പോഴാണ് ശോഭനയെ വിളിക്കുന്നത്. സാഷ്ടാംഗം നമസ്‌ക്കരിച്ചിട്ട് ഞാന്‍ ശോഭനയോട് പറഞ്ഞു, അബദ്ധം പറ്റിയിട്ടുണ്ട്. പുതിയ കുട്ടിയാണ്. ശരിയാകുന്നില്ല. എന്നാല്‍ ശോഭന അവര്‍ക്ക് നിരവധി പ്രോഗ്രാം ഉണ്ടെന്നും വേറെ തമിഴ് പടം ഉണ്ടെന്നുമൊക്കെ പറഞ്ഞു. എന്ത് അഡ്ജസ്റ്റ്‌മെന്റും ചെയ്യാമെന്ന് പറഞ്ഞ് ശോഭനയെ കൊണ്ടുവന്നു. ആദ്യം തന്നെ ഒരു പാട്ട് സീനാണ് ഷൂട്ട് ചെയ്തത്. അപ്പോള്‍ എനിക്ക് മനസിലായി. ഇതാണ് നായിക, സത്യന്‍ അന്തിക്കാട് പറഞ്ഞു.

Content Highlight: Sathyan Anthikkad about Shobhana and Meera jasmine

We use cookies to give you the best possible experience. Learn more