| Monday, 30th December 2024, 11:37 am

ശ്രീനിയും ഞാനും തമ്മില്ലുള്ള പിണക്കം മാറിയപ്പോൾ ആ മോഹൻലാൽ ചിത്രത്തിന്റെ ക്ലൈമാക്സ് കിട്ടി: സത്യൻ അന്തിക്കാട്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളികൾക്ക് എന്നും ഓർത്തിരിക്കാവുന്ന സിനിമകൾ സമ്മാനിച്ച കൂട്ടുകെട്ടാണ് സത്യൻ അന്തിക്കാട് – ശ്രീനിവാസൻ എന്നിവരുടേത്. കുടുംബപ്രേക്ഷർക്കിടയിൽ മോഹൻലാലിന് വലിയ സ്വീകാര്യത നേടിക്കൊടുക്കാൻ ഇവരുടെ സിനിമകൾക്ക് കഴിഞ്ഞു. നാടോടിക്കാറ്റ്, സന്മനസുള്ളവർക്ക് സമാധാനം, വരവേല്പ് തുടങ്ങിയ മികച്ച സിനിമകൾ ഇരുവരും പ്രേക്ഷകർക്കായി സമ്മാനിച്ചിട്ടുണ്ട്.

ശ്രീനിവാസനുമായുള്ള തന്റെ അടുപ്പത്തെ കുറിച്ച് സംസാരിക്കുകയാണ് സത്യൻ അന്തിക്കാട്. പലവട്ടം തങ്ങൾ കലഹിച്ചിട്ടുണ്ടെന്നും എന്നാൽ അതൊന്നും ഒരു ദിവസത്തിനപ്പുറം നീണ്ടുനിൽക്കാറില്ലെന്നും സത്യൻ അന്തിക്കാട് പറയുന്നു. നാടോടിക്കാറ്റ് സിനിമയുടെ ഷൂട്ടിങ് തീരുമാനിച്ചിട്ടും അതിന്റെ ക്ലൈമാക്സ് റെഡിയായില്ലെന്നും ഒടുവിൽ ശ്രീനി പിണങ്ങിയെന്നും സത്യൻ പറഞ്ഞു. എന്നാൽ പിറ്റേന്ന് സംസാരിച്ചപ്പോൾ കഥ വീണ്ടും ഓണായെന്നും സത്യൻ അന്തിക്കാട് കൂട്ടിച്ചേർത്തു.

‘ഞങ്ങൾ കലഹിച്ചിട്ടുണ്ട്. തിരക്കഥാചർച്ചകൾക്കിടയിൽ മാത്രം. ഒരുദിവസത്തിനപ്പുറം ആ ദേഷ്യം നീണ്ടുനിന്നിട്ടില്ല. ‘നാടോടിക്കാറ്റ്’ ഷൂട്ടിങ് ഡേറ്റൊക്കെ തീരുമാനിച്ചു, ക്ലൈമാക്സ് രൂപപ്പെട്ടിട്ടില്ല. ഞാൻ നിർദേശിക്കുന്ന സന്ദർഭങ്ങൾ ശ്രീനിയും ശ്രീനി പറയുന്നത് എനിക്കും തൃപ്‌തിയാകുന്നില്ല. ദാസനും വിജയനും ഞങ്ങളുടെ മുൻപിൽ എങ്ങോട്ട് തിരിയണമെന്നറിയാതെ നട്ടംതിരിഞ്ഞുനിൽക്കുന്ന അവസ്ഥ.

ശ്രീനി പിണങ്ങി. ഞാൻ നാളെ നാട്ടിലേക്ക് തിരിച്ചുപോവുകയാണ്. എനിക്ക് ഇതിൽ കൂടുതൽ ചിന്തിക്കാൻപറ്റില്ല. തിരക്കഥ എഴുതുമെന്ന് പറഞ്ഞ് നിങ്ങളുടെ മുമ്പിൽ ഭിക്ഷാംദേഹിയായി ഞാൻ വന്നിട്ടില്ലല്ലോ, എന്നെ വിട്ടേക്ക്, കരിമ്പടമെടുത്ത് തലവഴി മൂടി ശ്രീനി കിടന്നു. ഏറ്റുമുട്ടലിന് നിൽക്കാതെ തിരിച്ച് ഞാനെൻ്റെ ഫ്ളാറ്റിൽ പോയി.

പിറ്റേന്ന് രാവിലെ മുറിയിൽ ചെല്ലുമ്പോഴും കടന്നൽ കുത്തിയ മുഖഭാവത്തോടെ കലിപ്പിലാണ് ശ്രീനി പതുക്കെപ്പതുക്കെ ഞാൻ സിനിമയുടെ നല്ലവശങ്ങളെപ്പറ്റി പറഞ്ഞു. ഞങ്ങളുണ്ടാക്കിയ രസകരമായ രംഗങ്ങളുടെ പുതുമയെക്കുറിച്ച് സംസാരിച്ചു. അറിയാതെ ശ്രീനിയും അതിലേക്ക് ചേർന്നു.

അന്നാണ് കോവൈ വെങ്കിടേശൻ എന്ന കഥാപാത്രം ജനിക്കുന്നത്. അവിടംമുതൽ കഥയ്ക്ക് വിണ്ടും ജീവൻവെച്ചു. എഴുതാൻ പോകുന്ന സീനുകളെക്കുറിച്ച് പറഞ്ഞ് ഞങ്ങൾ പൊട്ടിച്ചിരിച്ചു. മനസ്സിലെ കാർമേഘമെല്ലാം മാഞ്ഞുകഴിഞ്ഞിരുന്നു,’സത്യൻ അന്തിക്കാട് പറയുന്നു.

Content Highlight: Sathyan Anthikkad About Script Work Of Nadodikkatt With Sreenivasan

We use cookies to give you the best possible experience. Learn more